ഹലോ സുഹൃത്തുക്കളേ, സംഖ്യാപുസ്തകം 6:26-ലെ ഇന്നത്തെ വാഗ്‌ദത്തം പങ്കിടാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. വേദപുസ്തകം ഇപ്രകാരം പറയുന്നു, "യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ." ഇന്ന് നിങ്ങൾ ഉറക്കമില്ലാത്ത രാത്രികൾ അനുഭവിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സമാധാനമില്ലേ? നിങ്ങളിൽ പലരും നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഘട്ടം പൂർത്തിയാക്കിയിരിക്കാം. ഒരുപക്ഷേ നിങ്ങൾ ബിരുദം നേടിയിരിക്കാം, എന്നാൽ അടുത്തതായി എന്തുചെയ്യണമെന്ന് നിങ്ങൾക്ക് അറിയുന്നുണ്ടാവില്ല. നിങ്ങൾ നിങ്ങളുടെ കോഴ്സ് പൂർത്തിയാക്കി ഒരു ജോലി അന്വേഷിക്കുന്നുണ്ടാകാം, പക്ഷേ ഒരിടത്തും ജോലി ലഭിക്കുന്നില്ലായിരിക്കാം. നിങ്ങളിൽ ചിലർ നിങ്ങളുടെ മക്കളെക്കുറിച്ച് ആശങ്കാകുലരാകുകയും രാവും പകലും അവരെക്കുറിച്ച് ചിന്തിക്കുകയും ചെയ്തേക്കാം. ഇവയെല്ലാം നിങ്ങളുടെ ഹൃദയത്തിലെ സമാധാനത്തെ ബാധിച്ചേക്കാം.

എന്നാൽ ഇന്ന്, അവൻ നിങ്ങൾക്ക് സമാധാനം നൽകുമെന്ന് കർത്താവ് പറയുന്നു. അവൻ തന്റെ തിരുമുഖം നിങ്ങളുടെ മേൽ ഉയർത്തുകയും അവന്റെ സമാധാനം നിങ്ങളുടെ ജീവിതത്തിൽ പ്രകാശിപ്പിക്കുകയും ചെയ്യും. എത്ര അത്ഭുതകരമായ ദൈവമാണ് നമുക്കുള്ളത്! നമ്മുടെ ജീവിതത്തിൽ അവന് പൂർണ്ണ നിയന്ത്രണമുണ്ടെന്ന് വിശ്വസിക്കുമ്പോൾ, നാം ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല. പലതവണ ഞാൻ ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്, "കർത്താവേ, ഭാവിയിൽ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത്? ഞാൻ എവിടെയാണ് ജോലി ചെയ്യാൻ പോകുന്നത്? ഞാൻ എങ്ങനെയാണ് എന്റെ മക്കളെയും ശുശ്രൂഷയെയും പരിപാലിക്കാനും എന്റെ മെഡിക്കൽ തൊഴിൽ തുടരാനും പോകുന്നത്? " പലതവണ എനിക്കും ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ട്.

ഒരുപക്ഷേ, "കർത്താവേ, എനിക്കൊരു വഴി കാണിച്ചുതരണമേ; എങ്ങോട്ട് പോകണമെന്ന് എനിക്കറിയില്ല" എന്ന് കരഞ്ഞുകൊണ്ട് നിങ്ങൾ അവനെ വിളിച്ചപേക്ഷിക്കുന്നുണ്ടാകാം. നിങ്ങളുടെ മനസ്സ് ആശയക്കുഴപ്പത്തിലായേക്കാം, എന്നാൽ ഇന്ന്, തന്റെ സമാധാനംകൊണ്ട് നിങ്ങളെ നിറയ്ക്കുമെന്ന് കർത്താവ് പറയുന്നു. കർത്താവ് നിങ്ങളെ പരിപാലിക്കുമെന്ന് അറിയുമ്പോൾ, നിങ്ങളുടെ ഹൃദയത്തിലെ സമാധാനത്തെ ഇളക്കാൻ യാതൊന്നിനും കഴിയില്ല. നിങ്ങളെ ഇത്രയും ദൂരം കൊണ്ടുവന്ന കർത്താവ് തന്നെ നിങ്ങളെ അവസാനം വരെ വഹിക്കും. അതിനാൽ, എന്റെ പ്രിയ സുഹൃത്തുക്കളേ, വിഷമിക്കുകയോ ഭയപ്പെടുകയോ ചെയ്യരുത്. കർത്താവ് നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുകയും തന്റെ സമാധാനം നിങ്ങൾക്ക് നൽകുകയും ചെയ്യും. ഇതുമൂലം, നിങ്ങളുടെ കുടുംബത്തിലും ഭവനത്തിലും നിങ്ങൾക്ക് സമാധാനം അനുഭവപ്പെടും. ഇന്ന് അവന്റെ സമാധാനം സ്വീകരിക്കുകയും നിങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്നത് കർത്താവാണെന്ന് വിശ്വസിക്കുകയും ചെയ്യുക.

PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ മക്കളെ കരുതുന്ന അത്ഭുതകരമായ ദൈവമായിരിക്കുന്നതിനായി അങ്ങേക്ക് നന്ദി. അവർ ചൊരിയുന്ന ഓരോ കണ്ണുനീരും അങ്ങ്  കാണുകയും അവരുടെ ഹൃദയത്തിലെ ഓരോ ആശയക്കുഴപ്പവും അറിയുകയും ചെയ്യുന്നു. ഉറക്കമില്ലാത്ത രാത്രികളിലൂടെ പലരും കരഞ്ഞുവെങ്കിലും അങ്ങ് അവരുടെ അരികിൽ തന്നെയുണ്ട്. ഇന്ന്, അങ്ങയുടെ പരിപൂർണ്ണമായ സമാധാനം കൊണ്ട് അവരെ നിറയ്ക്കണമേ. പിതാവേ, അങ്ങയുടെ തിരുമുഖം അവരുടെമേൽ പ്രകാശിപ്പിക്കുകയും ശരിയായ വഴിയിലേക്ക് അവരെ നയിക്കുകയും ചെയ്യണമേ. ഈ വീഡിയോ കാണുന്ന കൊച്ചുകുട്ടികളെ പോലും അനുഗ്രഹിക്കുകയും അവരുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യണമേ. കലഹങ്ങളും തെറ്റിദ്ധാരണകളും നേരിടുന്ന ഓരോ കുടുംബത്തിലേക്കും സമാധാനം കൊണ്ടുവരണമേ. അങ്ങയുടെ സമാധാനം അവരുടെ ഹൃദയങ്ങളെയും ഭവനങ്ങളെയും നിറയ്ക്കട്ടെ. പൂർണ്ണമായി അങ്ങിൽ ആശ്രയിക്കാനും അങ്ങയുടെ വഴികളിൽ നടക്കാനും അവരെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.