എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ ജീവിതം തന്റെ ദൈവീകമായ ജീവൻ കൊണ്ട് നിറയ്ക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. ഇന്ന്, അവൻ തന്റെ ജീവജലം നിങ്ങളുടെ ആത്മാവിലേക്കും ശരീരത്തിലേക്കും നിങ്ങളുടെ കുടുംബത്തിലേക്കും ചൊരിയുകയാണ്. അവൻ ജീവനദിയാകുന്നു, നിങ്ങളുടെ ഉള്ളിലെ വരണ്ടതും ക്ഷീണിച്ചതുമായ എല്ലാ മേഖലകളെയും പുതുക്കി ഉന്മേഷം നൽകാൻ അവൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ, "എന്റെ ശക്തി നഷ്ടപ്പെട്ടിരിക്കുന്നു; ആത്മീയമായി ഞാൻ വരൾച്ചയും ക്ഷീണവും അനുഭവിക്കുന്നു" എന്ന് നിങ്ങൾ ഇന്ന് പറയുന്നുണ്ടാകാം. അങ്ങനെയാണെങ്കിൽ, ധൈര്യപ്പെടുക! ദൈവത്തിന്റെ ജീവൻ ഇപ്പോൾത്തന്നെ നിങ്ങളിലേക്കു ഒഴുകിവരുന്നു. നിങ്ങളെ ശക്തിപ്പെടുത്താനും പുതുക്കാനും നിങ്ങൾക്കായി അവൻ ഒരുക്കിയിരിക്കുന്ന സ്ഥാനത്തേക്ക് നിങ്ങളെ ഉയർത്താനും അവന്റെ കൃപ നിങ്ങളുടെമേൽ ചൊരിയപ്പെടുന്നു. യെശയ്യാവ് 27:3-ൽ കർത്താവ് ഈ അത്ഭുതകരമായ വാഗ്‌ദത്തം നൽകുന്നു: "യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും." എന്തൊരു ഉറപ്പ്! നിങ്ങളുടെ ആത്മാവ് തളരുമ്പോഴോ, നിങ്ങളുടെ ഹൃദയം ശൂന്യമാകുമ്പോഴോ, അല്ലെങ്കിൽ സാഹചര്യങ്ങൾ നിങ്ങളുടെ ശക്തിയെ ഇല്ലാതാക്കുന്നതായി തോന്നുമ്പോഴോ, കർത്താവ് തന്നെ നിങ്ങൾക്ക് ചൈതന്യം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. അവൻ നിരന്തരം തന്റെ ജീവൻ നിങ്ങളുടെമേൽ ചൊരിയുകയും രാവും പകലും ഓരോ നിമിഷവും വിശ്വസ്തതയോടെ നിങ്ങളെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
ഈ വാഗ്‌ദത്തം എന്നെ ഒരു ഗ്രാമത്തിലെ ഒരു കർഷകനെ ഓർമ്മിപ്പിക്കുന്നു. ഒരു സർക്കാർ സ്കൂളിൽ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച എന്റെ അമ്മാവൻ പലപ്പോഴും രാത്രി ഒമ്പത് മണിയോടെയാണ് വീട്ടിലെത്താറുണ്ടായിരുന്നത്. ഒരു സായാഹ്നത്തിൽ ഒരു കർഷകൻ തന്റെ വയലുകളിലേക്ക് നടന്നുപോകുന്നത് കണ്ട് അദ്ദേഹം ചോദിച്ചു, "ഇത്രയും വൈകി എന്തിനാണ് നീ വയലിലേക്ക് പോകുന്നത്?" കർഷകൻ മറുപടി പറഞ്ഞു, "എന്റെ ജോലി രാത്രിയിലാണ് ആരംഭിക്കുന്നത്, കാരണം അപ്പോഴാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. അപ്പോൾ മാത്രമേ എനിക്ക് മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കാനും കിണറ്റിൽ നിന്ന് വെള്ളം എടുക്കാനും കഴിയൂ. രാത്രി മുഴുവൻ ഞാൻ ജലസേചനത്തിനുള്ള എല്ലാ ചാലുകളും പരിശോധിക്കുകയും കളകളോ തടസ്സങ്ങളോ ഉണ്ടെങ്കിൽ നീക്കം ചെയ്യുകയും ഓരോ ചെടികൾക്കും ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഞാൻ എന്റെ സ്വന്തം മക്കളെപ്പോലെയാണ് ഈ വിളകളെയും പരിപാലിക്കുന്നത്. ഈ വയലുകൾക്ക് ജലസേചനം ലഭിക്കുന്നതിനാലാണ്, എന്റെ കുടുംബത്തിന് ഭക്ഷണം ലഭിക്കുന്നത്. കൂടാതെ മറ്റ് നിരവധി കുടുംബങ്ങളും വിളവെടുപ്പിലൂടെ അനുഗ്രഹിക്കപ്പെടുന്നു." വിശ്വസ്തമായ പരിചരണത്തിന്റെ എത്ര മനോഹരമായ ഒരു ചിത്രം! ഒരു ഭൌമിക കർഷകൻ തന്റെ വിളകൾക്കായി ഉറക്കമില്ലാതെ രാത്രികൾ ചെലവഴിക്കാൻ തയ്യാറാണെങ്കിൽ, നമ്മുടെ സ്വർഗീയ പിതാവ് തന്റെ മക്കളെ എത്രത്തോളം പരിപാലിക്കും? കർത്താവ് പറയുന്നു, "ഞാൻ മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല. ഞാൻ നിരന്തരം നിന്നെ കാത്തുകൊണ്ടിരിക്കുന്നു. നിന്നെ സംരക്ഷിക്കുകയും നിനക്കുള്ളതെല്ലാം പരിപാലിക്കുകയും ചെയ്യുന്നു. എന്റെ ജീവജലത്താൽ നിന്നെ എപ്പോഴും പുതുക്കുകയും രാവും പകലും സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു." ഇന്ന്, കർത്താവിന്റെ അചഞ്ചലമായ കരുതലിന് നന്ദി പറയുക, "കർത്താവേ, എന്നെ കാത്തുസൂക്ഷിച്ചതിന് അങ്ങേക്ക് നന്ദി. എന്റെ ജീവിതത്തെ നിരന്തരം പുതുക്കുന്നതിനും രാവും പകലും എന്നെ സംരക്ഷിക്കുന്നതിനും നന്ദി."
ജീവനദി നിങ്ങളുടെ ഉള്ളിൽ ഒഴുകുമ്പോൾ, രക്ഷയുടെ നദിയും നിങ്ങളുടെ ഹൃദയത്തിൽ നിറയുന്നു. പ്രലോഭനങ്ങളും പാപപരമായ ആഗ്രഹങ്ങളും പാപത്തിന്റെ ഫലങ്ങളും നമ്മെ ചുറ്റിപ്പറ്റിയിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എങ്കിലും, കർത്താവ് തന്റെ ശുദ്ധീകരണ നദിയെ നമ്മുടെ ജീവിതത്തിലേക്ക് നിരന്തരം ഒഴുക്കുന്നു. "നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും" എന്ന് യെശയ്യാവ് 12:3 പ്രഖ്യാപിക്കുന്നു. യെഹെസ്‌കേൽ 36:25 - ലും കർത്താവ് ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "ഞാൻ നിങ്ങളുടെമേൽ നിർമ്മലജലം തളിക്കും; നിങ്ങൾ നിർമ്മലരായി തീരും, ഞാൻ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കും." അവന്റെ ജീവജലം പാപത്തിന്റെ എല്ലാ കറകളും ശുദ്ധീകരിക്കുകയും കുറ്റബോധം നീക്കുകയും വിശുദ്ധിയെ പുനഃസ്ഥാപിക്കുകയും നമ്മുടെ ഹൃദയങ്ങളെ പുതുക്കുകയും ചെയ്യുന്നു. ഓരോ പാപപരമായ ശീലവും പാപപരമായ ആഗ്രഹവും കുറ്റബോധമുള്ള മനസ്സാക്ഷിയും എല്ലാ അടിമത്തവും കഴുകി കളയാൻ അവന്റെ ശുദ്ധീകരണ നദിയ്ക്ക് കഴിയും. യേശുക്രിസ്തുവിലൂടെ നാം പാപമോചനവും സ്വാതന്ത്ര്യവും ഒരു പുതിയ തുടക്കവും സ്വീകരിക്കുന്നു. ഒരുപക്ഷേ ഇന്ന് നിങ്ങൾ അനീതി അനുഭവിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തിരിക്കാം. കർത്താവ് നിങ്ങളെ മറന്നിട്ടില്ല. "ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ" എന്ന് ആമോസ് 5:24 പ്രഖ്യാപിക്കുന്നു. അവന്റെ നീതി നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ശക്തമായ നദി പോലെ ഒഴുകുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ലൂക്കൊസ് 18:7–8-ൽ യേശു തന്നെ ഇങ്ങനെ ഉറപ്പുനൽകുന്നു, രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും. അവന്റെ സമയം നമ്മുടെ ക്ഷമയെ പരീക്ഷിച്ചേക്കാം, പക്ഷേ തന്റെ മക്കളെ നീതീകരിക്കുന്നതിൽ അവൻ ഒരിക്കലും പരാജയപ്പെടുകയില്ല.
