പ്രിയ സുഹൃത്തേ, ഇന്നത്തെ മനോഹരമായ വാഗ്‌ദത്ത വാക്യം യെശയ്യാവ് 31:5-ൽ നിന്നുള്ളതാണ്: “പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും." എത്ര ആശ്വാസകരമായ ചിത്രമാണിത്! ദൈവം തന്റെ സ്നേഹത്തെയും സംരക്ഷണത്തെയും ഒരു തള്ളപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കുന്ന സ്നേഹത്തോട് താരതമ്യം ചെയ്യുന്നു. ഒരു തള്ള കഴുകൻ ചിറകുകൾ വിരിച്ച് കുഞ്ഞുങ്ങളെ മൂടി സംരക്ഷിക്കുന്നതുപോലെ, നമ്മുടെ കർത്താവും തന്റെ ദൈവീക സംരക്ഷണത്താൽ നമ്മെ മൂടുന്നു. അവൻ നമ്മെ അപകടത്തിലാക്കുന്നില്ല, മറിച്ച് എല്ലാ പ്രശ്നങ്ങളിൽ നിന്നും നമ്മെ ഉയർത്തുന്നു. ആവർത്തനം 14:2-ൽ വേദപുസ്തകം പറയുന്നത്, തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ്. ഇന്നും നാം തിരഞ്ഞെടുക്കപ്പെട്ടവരും സ്നേഹിക്കപ്പെടുന്നവരുമായ അവന്റെ മക്കളാണ്. നാം അവന്റെ ചിറകിൻ കീഴിൽ വസിക്കുമ്പോൾ യാതൊരു ദോഷവും നമ്മെ സ്പർശിക്കുകയില്ല.

സങ്കീർത്തനം 138:7-ൽ ദാവീദ് രാജാവ് ഇത് മനോഹരമായി പ്രകടിപ്പിച്ചു: “ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും." ദൈവത്തിന്റെ സംരക്ഷണം വ്യക്തിപരവും നിരന്തരവുമാണ്. ഒരു അമ്മ തന്റെ കരയുന്ന കുഞ്ഞിനരികേ ഓടിയെത്തുന്നതുപോലെ, നാം ദൈവത്തോട് നിലവിളിക്കുമ്പോൾ കർത്താവ് നമ്മുടെ അടുത്തേക്ക് ഓടിവരുന്നു. സങ്കീർത്തനം 50:15-ൽ അവൻ പറയുന്നു, "കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും." ഇതാണ് നമ്മുടെ യഥാർത്ഥ അടിയന്തര നമ്പർ — സങ്കീർത്തനം 50:15! നമുക്ക് ചുറ്റും വേദനയോ ഭയമോ ഉണ്ടാകുമ്പോൾ നമുക്ക് യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കാം. അവൻ ഉത്തരം നൽകുകയും ആശ്വസിപ്പിക്കുകയും നമ്മെ വിടുവിക്കുകയും ചെയ്യും. സമാധാനവും ശക്തിയും സുരക്ഷിതത്വവും കൊണ്ടുവരുന്ന അവന്റെ സാന്നിധ്യം ചുറ്റിപ്പറക്കുന്ന ചിറകുകൾ പോലെ നമുക്ക് ചുറ്റും ഉണ്ട്.

