പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് നമുക്ക് സങ്കീർത്തനം 107:20-ൽ നിന്നുള്ള ഒരു അത്ഭുതകരമായ വാക്യം ഉണ്ട്: "അവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു." ആദിയിൽ ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോൾ, “വെളിച്ചം ഉണ്ടാകട്ടെ” എന്ന് അരുളിച്ചെയ്തു. മനുഷ്യരെയും മൃഗങ്ങളെയും ഈ ലോകത്തിലുള്ള എല്ലാ വസ്തുക്കളെയും അവൻ സൃഷ്ടിച്ചു. സകലതും സൃഷ്ടിക്കാൻ അവന്റെ വചനത്തിന് അത്രയേറെ ശക്തിയുണ്ട്.

യോഹന്നാൻ 1:1-ൽ വേദപുസ്തകം പറയുന്നു: " ആദിയിൽ വചനം ഉണ്ടായിരുന്നു." അതെ, ആ വചനം യേശുവാകുന്നു. നാം അവന്റെ  വചനത്തിൽ വിശ്വസിക്കുമ്പോൾ നമുക്ക് സൗഖ്യം ലഭിക്കും. യേശു കടന്നുപോകുമ്പോൾ, ഒരു ശതാധിപൻ അവന്റെ അടുക്കൽ വന്ന് : " കർത്താവേ, എന്റെ ബാല്യക്കാരൻ രോഗിയായി കിടക്കുന്നു. ദയവായി അവനെ സുഖപ്പെടുത്താമോ? " എന്ന് അപേക്ഷിച്ചു. യേശു പറഞ്ഞു: "ഞാൻ നിൻ്റെ വീട്ടിലേക്ക് വരാം." എന്നാൽ ശതാധിപൻ പറഞ്ഞു: " നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും." കർത്താവിന്റെ വചനത്തിന് വളരെയധികം ശക്തിയുണ്ട്. "ഈ നാഴികയിൽ തന്നേ നിന്റെ ബാല്യക്കാരന്നു സൌഖ്യം വരും" എന്ന് കർത്താവ് പറഞ്ഞപ്പോൾ, ആ നിമിഷം തന്നെ അവന്റെ ബാല്യക്കാരൻ സൌഖ്യം പ്രാപിച്ചു. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” ഒരു കൊടുങ്കാറ്റ് ഉണ്ടായപ്പോൾ, യേശു ഒരു വാക്ക് പറഞ്ഞു, "അനങ്ങാതിരിക്ക, അടങ്ങുക," ഉടൻതന്നെ ആ കൊടുങ്കാറ്റ് ശാന്തമായി.

ലാസർ മരിച്ചപ്പോൾ കർത്താവ് പറഞ്ഞു, "ലാസരേ, പുറത്തുവരിക", അപ്പോൾ മരിച്ചവൻ ജീവനോടെ വന്നു. 12 സംവത്സരമായി രക്തസ്രവമുള്ള ഒരു സ്ത്രീ യേശുവിന്റെ അടുക്കൽ വന്നപ്പോൾ, "മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" എന്ന് യേശു പറഞ്ഞു, ആ നിമിഷം തന്നെ അവൾ സുഖം പ്രാപിച്ചു. അവന്റെ വചനത്തിന് വളരെയധികം ശക്തിയുണ്ട്. ഇന്നും, നിങ്ങളെ സൗഖ്യമാക്കാനായി അവന്റെ വചനം നിങ്ങളുടെമേൽ വരും. ഓരോ സന്ദേശത്തിലും, ഞങ്ങൾ വചനം പങ്കുവെക്കുമ്പോൾ, ആ വാക്കുകൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു.

ഒരു സഹോദരൻ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, "നിങ്ങൾ പറയുന്ന ഓരോ വചനവും ഞാൻ എന്റെ ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ട്". ദൈവവചനത്തിലൂടെ കടന്നുപോകുമ്പോഴെല്ലാം കർത്താവ് എനിക്ക് പുതിയ ശക്തി നൽകുന്നു. ദൈവത്തിന്റെ വചനം നമുക്ക് ജീവൻ നൽകുന്നു. യോഹന്നാൻ 6:63-ൽ യേശു പറയുന്നു, " ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു." അതെ, ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.

ദൈവവചനം നിങ്ങളെ പാപത്തിന്റെ മരണത്തിൽ നിന്ന് ഉയിർപ്പിക്കട്ടെ. ദൈവവചനം നിങ്ങളുടെ രോഗത്തെ സുഖപ്പെടുത്തുകയും നിങ്ങളെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യട്ടെ. തന്റെ വചനത്തിലൂടെ ദൈവം ഇന്ന് നിങ്ങളെ ശക്തരാക്കട്ടെ.

PRAYER:
സ്നേഹവാനായ സ്വർഗീയപിതാവേ, അങ്ങയുടെ ജീവനുള്ള വചനം ഇന്നു അങ്ങയുടെ മക്കളുടെമേൽ വരട്ടെ. എല്ലാ രോഗങ്ങൾക്കും സൗഖ്യവും, എല്ലാ ബലഹീനതകൾക്കും ശക്തിയും, ക്ലേശിക്കുന്നവർക്ക് ജീവനും അങ്ങ് നൽകിയരുളണമേ. പാപത്തിൽ മരിച്ചവരെ അങ്ങയുടെ വചനത്താൽ ഉയിർത്തെഴുന്നേൽപ്പിക്കുകയും അവർക്ക് നഷ്ടപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കുകയും ചെയ്യണമേ. എല്ലാ വേദനകളും ബലഹീനതകളും നാഡീസംബന്ധമായ പ്രശ്നങ്ങളും രക്തക്കുറവും അർബുദവും അങ്ങയുടെ ശക്തിയാൽ സൗഖ്യമാകട്ടെ. അങ്ങയുടെ വചനത്തിലൂടെ അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും പുതിയ ജീവനും പ്രത്യാശയും ധൈര്യവും കൊണ്ട് അവരെ നിറയ്ക്കുകയും ചെയ്യണമേ. അങ്ങയുടെ വചനം അവരുടെ ജീവിതത്തിലേക്ക് അത്ഭുതങ്ങൾ കൊണ്ടുവരുകയും അങ്ങയുടെ മഹത്വം വെളിപ്പെടുത്തുകയും ചെയ്യട്ടെ. ഞങ്ങളെ സൗഖ്യമാക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വേണ്ടി അങ്ങയുടെ വചനം അയച്ചതിന് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.