എന്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്കെല്ലാവർക്കും വന്ദനം പറയുന്നു. നിങ്ങൾക്കുള്ള ഇന്നത്തെ വാഗ്ദത്തം ലൂക്കൊസ് 10:19-ൽ നിന്നാണ്, അവിടെ കർത്താവ് ഇപ്രകാരം പറയുന്നു, “പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു." എത്ര ശക്തമായ ഒരു വാഗ്‌ദത്തമാണിത്! കർത്താവ് നിങ്ങൾക്ക് സംരക്ഷണം മാത്രമല്ല, എല്ലാ അന്ധകാരശക്തികളുടെയും മേൽ അധികാരവും നൽകിയിരിക്കുന്നു. എന്നാൽ നമുക്ക് എങ്ങനെ ഈ ദൈവീക അധികാരം സ്വീകരിക്കാനും അതിൽ നടക്കാനും കഴിയും? ഉത്തരം 2 ദിനവൃത്താന്തം 16:9-ൽ കാണാം, അത് ഇങ്ങനെ പറയുന്നു, “ യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു." അതെ, പ്രിയരേ, ദൈവം ആത്മാർത്ഥതയുള്ള ഹൃദയങ്ങളെയാണ് അന്വേഷിക്കുന്നത് - വിശ്വസ്തവും ആത്മാർത്ഥതയും തന്നോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുന്നതുമായ ഹൃദയങ്ങളെ തന്നെ. നാം സത്യത്തിലും വിശ്വസ്തതയിലും ദൈവത്തിന്റെ മുമ്പാകെ നടക്കുമ്പോൾ, അവന്റെ മഹത്തായ ശക്തി നമ്മിലൂടെ പ്രവർത്തിക്കാൻ തുടങ്ങുന്നു.
അതുകൊണ്ട് ദൈവത്തിന്റെ വചനത്തിലൂടെയും സാന്നിധ്യത്തിലൂടെയും നാം ദൈവത്തോട് അടുത്ത് നിൽക്കേണം. ദിനംതോറും വേദപുസ്തകം വായിക്കുന്നതും പ്രാർത്ഥനയിൽ സമയം ചെലവഴിക്കുന്നതും ശക്തവും വിശ്വസ്തവുമായ ഒരു ഹൃദയത്തെ വളർത്തുന്നു. ഈ രണ്ടു ശിക്ഷണങ്ങൾ ദൈവികശക്തിയിലേക്കുള്ള വാതിൽ തുറക്കുന്നു. എഫെസ്യർ 3:16-ൽ തിരുവെഴുത്ത് പറയുന്നതുപോലെ, "അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്" അവൻ നിങ്ങളെ അനുവദിക്കും. നമ്മുടെ ശക്തി ബാഹ്യമായി മാത്രമായിരിക്കരുത്; അത് നമ്മുടെ ഉള്ളിലേക്ക് — നമ്മുടെ മനസിലേയ്ക്കും, ഹൃദയത്തിലേയ്ക്കും, ആത്മാവിലേയ്ക്കും നിറയേണ്ടതാണ്. പരിശുദ്ധാത്മാവിന് മാത്രമേ നമ്മുടെ ഉള്ളിൽ ഈ പ്രവർത്തി ചെയ്യാൻ കഴിയൂ. നാം അവന്റെ ശക്തിയാൽ നിറഞ്ഞിരിക്കുമ്പോൾ, വെല്ലുവിളികൾ നമ്മെ വലയം ചെയ്താലും നാം അചഞ്ചലരായി നിലകൊള്ളുന്നു. ഒരിക്കൽ ഞാൻ എന്റെ ഭർത്താവിൽ നിന്ന് അകലെയായിരുന്നപ്പോൾ അദ്ദേഹത്തിന് പരിശുദ്ധാത്മാവിന്റെ ശക്തി ലഭിച്ചതെങ്ങനെയെന്ന് ഞാൻ ഓർക്കുന്നു. തന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തിയ സന്തോഷവും ശക്തിയും അദ്ദേഹം പങ്കിടുകയും അതേ ദിവ്യശക്തി അനുഭവിക്കാൻ എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള ആഗ്രഹം സൃഷ്ടിക്കുകയും ചെയ്തു.