ദൈവത്തിന്റെ സംരക്ഷണസ്നേഹത്തിന്റെ ശക്തമായ ഒരു സാക്ഷ്യം ഞാൻ പങ്കുവയ്ക്കട്ടെ. ചെന്നൈയിലെ റെഡ് ഹിൽസിൽ നിന്നുള്ള സഹോദരി. സൌന്ദരി, ഗുരുതരമായ ക്യാൻസർ രോഗനിർണയം നടത്തിയ      അവളുടെ സഹോദരിയുടെ ഒരു വയസ്സുള്ള മകൾക്കായി പ്രാർത്ഥിച്ചു. കുഞ്ഞിന്റെ ശരീരം വ്രണങ്ങളാൽ മൂടിയിരുന്നു; അവളുടെ മുടി മുഴുവൻ കൊഴിഞ്ഞിരുന്നു, അവൾ സഹിക്കാനാവാത്ത വേദനയിലായിരുന്നു. ക്ഷീണിതയും ഹൃദയം തകർന്നതുമായ ആ അമ്മ പ്രതീക്ഷ നഷ്ടപ്പെടുന്ന ഘട്ടത്തിലെത്തി. എന്നാൽ സഹോദരി സൌന്ദരി അടയാർ പ്രാർത്ഥനാ ഗോപുരം സന്ദർശിച്ചപ്പോൾ, പ്രാർത്ഥനാ യോദ്ധാക്കൾ കണ്ണീരോടെ പ്രാർത്ഥിക്കുകയും കുഞ്ഞിന്റെ മേൽ പുരട്ടാൻ പ്രാർത്ഥനാ എണ്ണ നൽകുകയും ചെയ്തു. ആ എണ്ണ പുരട്ടുകയും, വിശ്വാസത്തോടെ പ്രാർത്ഥന തുടരുകയും ചെയ്തപ്പോൾ ഒരു മഹത്തായ  അത്ഭുതം സംഭവിച്ചു. കുഞ്ഞ് പൂർണ്ണമായും സുഖം പ്രാപിച്ചു! എല്ലാ വ്രണങ്ങളും അപ്രത്യക്ഷമാകുകയും കുഞ്ഞിന് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ഇന്ന് അവൾ സന്തോഷവതിയും ആരോഗ്യവതിയുമായ ഒരു പൈതലാണ്. വാസ്തവത്തിൽ, കർത്താവ് ഒരു തള്ളപ്പക്ഷിയെപ്പോലെ അവളുടെ മേൽ വട്ടമിട്ടു അവളെ പൂർണ്ണമായും സുഖപ്പെടുത്തി. പ്രിയ സുഹൃത്തേ, അതേ കർത്താവ് ഇന്ന് നിങ്ങളുടെ മേൽ ചുറ്റിപ്പറക്കുന്നു. നിങ്ങൾ നേരിടുന്ന ഏത് രോഗമോ പ്രശ്‌നമോ എന്തുതന്നെയായാലും, അവൻ നിങ്ങളെ സംരക്ഷിക്കുകയും സുഖപ്പെടുത്തുകയും വിടുവിക്കുകയും ചെയ്യും.

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, ചുറ്റിപ്പറക്കുന്ന പക്ഷികളെപ്പോലെ എന്നെ സംരക്ഷിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. കർത്താവേ, അങ്ങയുടെ സ്നേഹത്തിന്റെ ശക്തമായ ചിറകുകൾ കൊണ്ട് എന്നെ ചുറ്റിക്കൊള്ളണമേ. എന്നെയും ക്യാൻസർ, മറ്റ് വേദനാജനകമായ രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവരെയും സൗഖ്യമാക്കണമേ. എല്ലാ ട്യൂമറുകളും വ്രണങ്ങളും മുഴകളും യേശുവിന്റെ നാമത്തിൽ അപ്രത്യക്ഷമാകട്ടെ. കർത്താവേ, എന്റെ ശരീരത്തെ സ്പർശിക്കേണമേ, അങ്ങയുടെ രോഗശാന്തി ശക്തി എന്നിലൂടെ ഒഴുകട്ടെ. എല്ലാ വേദനകളും ബലഹീനതയും ഭയവും നീക്കേണമേ. അങ്ങയുടെ ആശ്വാസകരമായ സാന്നിധ്യം എന്നിലും, തകർന്നവരും ക്ഷീണിതരുമായ എല്ലാവരുടെമേലും നിലനില്ക്കട്ടെ. എല്ലാ പ്രശ്നങ്ങളിൽ നിന്നും എന്നെ വിടുവിക്കുകയും സുരക്ഷിതത്വത്തിലേക്ക് എന്നെ ഉയർത്തുകയും ചെയ്യേണമേ. എന്റെ ജീവിതത്തിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾക്ക് ഞാൻ അങ്ങയെ മഹത്വപ്പെടുത്തട്ടെ. കർത്താവേ, അങ്ങയുടെ ചിറകുകളുടെ കീഴിൽ എന്നെ മറയ്ക്കുകയും എന്നെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തതിന് അങ്ങേയ്ക്ക് നന്ദി. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.