അവസാനമായി, യേശു മറ്റൊരു നദിയെക്കുറിച്ച്—പരിശുദ്ധാത്മാവ് എന്ന നദിയെക്കുറിച്ച്—സംസാരിച്ചു. "എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു ജീവജലത്തിന്റെ നദികൾ ഒഴുകും" എന്ന് യോഹന്നാൻ 7:37-39 പറയുന്നു. പരിശുദ്ധാത്മാവ് നിങ്ങളുടെ ജീവിതത്തിൽ നിറയുമ്പോൾ, അവന്റെ സാന്നിധ്യം നിങ്ങൾക്ക് ചുറ്റുമുള്ളവരിലേക്ക് ഒഴുകുന്നു. നിങ്ങളുടെ വാക്കുകൾ കോപത്തിനും നിരാശയ്ക്കും പകരം ജീവന്റെ വാക്കുകളായി മാറുന്നു. നിങ്ങളുടെ കുടുംബം ദൈവത്തിന്റെ സമാധാനം അനുഭവിക്കുന്നു. അനേകർക്ക് അനുഗ്രഹം പകരാൻ കർത്താവ് നിങ്ങളുടെ ജീവിതത്തിലൂടെ പ്രവർത്തിക്കുന്നു. നിങ്ങൾ അവന്റെ ജീവൻ നൽകുന്ന വചനം സംസാരിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു. യോഹന്നാൻ 4:14-ൽ യേശു ഈ മനോഹരമായ വാഗ്‌ദത്തം നൽകുന്നു: "ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും.” യേശുവിന് മാത്രമേ മനുഷ്യഹൃദയത്തിന്റെ അഗാധമായ ദാഹം ശമിപ്പിക്കാൻ കഴിയൂ. നിങ്ങൾ എല്ലാ ദിവസവും അവന്റെ ജീവജലത്തിൽ നിന്ന് കുടിക്കുമ്പോൾ, നിങ്ങൾക്ക് ഒരിക്കലും ദാഹം നേരിടേണ്ടിവരില്ല. പകരം, നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവർക്കും ജീവൻ, പ്രത്യാശ, ചൈതന്യം എന്നിവ നൽകുന്ന അനുഗ്രഹത്തിന്റെ ഒരു പാതയായി നിങ്ങൾ മാറും.
PRAYER:
പ്രിയ കർത്താവേ, ഒരിക്കലും വറ്റാത്ത ജീവ നദിയായതിന് അങ്ങേക്ക് നന്ദി. എന്റെ ആത്മാവിലേക്കും ശരീരത്തിലേക്കും കുടുംബത്തിലേക്കും അങ്ങയുടെ ജീവജലം നിരന്തരം പകരേണമേ. എന്റെ ജീവിതത്തിലെ ക്ഷീണിതമായ എല്ലാ മേഖലകളെയും പുതുക്കുകയും അങ്ങയുടെ കൃപയാൽ എന്നെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. സകല പാപങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിക്കുകയും കുറ്റബോധമുള്ള എല്ലാ ഭാരങ്ങളും നീക്കുകയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ എന്നെ നിറയ്ക്കുകയും ചെയ്യണമേ. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അങ്ങയുടെ നീതി നിലനിൽക്കട്ടെ, പ്രതിസന്ധിഘട്ടങ്ങളിലും അങ്ങിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ. എന്റെ കുടുംബത്തെയും ചുറ്റുമുള്ളവരെയും അനുഗ്രഹിക്കാനായി ജീവജലത്തിന്റെ നദികൾ എന്നിലൂടെ ഒഴുകട്ടെ. രാവും പകലും എന്നെ കാത്തുസൂക്ഷിക്കുകയും അങ്ങയുടെ പരിപൂർണ്ണഹിതപ്രകാരം എന്നെ നയിക്കുകയും ചെയ്യണമേ. എന്റെ ജീവിതം എപ്പോഴും അങ്ങയെ മഹത്വപ്പെടുത്തുന്നതായിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


