എന്റെ പ്രിയ സുഹൃത്തുക്കളെ, ദൈവം നിങ്ങളുടെ ജീവിതത്തിൽ പുതിയൊരു കാര്യം ചെയ്യാൻ പോകുന്നതിനാൽ ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. ഇന്നത്തെ നമ്മുടെ വാഗ്‌ദത്തം ആവർത്തനം 31:8 ൽ നിന്നുള്ളതാണ്: "യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും." എത്ര ആശ്വാസകരമായ ഉറപ്പ്! നിങ്ങൾ പോകുന്നിടത്തെല്ലാം, നിങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്തുതന്നെയായാലും, കർത്താവ് ഇതിനകം തന്നെ നിങ്ങൾക്ക് മുൻപേ പോയിക്കഴിഞ്ഞിരിക്കുന്നു. അവൻ നിങ്ങളുടെ വഴിയെ ഒരുക്കുകയും തടസ്സങ്ങൾ നീക്കുകയും ഓരോ ചുവടുവയ്പിലും നിങ്ങളുടെ അരികിൽ നിൽക്കുകയും ചെയ്യുന്നു.
എന്റെ മകൾ കേറ്റി ചെറുപ്പമായിരുന്നപ്പോൾ ഞങ്ങൾ കുടുംബമായി ഒരു തീം പാർക്ക് സന്ദർശിച്ചു. ചുറ്റുമുള്ള കാഴ്ചകളിൽ ആകൃഷ്ടയായ അവൾ, റൈഡുകളും മറ്റ് ആകർഷണീയമായ കാഴ്ചകളും ആസ്വദിച്ചുകൊണ്ട് ആവേശത്തോടെ മുന്നോട്ട് നടന്നു. അവൾ കാണുന്ന കാഴ്ചകളിൽ പൂർണ്ണമായി മുഴുകിപ്പോയിരുന്നതിനാൽ, ഒരു നിമിഷം ഞങ്ങൾ അവളെ പിന്തുടരാതെ നിന്നത് അവൾ ശ്രദ്ധിച്ചില്ല. അവൾ നടന്നുകൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് തിരിഞ്ഞുനോക്കി. അപ്പോൾ തന്റെ അച്ഛനെയും അമ്മയെയും അവിടെയെങ്ങും കാണാനില്ലെന്ന് അവൾക്ക് മനസ്സിലായി. അവൾ പരിഭ്രാന്തയായി ചുറ്റും നോക്കി. കുറച്ച് നിമിഷങ്ങൾ അവളെ നിരീക്ഷിച്ച ശേഷം, ഞങ്ങൾ നിൽക്കുന്നിടത്ത് നിന്ന് പുറത്തുവന്ന്, "ഞങ്ങൾ ഇവിടെയുണ്ട്. വിഷമിക്കേണ്ട " എന്ന് പറഞ്ഞു. ഉടൻ തന്നെ അവൾ ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി, ആശ്വാസത്തോടെ ഞങ്ങളെ ആലിംഗനം ചെയ്തു. ആ അനുഭവം ദൈവത്തോടൊപ്പമുള്ള നമ്മുടെ നടത്തത്തെ ഓർമ്മിപ്പിക്കുന്നു.
പലപ്പോഴും, ജീവിതത്തിന്റെ പ്രവർത്തനങ്ങളിൽ നാം വളരെ തിരക്കിലായതിനാൽ കർത്താവിനെ അന്വേഷിക്കാതെ മുന്നോട്ട് പോകുന്നു. അവന്റെ മാർഗനിർദേശം ആവശ്യപ്പെടാതെ നാം പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. നാം പ്രാർത്ഥിക്കുകയോ അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുകയോ ചെയ്യാതെ നമ്മുടെ ദിവസങ്ങളെ തിരക്കിട്ട് കടന്നുപോകുന്നു. ചിലപ്പോഴൊക്കെ, നമ്മുടെ സ്വന്തം ശക്തിയെ ആശ്രയിക്കുന്നതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ ദൈവം നമ്മെ അനുവദിക്കുന്നു, അങ്ങനെ നമുക്ക് അവനെ എത്രമാത്രം ആവശ്യമാണെന്ന് തിരിച്ചറിയാൻ കഴിയും. സ്നേഹമുള്ള മാതാപിതാവിന്റെ സുരക്ഷിതത്വത്തിലേക്ക് ഒരു കുഞ്ഞ് ഓടിയെത്തുന്നതുപോലെ, പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നാം വേഗത്തിൽ അവന്റെ അടുത്തേക്ക് ഓടിയെത്തുന്നു. അതുകൊണ്ടാണ് നിരന്തരം കർത്താവിനെ അന്വേഷിക്കേണ്ടത് വളരെ പ്രധാനമായിരിക്കുന്നത്.