അതിനാൽ എല്ലാ രാത്രിയും ഉറങ്ങുന്നതിനുമുമ്പ് ഞാൻ മുട്ടുകുത്തി കർത്താവിനെ ആത്മാർത്ഥമായി അന്വേഷിച്ചു പ്രാർത്ഥിക്കാൻ തുടങ്ങി. "കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ” എന്ന് കണ്ണീരോടും വിശ്വാസത്തോടും കൂടി ഞാൻ പ്രാർത്ഥിച്ചു. ഒരു ദിവസം, ഞാൻ പ്രാർത്ഥിക്കുമ്പോൾ, സ്വർഗ്ഗം എന്റെ മേൽ തുറന്നു, പരിശുദ്ധാത്മാവിന്റെ ശക്തി എന്റെ മേൽ വന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ ഞാൻ ആനന്ദിക്കാനും ദൈവത്തെ സ്തുതിക്കാനും തുടങ്ങി. ഭൂമിയിലെ സ്വർഗ്ഗത്തിന്റെ സ്പർശം പോലെ അതൊരു മഹത്തായ അനുഭവമായിരുന്നു! എന്റെ പ്രിയ സുഹൃത്തേ, കർത്താവായ യേശു തന്നെ ലൂക്കൊസ് 11:13-ൽ പറഞ്ഞു, “സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും." അതെ, നിങ്ങൾ യാചിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ, നിങ്ങൾ കണ്ടെത്തും. ഇന്ന് എന്നെ തന്റെ ആത്മാവിനാൽ നിറച്ച അതേ കർത്താവ്, നിങ്ങൾ വിശ്വാസത്തോടും താഴ്മയോടും കൂടി അവന്റെ മുമ്പിൽ വന്നാൽ നിങ്ങളെയും നിറയ്ക്കും. ശത്രുവിന്റെ എല്ലാ ശക്തികളെയും മറികടന്ന് വിജയകരമായ ജീവിതം നയിക്കാൻ നിങ്ങളെ ശക്തിപ്പെടുത്തുവാൻ അവൻ ആഗ്രഹിക്കുന്നു.
PRAYER:
പിതാവേ, ഈ അത്ഭുതകരമായ വാഗ്‌ദത്തത്തിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. കർത്താവേ, ഞാൻ അങ്ങയുടെ കാൽക്കൽ മുട്ടുകുത്തി അങ്ങയുടെ മുമ്പിൽ വരുന്നു. അങ്ങയുടെ കരുണയുള്ള കണ്ണുകൾ എന്നെ കാണട്ടെ. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ എന്നെ നിറയ്‌ക്കേണമേ. ദൈവീക ശക്തിയോടെ എന്റെ ആത്മാവിനെ ബലപ്പെടുത്തേണമേ. കർത്താവേ, യേശുവിന്റെ നാമത്തിൽ എല്ലാ ബലഹീനതയും ഭയവും ഭാരവും നീങ്ങിപോകട്ടെ. രക്ഷയുടെ സന്തോഷം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ ആത്മാവ് എന്റെ വീടിനെയും, ഹൃദയത്തെയും, കുടുംബത്തെയും നിറയ്ക്കട്ടെ. ഞാൻ അങ്ങയെ വിശ്വസ്തതയോടെ സേവിക്കുന്നതിനായി പരിശുദ്ധാത്മാവിന്റെ ഒൻപത് വരങ്ങളും എനിക്ക് നൽകേണമേ. എനിക്ക് ചുറ്റുമുള്ള നിരവധി ആളുകൾക്ക് എന്നെ ഒരു അനുഗ്രഹമാക്കേണമേ, എന്റെ ജീവിതം എല്ലായ്പ്പോഴും അങ്ങയെ മഹത്വപ്പെടുത്തട്ടെ. ഞാൻ അങ്ങേക്ക് എല്ലാ മഹത്വവും ബഹുമാനവും സ്തുതിയും നൽകുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


