എന്റെ വിലയേറിയ ദൈവപൈതലേ , നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നമുക്ക് നൽകപ്പെട്ട വാഗ്‌ദത്തം യിരെമ്യാവ് 32:27-ൽ നിന്നാണ്, അത് ഇപ്രകാരം പറയുന്നു, “ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?" അതെ, കർത്താവ് നമ്മോട് സംസാരിക്കുന്നു! അവന് കഴിയാത്തതായി ഒന്നുമില്ലെന്ന് അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ദൈവത്തിന്റെ ശക്തവും അത്ഭുതപരവുമായ കരം അനുഭവിക്കാനുള്ള ഭാഗ്യം ആർക്കാണ്? അതിനുള്ള ഉത്തരം യിരെമ്യാവ് 17:7-8 നൽകുന്നു, "യഹോവയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ" എന്ന് അവിടെ പ്രസ്താവിക്കുന്നു. നിങ്ങൾ യേശുവിൽ പൂർണ്ണമായി ആശ്രയിക്കുമ്പോൾ, എന്ത് സംഭവിക്കും? വചനം പറയുന്നു, "അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും." ഇത് ഫലഭൂയിഷ്ഠവും പച്ചപ്പുള്ളതും അഭിവൃദ്ധി പ്രാപിക്കുന്നതും മനോഹരവുമായ ഒരു സ്ഥലമായി മാറുന്നു. അത്തരമൊരു ദേശം കാണുന്നത് വളരെ മനോഹരമാണ്, അല്ലേ? അതുപോലെ, നമ്മുടെ ജീവിതവും കർത്താവിനാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും.

അബ്രഹാം, ഇയ്യോബ്, ദാനിയേൽ തുടങ്ങി ശ്രദ്ധേയമായ രീതിയിൽ അനുഗ്രഹിക്കപ്പെട്ട മറ്റു പലരെയും കുറിച്ച് നാം വേദപുസ്തകത്തിൽ വായിക്കുന്നു. എന്തുകൊണ്ടാണ് അവർ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടത്? കാരണം അവർ കർത്താവിനെ ഉത്സാഹപൂർവ്വം അന്വേഷിച്ചു. ദാവീദിന്റെ ജീവിതം നോക്കൂ. അവൻ ഇപ്രകാരം പ്രഖ്യാപിക്കുന്നു, “യഹോവ എന്റെ ഇടയനാകുന്നു." രാവിലെയും വൈകുന്നേരവും, രാവും പകലും, അവൻ പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിച്ചു. ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചിരുന്നതിനാൽ, തക്കസമയത്ത് ഫലം കായ്ക്കുന്ന ഫലഭൂയിഷ്ഠമായ ഒരു വൃക്ഷം പോലെയായിരുന്നു അവന്റെ ജീവിതം. നിങ്ങൾ ദൈവത്തെ മുറുകെ പിടിക്കുമ്പോൾ നിങ്ങൾക്കും അനുഗ്രഹിക്കപ്പെടാൻ കഴിയും. സങ്കീർത്തനം 144:15 പറയുന്നു, “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.” സങ്കീർത്തനം 18:1,2,3 എന്നീ വാക്യങ്ങളിൽ ദാവീദ് ദൈവവുമായുള്ള തന്റെ അടുപ്പം പ്രകടിപ്പിക്കുന്നു, "യഹോവ എന്റെ ബലവും എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും ആകുന്നു. സ്തൂത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും."

ദാവീദ് എളിമയുള്ള ഒരു ഇടയൻ മാത്രമായിരുന്നു. എന്നാൽ അവൻ ഉത്സാഹത്തോടെ കർത്താവിനെ അന്വേഷിച്ചതിനാൽ, ദൈവം അവനെ ഒരു രാജാവാക്കി ഉയർത്തി. ഹല്ലേലൂയാ! ഇന്നും അതേ ദൈവം ഇവിടെയുണ്ട്. അവനിലേക്ക് നോക്കുക. അവനെ മുറുകെ പിടിക്കുക. പൂർണ്ണഹൃദയത്തോടെ അവനിൽ ആശ്രയിക്കുക, നിങ്ങളും അനുഗ്രഹിക്കപ്പെടും.

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, സകല ജഡത്തിന്റെയും ദൈവമായ യഹോവ അങ്ങാണെന്ന് അറിഞ്ഞുകൊണ്ട്, പൂർണ്ണവിശ്വാസമുള്ള ഹൃദയത്തോടെ ഞാൻ അങ്ങയുടെ അടുക്കൽ വരുന്നു. അങ്ങേയ്ക്ക് കഴിയാത്തതായി ഒന്നുമില്ല. ദാവീദിനെയും അബ്രഹാമിനെയും ഇയ്യോബിനെയും അനുഗ്രഹിച്ചതുപോലെ, അങ്ങ് എന്നെ വെള്ളത്തിനരികിൽ നട്ടിരിക്കുന്ന ഒരു വൃക്ഷം പോലെ ഫലഭൂയിഷ്ഠവും ശക്തവുമാക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ എന്റെ ജീവൻ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. എല്ലാ ദിവസവും അങ്ങയെ അന്വേഷിക്കാനും അങ്ങയുടെ വഴികളിൽ നടക്കാനും എല്ലാ കാലത്തും അങ്ങയോട് പറ്റിനിൽക്കാനും എന്നെ പഠിപ്പിക്കണമേ. എന്റെ പാറയും, എന്റെ കോട്ടയും, എന്റെ രക്ഷകനുമായിരിക്കേണമേ. അങ്ങയുടെ സമയക്രമത്തിലും, അങ്ങയുടെ ശക്തിയിലും, അങ്ങയുടെ വാഗ്‌ദത്തങ്ങളിലും ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ അനുഗ്രഹങ്ങളുടെ സൗന്ദര്യത്താൽ എന്റെ ജീവിതം പ്രകാശിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.