എന്റെ വിലയേറിയ സുഹൃത്തേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, ആഗസ്റ്റ് 21 എന്റെ ജീവിതത്തിലെ ഒരു മഹത്തായ ദിവസമാണ്, കാരണം എനിക്ക് കർത്താവായ യേശുക്രിസ്തുവിന്റെ രക്ഷ ലഭിക്കുകയും അവനിൽ ഒരു പുതിയ വ്യക്തിയായി മാറുകയും ചെയ്തു. ആ ദിവസം മുതൽ ദൈവം എന്റെ ജീവിതത്തെ സമൃദ്ധമായി അനുഗ്രഹിച്ചു. ഇന്ന്, നമുക്ക് II കൊരിന്ത്യർ 5:5-ൽ നിന്നുള്ള ഒരു മനോഹരമായ വാഗ്‌ദത്തത്തെക്കുറിച്ച് ധ്യാനിക്കാം, “അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ." തന്റെ ആത്മാവിൻറെ ദാനത്താൽ നമ്മെ അനുഗ്രഹിക്കാൻ ദൈവം ആഗ്രഹിക്കുന്നു. II കൊരിന്ത്യർ 1:22 അതേ സത്യത്തെ ഉറപ്പിക്കുന്നു, എഫെസ്യർ 1:14 ഇപ്രകാരം പ്രഖ്യാപിക്കുന്നു, "തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു." എന്നാൽ ഈ അനുഗ്രഹം നമുക്ക് എങ്ങനെ ലഭിക്കും? വേദപുസ്തകം വ്യക്തമായി പറയുന്നു, “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും.” ലൂക്കൊസ് 11:13 ഈ വസ്തുത സ്ഥിരീകരിക്കുന്നു. അതുകൊണ്ട്, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാനും വീണ്ടും നിറയാനും നാം കർത്താവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണം. അപ്പൊ. പ്രവൃത്തികൾ 10:30 നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന് പോലും ഈ അഭിഷേകം ലഭിച്ചു, അതിനുശേഷം മാത്രമാണ് അവൻ ദൈവത്തിന്റെ ശക്തിയാൽ നിറഞ്ഞ തന്റെ ശുശ്രൂഷ ആരംഭിച്ചത്.
അതുപോലെ, ഇന്ന് കർത്താവ് പരിശുദ്ധാത്മാവിലൂടെ തന്റെ ശക്തിയാൽ നിങ്ങളെ അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നു. ഈ വിലയേറിയ അനുഗ്രഹം സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ? കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു മനുഷ്യനെക്കുറിച്ച് തിരുവെഴുത്തുകൾ നമ്മോട് പറയുന്നുണ്ട്. അവൻ ഒരു യഹൂദനായിരുന്നില്ല, പക്ഷേ പൂർണ്ണഹൃദയത്തോടെ ദൈവത്തിനായി ദാഹിച്ചു. എന്റെ സുഹൃത്തേ, അതാണ് ആത്മീയ വിജയത്തിന്റെ രഹസ്യം. കർത്താവിനെ അനുഗമിക്കാനും അവനെ അനുഭവിക്കാനും നാം ആഴമായ ആഗ്രഹം പുലർത്തുമ്പോൾ, അവൻ നമ്മുടെ ജീവിതത്തിൽ ഈ സ്വർഗ്ഗീയ കൂട്ടിമുട്ടൽ കൃപയോടെ നൽകുന്നു. കൊർന്നേല്യൊസ് അതിനായി ആഗ്രഹിച്ചു, ദൈവത്തോടുള്ള അവന്റെ ദാഹം നിമിത്തം, കർത്താവ് തന്റെ ദാസനായ പത്രൊസിനെ അവന്റെ ഭവനത്തിലേക്കു അയച്ചു.
പത്രൊസ് കൊർന്നേല്യോസിനോടും, കുടുംബത്തോടും, സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ, കർത്താവ് തന്റെ ആത്മാവിനെ, കൂടിവന്ന എല്ലാവരുടെയും മേലും പകർന്നു. അവരെല്ലാം ഒരുമിച്ച് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ഇന്നും അതേ വാഗ്‌ദത്തം സത്യമാണ്; യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും. ഒരു വ്യക്തി എന്ന നിലയിൽ മാത്രമല്ല, നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങൾക്കും ഈ മഹത്തായ അനുഭവത്താൽ നിറയാൻ കഴിയും. നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിൻറെ മഹത്വം വെളിപ്പെടുന്നത് നിങ്ങൾ കാണും.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, എന്റെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ ദാനത്തിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഇപ്പോൾ തന്നെ എന്റെ അവകാശത്തിന്റെ ഉറപ്പായ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കൊർന്നേല്യൊസിൻ്റെയും അവൻറെ കുടുംബത്തിൻ്റെയും മേൽ അങ്ങ് അങ്ങയുടെ ആത്മാവിനെ ചൊരിഞ്ഞതുപോലെ എൻ്റെയും എൻറെ കുടുംബത്തിൻ്റെയും മേൽ അങ്ങയുടെ ആത്മാവിനെ ചൊരിയേണമേ. അങ്ങേക്കായി ആഴത്തിലുള്ള വിശപ്പ് എന്നിൽ സൃഷ്ടിക്കേണമേ, വിശുദ്ധിയിൽ നടക്കാനും വിശ്വസ്തതയോടെ അങ്ങയെ സേവിക്കാനും അങ്ങയുടെ ശക്തി എന്നെ ശക്തിപ്പെടുത്തട്ടെ. ഞാൻ യാചിക്കുമ്പോൾ, അങ്ങ് ഉത്തരം നൽകുമെന്നും, എന്റെ ജീവിതത്തിൽ അങ്ങയുടെ മഹത്വം വെളിപ്പെടുന്നത് ഞാൻ കാണുമെന്നും ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.