എന്റെ പ്രിയരേ! ഇതാണ് ഇന്നത്തെ വാഗ്‌ദത്തവും കർത്താവ് നിങ്ങൾക്ക് നൽകാൻ പോകുന്ന ഏറ്റവും വലിയ അനുഗ്രഹവും. യെശയ്യാവ് 60:1 ഇപ്രകാരം പറയുന്നു, "എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു." കർത്താവ് അരുളിച്ചെയ്യുമ്പോൾ അത് സംഭവിച്ചിരിക്കും. യേശുവിന്റെ നാമത്തിൽ ഞാൻ പ്രഖ്യാപിക്കുന്നു: എഴുന്നേറ്റ് പ്രകാശിക്കുക, കാരണം നിങ്ങളുടെ പ്രകാശം വന്നിരിക്കുന്നു! ഈ പ്രകാശം എവിടെ നിന്നാണ് വരുന്നത്? "ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു" എന്ന് യോഹന്നാൻ 8:12-ൽ യേശു പറയുന്നു. അവൻ ജീവന്റെ വെളിച്ചമാണ്, അവനിൽ ഇരുട്ട് ഇല്ല. അവനെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചം പ്രാപിക്കും. അവന്റെ പ്രകാശം ജീവൻ, സംരക്ഷണം, മാർഗനിർദേശം എന്നിവ നൽകുന്നു. നിങ്ങൾ യേശുവിനെ നിങ്ങളുടെ ഹൃദയത്തിലേക്ക് ക്ഷണിക്കുമ്പോൾ, മത്തായി 5:14 ൽ വാഗ്ദാനം ചെയ്തതുപോലെ നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകും. നിങ്ങൾ മലമേൽ ഇരിക്കുന്ന പട്ടണം പോലെ പ്രകാശിക്കും. ദൈവത്തിന്റെ പ്രകാശം നിങ്ങളുടെ ചുറ്റുമുള്ളവരിലേക്ക് എത്തുകയും ചെയ്യും. യേശു വന്നപ്പോൾ ആളുകൾ ഒരു വലിയ വെളിച്ചം കണ്ടതുപോലെ, നിങ്ങൾ അവനാൽ നിറയുമ്പോൾ നിങ്ങളുടെ ജീവിതം പ്രകാശിക്കും. യേശുവിന്റെ നാമത്തിൽ ഈ കൃപ പ്രാപിച്ചുകൊൾക.

ഒന്നാമതായി, ദൈവത്തിന്റെ വെളിച്ചം നിങ്ങളിലൂടെ സൽപ്രവൃത്തികൾ ഉളവാക്കും. മത്തായി 5:16 എപ്രകാരം പറയുന്നു, "അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ." രണ്ടാമതായി, നമുക്ക് 1 രാജാക്കന്മാർ 19:7 വായിക്കാം. ഏലിയാവ് അന്ധകാരവും നിരുത്സാഹവും അനുഭവിച്ചു. കർത്താവിന്റെ ശക്തിയാൽ അവൻ സ്വർഗ്ഗത്തിൽ നിന്ന് തീ ഇറക്കി, യഹോവ തന്നേ ദൈവമെന്ന് വെളിപ്പെടുത്തുകയും അവനെ ആരാധിക്കാനായി ജനങ്ങളെ നയിക്കുകയും ചെയ്തു.

ഇത് കേട്ടപ്പോൾ, ദുഷ്ടാത്മാവ് നിറഞ്ഞിരുന്ന ഈസേബെൽ രാജ്ഞി ഏലിയാവിനെ ഇങ്ങനെ ഭീഷണിപ്പെടുത്തി: "നാളെ ഞാൻ നിന്റെ തല വെട്ടും!" അവൻ യഹോവയെക്കുറിച്ച് സാക്ഷ്യം നൽകുകയും അവന്റെ നാമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ദൈവത്തെ അംഗീകരിക്കാൻ ആളുകളെ നയിക്കുകയും ചെയ്തതിനാൽ അവൾ ദേഷ്യപ്പെട്ടു. ഏലിയാവ് നിരാശനായി മരുഭൂമിയിലേക്ക് ഓടിപ്പോയി ഒളിച്ചിരുന്നു. അവൻ ഇപ്രകാരം നിലവിളിച്ചു, "ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ! " തന്റെ ദുരിതത്തിൽ, രാജ്ഞിയെയോ അധികാരത്തിലുള്ള മറ്റാരെയും തന്നെ കൊല്ലാൻ അനുവദിക്കുന്നതിനുപകരം തന്റെ ജീവൻ എടുക്കാൻ അവൻ കർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ കർത്താവ് ഒരു ദൂതനെ അയച്ചു. അവൻ പറഞ്ഞു, "എഴുന്നേറ്റു തിന്നുക; നിനക്കായി ഞാൻ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ."

