പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം യെശയ്യാവ് 43:19 ൽ നിന്നുള്ളതാണ്. കർത്താവ് ഇപ്രകാരം പറയുന്നു, “ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു .... ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും." മനുഷ്യന് അസാധ്യമെന്ന് തോന്നുന്നത് ദൈവത്തിന് സാധ്യമാണ്. യിസ്രായേല്യർ ദിശയറിയാതെ മരുഭൂമിയിൽ അലഞ്ഞുനടന്നു, എന്നിട്ടും അവർ അവന് പ്രിയപ്പെട്ടവരായതിനാൽ ദൈവം ഓരോ ചുവടുവയ്പിലും അവരെ നയിച്ചു. സ്വർഗ്ഗത്തിൽ നിന്ന് മന്നയും പാറയിൽ നിന്ന് വെള്ളവും നൽകി, ഒരു വഴിയുമില്ലാത്തിടത്ത് അവൻ  വഴിയൊരുക്കി. അതുപോലെ, ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്ന് അറിയാത്തപ്പോൾ, ആളുകൾ അവരുടെ ശബ്ദങ്ങളാൽ നമ്മെ ആശയക്കുഴപ്പത്തിലാക്കുകയും ശത്രു നമ്മെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുമ്പോൾ, കർത്താവ് നമ്മുടെ വഴിയൊരുക്കുന്നവനും അത്ഭുത പ്രവർത്തകനും വാഗ്‌ദത്ത സൂക്ഷിപ്പുകാരനും ഇരുട്ടിൽ വെളിച്ചവുമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. നമ്മെ ശരിയായ പാതയിലേക്ക് നയിക്കാനും നമ്മെ സംബന്ധിച്ചുള്ളതെല്ലാം പൂർണതയിലെത്തിക്കാനും അവനു മാത്രമേ കഴിയൂ.

ജീവിതത്തിലെ ചില സമയങ്ങളിൽ, മനുഷ്യന്റെ ശ്രമം പരാജയപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് നാം എത്തുന്നു, അപ്പോൾ നാം എല്ലാം ദൈവത്തിന്റെ കൈകളിൽ സമർപ്പിക്കേണ്ടിവരും. അത്തരം നിമിഷങ്ങളിൽ ഞാൻ എത്തിയപ്പോൾ, ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും പൂർത്തിയാക്കാൻ അങ്ങേക്ക് മാത്രമേ കഴിയൂ." കർത്താവ് എപ്പോഴും തന്റെ വാഗ്‌ദത്തങ്ങളാൽ എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. വേദപുസ്തകം ഇപ്രകാരം പറയുന്നു, "ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും" (യാക്കോബ് 4:7). നിങ്ങൾക്കെതിരെ ഉയരുന്ന ശത്രു ചിതറിപ്പോകും, ദൈവം തന്നെ നിങ്ങളെ മുന്നോട്ട് നയിക്കും. അതിനാൽ, "എന്റെ ശക്തിയാൽ ഞാൻ ഇത് പരിഹരിക്കും" എന്ന് പറയരുത്. പകരം, അത് ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുക; അപ്പോൾ അവൻ മരുഭൂമിയെ വഴിയായും നിർജ്ജനപ്രദേശങ്ങളെ ഒഴുകുന്ന നദിയായും മാറ്റും.

അതിനാൽ പ്രിയ സുഹൃത്തേ, ഇന്ന് അവനെ വിശ്വസിക്കുക. ഒരു വഴിയും ഇല്ലെന്ന് തോന്നുന്നിടത്ത് ഒരു വഴി അവൻ ഉണ്ടാക്കുമെന്ന് വിശ്വസിക്കുക. എല്ലാ അസാധ്യതകളും അവന്റെ മഹത്തായ ശക്തിയിലൂടെ സാധ്യമാകട്ടെ. നിങ്ങളുടെ മരുഭൂമി അനുഗ്രഹത്തിന്റെ നദികളായി മാറട്ടെ, നിങ്ങളുടെ തടസ്സങ്ങൾ തുറന്ന വാതിലുകളായി മാറട്ടെ, നിങ്ങളുടെ ദുഃഖങ്ങൾ സന്തോഷമായി മാറട്ടെ. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിലേക്ക് കർത്താവ് നിങ്ങളെ നയിക്കട്ടെ.

PRAYER:
പിതാവേ, വഴി ഉണ്ടാക്കുന്നവനും അത്ഭുത പ്രവർത്തകനും അങ്ങാണ്. ആർക്കും അടയ്ക്കാൻ കഴിയാത്ത വാതിലുകൾ അങ്ങ് തുറക്കുന്നു. കർത്താവേ, ഞാൻ കടന്നുപോകുന്ന മരുഭൂമിയിൽ ഒരു വഴി ഉണ്ടാക്കേണമേ. എല്ലാ നിർജ്ജനപ്രദേശങ്ങളെയും ഒഴുകുന്ന നദികളായി മാറ്റേണമേ. എന്റെ മുന്നിൽ നിൽക്കുന്ന എല്ലാ തടസ്സങ്ങളും അങ്ങ് നീക്കേണമേ. എന്റെ മക്കളുടെ ജീവിതത്തിൽ വിവാഹങ്ങൾ നടത്തുകയും മക്കളില്ലാത്തവർക്ക് മക്കളെ നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ. എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും വീടുകൾ, സ്ഥാനക്കയറ്റം, സമാധാനം എന്നിവ നൽകി അനുഗ്രഹിക്കണമേ. എന്റെ എല്ലാ ശത്രുക്കളെയും സുഹൃത്തുക്കളായും എന്റെ തെറ്റിദ്ധാരണകളെ ഐക്യത്തിലേക്കും മാറ്റേണമേ. കർത്താവേ, എന്റെ കൈകളുടെ പ്രവൃത്തിയെ അഭിവൃദ്ധിപ്പെടുത്തണമേ. ഇന്ന് അത്ഭുതങ്ങൾ സംഭവിക്കട്ടെ. യേശുവിന്റെ നാമത്തിൽ, ആമേൻ.