എന്റെ പ്രിയരേ, ഇന്നത്തെ വാഗ്ദത്ത വചനം ഇപ്രകാരം പറയുന്നു, "തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ" (വിലാപങ്ങൾ 3:25). കർത്താവിനായി കാത്തിരിക്കുന്നതിലൂടെ നിങ്ങൾക്ക് എന്ത് അനുഗ്രഹമാണ് ലഭിക്കുക? ഞാനും കാത്തിരിക്കുകയാകുന്നു. അവനുവേണ്ടി കാത്തിരിക്കുന്നതിലൂടെ നിങ്ങൾക്ക് എന്ത് ലഭിക്കുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. കർത്താവ് തീർച്ചയായും നിങ്ങളെ സഹായിക്കുമെന്നും നീതി കൊണ്ടുവരുമെന്നും ന്യായം പ്രവർത്തിക്കുമെന്നും വിശ്വസിച്ചുകൊണ്ട് നിങ്ങൾ കാത്തിരിക്കുകയാണോ? തീർച്ചയായും കർത്താവ് നിങ്ങൾക്ക് നന്മ ചെയ്യും. ലൂക്കൊസ് 18:7 ഇങ്ങനെ പറയുന്നു, "ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു." നിങ്ങൾ രാവും പകലും കർത്താവിനുവേണ്ടി നിലവിളിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നുണ്ടോ? നിങ്ങൾ ഇപ്രകാരം പറയുകയാണോ, "കർത്താവേ, നീതി പ്രവർത്തിക്കുകയും ശരിയായത് നടപ്പാക്കുകയും ചെയ്യണമേ. ഞാൻ അത് അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു; ഞാൻ തന്നെ കാര്യങ്ങൾ കയ്യിലെടുത്ത് പ്രവർത്തിക്കുകയില്ല”. തീർച്ചയായും അവൻ നിങ്ങൾക്ക് നീതിയും ന്യായവും വേഗത്തിൽ നൽകും.

കൂടാതെ, യഹോവയെ കാത്തിരിക്കുന്നവർ തങ്ങളുടെ ശക്തിയെ പുതുക്കുമെന്ന് യെശയ്യാവ് 40:31 പറയുന്നു. നിങ്ങൾ അവനായി കാത്തിരിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും പുതിയതാക്കാൻ അവന് കഴിയും. നിങ്ങളുടെ ജ്ഞാനം പുതുക്കപ്പെടും, നിങ്ങളുടെ ജോലി സ്ഥലത്ത് മാറ്റം ഉണ്ടാകും, നിങ്ങളുടെ ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെടും, നിങ്ങളുടെ ആരോഗ്യം പുതുക്കപ്പെടും. നിങ്ങളുടെ ശരീരത്തിലെ അവയവങ്ങൾക്കുപോലും പുനഃസ്ഥാപനം അനുഭവിക്കാനാകും. നിങ്ങൾക്ക് കഴുകന്മാരെപ്പോലുള്ള ചിറകുകൾ ഉപയോഗിച്ച് പറന്നുയരാം. ഉയരങ്ങളിലേക്ക് ഉയരാനും ഉന്നത സ്ഥാനങ്ങളിൽ എത്താനും വിടുതൽ അനുഭവിക്കാനും കർത്താവിന് നിങ്ങളെ സഹായിക്കാനാകും. നിങ്ങളെ തടഞ്ഞുനിർത്തുന്ന ഏത് ബന്ധനവും തകർക്കപ്പെടും. അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും. കർത്താവിനായി കാത്തിരിക്കുന്നതിലൂടെ ലഭിക്കുന്ന കൃപയാണിത്.

റോമർ 15:13-ൽ പറയുന്നതുപോലെ, “പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരാകട്ടെ." പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ നിങ്ങൾക്ക് പ്രത്യാശയും സന്തോഷവും സമാധാനവും കൊണ്ട് നിറയാൻ സാധിക്കും. നിങ്ങളുടെ കുടുംബത്തിലും ജോലിസ്ഥലത്തും സന്തോഷവും ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമാധാനവും ഉണ്ടാകട്ടെ. മേത്തരമായ കോതമ്പുകൊണ്ടു നിങ്ങളെ തൃപ്തിപ്പെടുത്തുന്ന കൃപ യേശുവിന്റെ നാമത്തിൽ നിങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ. കർത്താവിന് നിങ്ങളുടെ മക്കളിലും ദാമ്പത്യജീവിതത്തിലും ജോലിസ്ഥലത്തും, അനുസരണയും ഐക്യവും കൊണ്ടുവരാൻ കഴിയും. എല്ലാവിധ കലഹങ്ങളും നീക്കം ചെയ്യപ്പെടാനും, സകലതും കർത്താവിന്റെ ഹിതത്തിന് കീഴ്പ്പെടാനും ഇടയാകും. നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങളുടെ ഒരു മലതന്നെ സ്ഥാപിക്കാൻ കർത്താവിന് സാധിക്കും.

യിരെമ്യാവ് 29:11 ഇപ്രകാരം പറയുന്നു, "നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ." നിങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതികൾ സമാധാനവും പ്രത്യാശാനിർഭരമായ ഭാവിയും നൽകുന്നവയാണ്. നിങ്ങൾ അവനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ അവന്റെ നന്മയും അനുഗ്രഹങ്ങളും വർദ്ധിക്കട്ടെ. എല്ലാം ശാന്തമായിരിക്കട്ടെ; കർത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

PRAYER:
പ്രിയ കർത്താവേ, അങ്ങേക്കായി ക്ഷമയോടെ കാത്തിരിക്കാനും ഭക്തിയുള്ള ഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാനും എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിൽ തീർപ്പാകാതെ കിടക്കുന്ന എല്ലാ കാര്യങ്ങളിലും നീതിയും ന്യായവും നടപ്പാക്കണമേ. എന്റെ ശക്തി, ജ്ഞാനം, ആരോഗ്യം, ബന്ധങ്ങൾ, ജോലി, അതുപോലെ പുനഃസ്ഥാപനം ആവശ്യമുള്ള എല്ലാ മേഖലകളും നവീകരിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവ്, പ്രത്യാശയും സന്തോഷവും സമാധാനവും കൊണ്ട് എന്നെ നിറയ്ക്കട്ടെ. എല്ലാ ബന്ധനങ്ങളും തകർക്കുകയും എന്റെ കുടുംബത്തിൽ നിന്നും ജോലിസ്ഥലത്ത് നിന്നും കലഹത്തിന്റെ എല്ലാ ആത്മാക്കളെയും നീക്കം ചെയ്യുകയും ചെയ്യണമേ. എന്റെ മക്കളെ അനുഗ്രഹിക്കുകയും അങ്ങയുടെ വഴികളിൽ അവരെ നയിക്കുകയും ചെയ്യണമേ. എനിക്ക് ലഭിക്കേണ്ട എല്ലാ അനുഗ്രഹങ്ങളും കൃത്യസമയത്ത് വരികയും യേശു വിളിക്കുന്നു ശുശ്രൂഷയിലൂടെ എന്നെ പലർക്കും ഒരു അനുഗ്രഹമാക്കി മാറ്റുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.