കർത്താവ് ഏലിയാവിനെ ശക്തിപ്പെടുത്തുകയും മുന്നോട്ടുള്ള യാത്രയ്ക്കായി അവനെ ഒരുക്കുകയും ചെയ്തു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ദൈവിക മാർഗനിർദേശവും പ്രാവചനിക നിർദ്ദേശങ്ങളും അവൻ അവന് നൽകി. കർത്താവിന്റെ ശക്തിയിൽ ഏലിയാവ് തന്റെ യാത്ര തുടർന്നു, ദൈവം അവനെ രാജ്ഞിയിൽ നിന്ന് സംരക്ഷിച്ചു. അവൻ ദൈവത്തിന്റെ പർവ്വതമായ ഹോരേബിൽ എത്തിയപ്പോൾ കർത്താവ് അവനോട് സംസാരിച്ചു. 1 രാജാക്കന്മാർ 19:15-16 ൽ, ഹസായേലിനെ അരാമിന്നു രാജാവായും യേഹൂവിനെ യിസ്രായേലിന്നു രാജാവായും എലീശയെ അവനു പകരം പ്രവാചകനായും അഭിഷേകം ചെയ്യാൻ കർത്താവ് ഏലീയാവിനോട് നിർദ്ദേശിച്ചു. ഏലിയാവ് എലീശയെ അഭിഷേകം ചെയ്തു. പിന്നീട്, ദൈവം നൽകിയ നിർദ്ദേശങ്ങൾ നിറവേറ്റിക്കൊണ്ട് എലീശ ഹസായേലിനെയും യേഹുവിനെയും രാജാക്കന്മാരായി അഭിഷേകം ചെയ്തു. ഒടുവിൽ യേഹു രാജാവായിത്തീരുകയും രാജ്ഞിയായ ഈസബെലിന്റെ ജീവിതത്തിന് അന്ത്യം വരുത്തുകയും ചെയ്തു. കർത്താവിന്റെ നിഷ്കളങ്കരായ മക്കളെ പീഡിപ്പിക്കാനും നശിപ്പിക്കാനും അവൾ ദുഷ്ട നിയമങ്ങൾ നടപ്പാക്കിയിരുന്നു. അവളുടെ ഭരണം യേഹൂവിലൂടെ അവസാനിച്ചു, നായ്ക്കൾ അവളുടെ രക്തം നക്കി കർത്താവിന്റെ വചനം നിറവേറ്റി.

കർത്താവ് നമുക്ക് പ്രാവചനിക വാക്കുകൾ നൽകുകയും തന്റെ പ്രകാശം നമ്മുടെ ഉള്ളിൽ സ്ഥാപിക്കുകയും ചെയ്യുന്നു. അവന്റെ വചനം നമ്മിൽ വസിക്കുകയും നാം അത് രാജ്യത്തിന് മുന്നിൽ പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ, രാജാക്കന്മാരുടെ മുമ്പാകെ തന്റെ വചനം സംസാരിക്കാൻ അവൻ യുവാക്കളെ പ്രവാചകന്മാരായി എഴുന്നേൽപ്പിക്കുന്നു. അവന്റെ ശക്തിയാൽ ദുഷ്ടരായ ഭരണാധികാരികൾ വീഴുകയും അവരുടെ ദുഷ്ടപദ്ധതികൾക്ക് അന്ത്യമുണ്ടാകുകയും ചെയ്യും. നമ്മുടെ ജീവിതത്തിലേക്കും കുടുംബങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കും കർത്താവ് തന്റെ പ്രകാശം അയയ്ക്കുന്നു. നിങ്ങൾ കാര്യങ്ങൾ നിങ്ങളുടെ കൈകളിൽ എടുക്കുകയോ ആരെയും നശിപ്പിക്കുകയോ ചെയ്യേണ്ടതില്ല. ദൈവത്തിന്റെ ആത്മാവിനാൽ നിറയുകയും അവന്റെ നാമത്തിൽ പ്രവചിക്കുകയും ചെയ്യുക. കർത്താവ് തന്നെ തന്റെ പ്രവൃത്തികൾ പൂർത്തീകരിക്കും. കർത്താവ് നിങ്ങൾക്ക് ഈ അനുഗ്രഹം നൽകട്ടെ!

PRAYER:
പ്രിയ കർത്താവേ, എന്റെ ജീവിതത്തിലും എന്റെ കുടുംബത്തിലും എന്റെ ജോലിസ്ഥലത്തും ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ വെളിച്ചം പ്രകാശിക്കട്ടെ. എന്റെ ജീവിതത്തിൽ നിന്ന് എല്ലാ അന്ധകാരത്തെയും നിഷ്ഫലതയെയും നീക്കണമേ. ജീവന്റെ വെളിച്ചമായ യേശുക്രിസ്തുവിനെക്കൊണ്ട് എന്നെ നിറയ്ക്കുകയും അങ്ങയുടെ വെളിച്ചത്തിൽ നടക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. എന്റെ സൽപ്രവൃത്തികൾ മറ്റുള്ളവരുടെ മുൻപിൽ പ്രകാശിക്കുകയും അങ്ങയുടെ നാമത്തിന് മഹത്വം നൽകുകയും ചെയ്യട്ടെ. എനിക്ക് ഭയവും നിരുത്സാഹവും ഭീഷണികളും നേരിടുമ്പോൾ എന്നെ ശക്തിപ്പെടുത്തണമേ. അങ്ങയുടെ പരിശുദ്ധാത്മാവാൽ എന്നെ നിറയ്ക്കുകയും അങ്ങയുടെ പ്രാവചനിക വചനം എനിക്കു നൽകുകയും ചെയ്യണമേ. ഞാൻ ശോഭിക്കാനും അങ്ങയുടെ ഉദ്ദേശ്യം നിറവേറ്റുവാനും എന്നെ എഴുന്നേല്പിക്കണമേ. എന്റെ മക്കളും കുടുംബവും സഭയും അങ്ങയുടെ സാന്നിധ്യത്താൽ അനുഗ്രഹിക്കപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.