എന്റെ വിലയേറിയ ദൈവമക്കളേ, ഇന്നത്തെ വാഗ്ദത്ത വചനം ഗലാത്യർ 3:26-ൽ നിന്നുള്ളതാണ്: "ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു." അതെ, ദൈവവചനം പറയുന്നതുപോലെ, നിങ്ങൾ വിശ്വാസത്താൽ ദൈവത്തിന്റെ മക്കളാകുന്നു. യേശുക്രിസ്തു നിങ്ങൾക്കുവേണ്ടി ക്രൂശിൽ മരിച്ചുവെന്ന് വിശ്വസിക്കുക. അവന്റെ കുരിശിലൂടെ നിങ്ങൾക്ക് വിജയം ലഭിച്ചിരിക്കുന്നു. 1 യോഹന്നാൻ 5:4 ഇപ്രകാരം പറയുന്നു, "ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ." അതിനാൽ, യേശുക്രിസ്തുവിന്റെ ക്രൂശിലെ സഹനത്തിലൂടെയും ത്യാഗത്തിലൂടെയും ദൈവം നിങ്ങൾക്ക് വിജയം നൽകിയെന്ന് വിശ്വസിക്കുക.

അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു; അവന്റെ വിശ്വാസം അവനു നീതിയായി കണക്കിട്ടു. സങ്കീർത്തനം 27:13 ഇങ്ങനെ പറയുന്നു "ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിക്കുന്നു." അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു, വിശ്വാസത്താൽ അവൻ നീതിമാനായിത്തീർന്നു. ദൈവത്തിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന അനുഗ്രഹമാണിത്. യെശയ്യാവ് 7:9 ഇങ്ങനെ പറയുന്നു, "നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല."  അതിനാൽ, കർത്താവിൽ വിശ്വസിക്കുകയും അവനിൽ ഉറച്ചുനിൽക്കുകയും ചെയ്യുക.

നോഹയുടെ ജീവിതം നോക്കൂ. അവൻ ദൈവത്തിൽ വിശ്വസിക്കുകയും കർത്താവ് തന്നോട് കൽപിച്ചതെല്ലാം അനുസരിക്കുകയും ചെയ്തു. അവന്റെ വിശ്വാസവും അനുസരണയും നിമിത്തം മഹാപ്രളയമെന്ന വലിയ ദുരന്തത്തിൽനിന്ന് അവനും അവന്റെ കുടുംബം മുഴുവനും രക്ഷപ്പെട്ടു. അതുപോലെ, നിങ്ങൾ അപ്പൊ. പ്രവൃത്തികൾ 9 വായിക്കുകയാണെങ്കിൽ, ശൌൽ എന്നു പേരുള്ള ഒരു മനുഷ്യനെക്കുറിച്ച് നാം വായിക്കുന്നു. അവൻ കർത്താവിനെ അനുഗമിച്ചിരുന്നില്ല; പകരം, അവൻ ദൈവജനത്തെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുകയായിരുന്നു. എന്നാൽ കർത്താവ് അവന്റെ ജീവിതത്തിൽ ഇടപെട്ട് അവനോട് നേരിട്ട് ഇപ്രകാരം ചോദിച്ചു, "ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു?" ശൌൽ കർത്താവിനെ കണ്ടുമുട്ടുകയും അവന്റെ ജീവിതം പൂർണ്ണമായും രൂപാന്തരപ്പെടുകയും ചെയ്തു. അവൻ ആശ്വാസത്തിന്റെയും കരുണയുടെയും പാത്രമായിത്തീരുകയും ദൈവത്തിന്റെ ശുശ്രൂഷ ചെയ്യാൻ തുടങ്ങുകയും ചെയ്തു.

അതെ, എന്റെ പ്രിയ സുഹൃത്തുക്കളേ, കർത്താവിന്റെ അടുക്കലേക്ക് വരിക. അവനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുക. ക്രൂശിലേക്ക് നോക്കുക. ഗലാത്യർ 2:20 വായിക്കുകയും കർത്താവ് നിങ്ങൾക്കുവേണ്ടി ക്രൂശിൽ തന്റെ ജീവൻ നൽകിയത് എങ്ങനെയെന്ന് കാണുകയും ചെയ്യുക. അവനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുക, അപ്പോൾ നിങ്ങളുടെ ജീവിതം അനുഗ്രഹീതമായ ഒരു ജീവിതമായി മാറും.

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, എനിക്കുവേണ്ടി അങ്ങയുടെ ജീവൻ കുരിശിൽ നൽകിയതിന് അങ്ങേക്ക് നന്ദി. അങ്ങിൽ വിശ്വസിക്കാനും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും എന്നെ സഹായിക്കണമേ. പിതാവേ, തെറ്റായ ജീവിതം നയിക്കുന്നവരോട് അങ്ങ് സംസാരിക്കുകയും അവരുടെ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്യണമേ. അവർ അങ്ങയെ തങ്ങളുടെ രക്ഷകനായി സ്വീകരിക്കട്ടെ. അവരുടെ സകല പാപങ്ങളും ക്ഷമിക്കണമേ. ക്രിസ്തുവിൽ ജീവിക്കാനും അങ്ങയുടെ വഴികളിൽ നടക്കാനും അവരെ സഹായിക്കണമേ. അങ്ങ് ശൗലിനെ രൂപാന്തരപ്പെടുത്തി കരുണയുടെ പാത്രമായി ഉപയോഗിച്ചതുപോലെ, ഈ സന്ദേശം കേൾക്കുന്ന ഓരോ ജീവിതത്തെയും രൂപാന്തരപ്പെടുത്തണമേ. അവരെ അനുഗ്രഹിക്കുകയും നയിക്കുകയും അങ്ങയുടെ മഹത്വത്തിനായി ഉപയോഗിക്കുകയും ചെയ്യണമേ. അങ്ങയുടെ നന്മയും വിജയവും അവരുടെ ജീവിതത്തിൽ വെളിപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.