ദാനീയേൽ പ്രവാചകൻ ദിവസത്തിൽ മൂന്നു പ്രാവശ്യം വിശ്വസ്തതയോടെ പ്രാർത്ഥിച്ചു. ദൈവവുമായുള്ള സ്ഥിരമായ കൂട്ടായ്മ അവന് എല്ലാ സാഹചര്യങ്ങളിലും ശക്തിയും ജ്ഞാനവും ധൈര്യവും നൽകി. അതുപോലെ, നാമും ഓരോ ദിവസവും ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഏറ്റുപറഞ്ഞുകൊണ്ടും, നമ്മെ വഴിനടത്തണമേ എന്ന് അവനോട് അപേക്ഷിച്ചുകൊണ്ടും ആരംഭിക്കണം. ദിവസം മുഴുവൻ, ഓരോ തീരുമാനത്തിലും നാം അവന്റെ ജ്ഞാനം തേടുകയും എല്ലാ സാഹചര്യങ്ങളിലേക്കും അവന്റെ സാന്നിധ്യം ക്ഷണിക്കുകയും വേണം. ദിവസാവസാനത്തിൽ, അവന്റെ വിശ്വസ്തതയ്ക്കും അവൻ നമ്മെ പരിചരിച്ച നിരവധി വഴികൾക്കും നമുക്ക് അവനോട് നന്ദി പറയാം. ദൈവത്തെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റുമ്പോൾ, അവനോടൊപ്പം നിരന്തരം നടക്കുന്നതിന്റെ സന്തോഷം നാം അനുഭവിക്കുന്നു.
ഇന്ന്, കർത്താവ് നിങ്ങൾക്ക് മുൻപേ പോകുമെന്ന് വാഗ്ദാനം ചെയ്യുന്നു. അവൻ ശരിയായ വാതിലുകൾ തുറക്കുകയും ഓരോ ചുവടും നയിക്കുകയും തന്റെ പരിപൂർണ്ണ പദ്ധതിയിലേക്ക് നിങ്ങളെ വഴിനടത്തുകയും ചെയ്യും. നിങ്ങൾ ഒറ്റയ്ക്കല്ല. അവന്റെ സാന്നിധ്യം നിങ്ങളെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും നിങ്ങൾക്ക് വിജയം നൽകുകയും ചെയ്യും. അതിനാൽ, പൂർണ്ണഹൃദയത്തോടെ അവനിൽ വിശ്വസിക്കുക. അവൻ നിങ്ങളുടെ വഴിയെ നയിക്കുവാൻ അനുവദിക്കുക. അപ്പോൾ നിങ്ങൾക്ക് അവന്റെ സമാധാനവും സമൃദ്ധമായ അനുഗ്രഹങ്ങളും അനുഭവിക്കാൻ കഴിയും.
PRAYER:
പ്രിയ കർത്താവേ, ഞാൻ എവിടെ പോയാലും എനിക്കു മുമ്പായി പോയി എന്നോടുകൂടെ ഉണ്ടായിരിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിനായി അങ്ങേക്ക് നന്ദി പറയുന്നു. ഓരോ ഘട്ടത്തിലും എന്നെ നയിക്കുകയും എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് അങ്ങയുടെ ഇഷ്ടം തേടാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. അങ്ങയുടെ പരിപൂർണ്ണമായ പദ്ധതിയനുസരിച്ച് ശരിയായ വാതിലുകൾ തുറന്നുതരികയും, എന്റെ പാതയിൽ നിന്ന് എല്ലാ തടസ്സങ്ങളും നീക്കുകയും, എന്റെ കൈകളുടെ പ്രവൃത്തിയെ സ്ഥിരപ്പെടുത്തുകയും ചെയ്യേണമേ. ഓരോ ദിവസവും ഞാൻ കടന്നുപോകുമ്പോൾ അങ്ങയുടെ ജ്ഞാനവും ധൈര്യവും സമാധാനവും കൊണ്ട് എന്നെ നിറയ്‌ക്കേണമേ. എന്നെ അങ്ങയോട് ചേർത്തുനിർത്തുകയും എന്റെ വിശ്വാസം ബലപ്പെടുത്തുകയും ചെയ്യണമേ. എല്ലാ സാഹചര്യങ്ങളിലും അങ്ങയെ പൂർണ്ണമായും വിശ്വസിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ സാന്നിധ്യം എന്നെ എപ്പോഴും വലയം ചെയ്യുകയും അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന അനുഗ്രഹങ്ങളിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


