എന്റെ പ്രിയരേ, ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം, "എന്തിനാണ് കർത്താവ് എന്നെ സൃഷ്ടിച്ചത്? എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. ഞാൻ എല്ലാ ദിവസവും കരയുന്നു. ഏകാന്തതയിൽ ഞാൻ കഷ്ടപ്പെടുന്നു." എന്റെ പ്രിയരേ, നിങ്ങളെ സൃഷ്ടിക്കാൻ കർത്താവിന് ഒരു ഉദ്ദേശ്യമുണ്ട്. സങ്കീർത്തനം 115:15-ൽ ഇപ്രകാരം പറയുന്നു, "ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു." നിങ്ങളെ അനുഗ്രഹിക്കാനും മറ്റുള്ളവർക്ക് അനുഗ്രഹമാക്കാനും വേണ്ടിയാണ് കർത്താവ് നിങ്ങളെ സൃഷ്ടിച്ചത്. അതിനാൽ, ധൈര്യമായിരിക്കുക. ഈ അനുഗ്രഹം ഇന്ന് നിങ്ങൾക്ക് ലഭിക്കും. യേശുവിന്റെ നാമത്തിൽ ഒരു അനുഗ്രഹീത വ്യക്തിയായി ഈ ലോകത്തിൽ ജീവിക്കാൻ കർത്താവ് നിങ്ങൾക്ക് കൃപ നൽകും. അതിനാൽ, ധൈര്യത്തോടെ നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിച്ച് എല്ലായ്പ്പോഴും ഇപ്രകാരം പ്രഖ്യാപിക്കുക, "എന്നെ അനുഗ്രഹിക്കാൻ വേണ്ടിയാണ് കർത്താവ് എന്നെ സൃഷ്ടിച്ചത്". ആകാശത്തെയും ഭൂമിയെയും നോക്കുക. കർത്താവ് മഴയെയും സൂര്യനെയും സൃഷ്ടിച്ചു. സൂര്യപ്രകാശം ഇല്ലായിരുന്നുവെങ്കിൽ രോഗാണുക്കൾ പെരുകുകയും നമ്മെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. എല്ലാം തണുത്തുറയുകയും മഞ്ഞ് ഭൂമിയെ മൂടുകയും ചെയ്യുമായിരുന്നു. എന്നാൽ കർത്താവ് സൂര്യനെ സൃഷ്ടിക്കുകയും അതിന് ചൂട് നൽകുകയും ചെയ്തുകൊണ്ട് ഇത്തരം അപകടങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. നമ്മുടെ അനുഗ്രഹത്തിനായി അവൻ എല്ലാം എത്ര മനോഹരമായി സൃഷ്ടിച്ചു!

യോഹന്നാൻ 1:3 ഇങ്ങനെ പറയുന്നു, “ സകലവും അവൻ മുഖാന്തരം ഉളവായി." അവനാണ് സ്രഷ്ടാവ്, ഇന്നും അവൻ കാര്യങ്ങൾ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ ലോകത്തിലേക്ക് വരുന്ന എല്ലാ ജീവജാലങ്ങളും അവനാൽ സൃഷ്ടിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്യുന്നു. കൊലൊസ്സ്യർ 1:16-ഉം ഇപ്രകാരം പറയുന്നു,"സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു." വെളിപ്പാട് 4:11 ഇങ്ങനെ പറയുന്നു, "കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകുന്നു." ഈ വിശാലമായ പ്രപഞ്ചത്തിലെ എല്ലാം അവന്റെ മഹത്തായ രൂപകൽപ്പനയ്ക്ക് അനുസൃതമായി കൃത്യതയോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവയാണ്. ഓരോ കാര്യവും അവന്റെ ദൈവിക പദ്ധതിക്കനുസൃതമായി നിലനിൽക്കുന്നു. മനുഷ്യശരീരത്തിലേക്കും അത് എത്ര അത്ഭുതകരമായാണ് പ്രവർത്തിക്കുന്നതെന്നതിലേക്കും ഒന്നു നോക്കുക. ഒരു അണുബാധ ഉണ്ടാകുമ്പോൾ, അതിനെ മറികടക്കാനും നശിപ്പിക്കാനും ശരീരത്തിലുടനീളം ആന്റിബോഡികൾ ഉടൻ തന്നെ പ്രവർത്തനക്ഷമമാകുന്നു. തന്റെ സൃഷ്ടിയിൽ കർത്താവ് വെളിപ്പെടുത്തുന്ന ജ്ഞാനത്തിന്റെ അനേകം തെളിവുകളിൽ ഒന്നാണിത്. നമ്മുടെ ശരീരം യഥാർത്ഥത്തിൽ ഒരു വിചിത്രവും അത്ഭുതകരവും അനുഗ്രഹീതവുമായ സൃഷ്ടിയാണ്. അവൻ നിങ്ങളെ സൃഷ്ടിച്ചതിനാൽ ധൈര്യമായിരിക്കുക, നിങ്ങളെ സൃഷ്ടിച്ചവന്റെ കൈകളിൽ നിങ്ങളുടെ ജീവിതം സമർപ്പിക്കുക.

1. അവനെ ആരാധിക്കാനാണ് അവൻ നമ്മെ സൃഷ്ടിച്ചത്: എന്തിനാണ് അവൻ നമ്മെ സൃഷ്ടിച്ചത്? തന്നെ ആരാധിക്കാൻ. നെഹെമ്യാവ് 9:6 ഇപ്രകാരം പറയുന്നു, "നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി.; നീ അവയെ ഒക്കെയും രക്ഷിക്കുന്നു." അവൻ സൃഷ്ടിച്ചതെല്ലാം അവനാൽ നിലനിൽക്കുകയും അവന്റെ മഹത്വത്തിനായി നിലനിൽക്കുകയും ചെയ്യുന്നു. അതിനാൽ, നമുക്ക് അവനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യാം.

2. നമുക്ക് ജീവിക്കാൻ വേണ്ടതെല്ലാം അവൻ സൃഷ്ടിച്ചു:  ഈ ലോകത്തിൽ മനുഷ്യർക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം കർത്താവ് സൃഷ്ടിച്ചു. ഉല്പത്തി 1:1-4-ൽ അവൻ എങ്ങനെയാണ് ലോകത്തെ സൃഷ്ടിച്ചതെന്നും അതിലേക്ക് വെളിച്ചം കൊണ്ടുവന്നതെന്നും വിവരിക്കുന്നു. ഭൂമിയെയും അതിലുള്ളതൊക്കെയെയും മനുഷ്യജീവിതത്തിനായി അവൻ ഒരുക്കിവെച്ചിരിക്കുന്നു. യിരെമ്യാവ് 29:11 അനുസരിച്ച്, കർത്താവിന് നമ്മെക്കുറിച്ച് ഒരു പദ്ധതിയുണ്ട്—നമുക്ക് ഭാവിയും പ്രത്യാശയും നൽകുന്ന ഒരു പദ്ധതി. നിങ്ങൾക്ക് ഒരു ഭാവി ഉണ്ടായിരിക്കണം, തിന്മ നിങ്ങളെ സ്പർശിക്കരുത്, ഇതിനായി, ധൈര്യമുള്ളവരായിരിക്കാനും അവന്റെ  പദ്ധതിയിൽ ആശ്രയിക്കാനും കർത്താവ് നിങ്ങളെ വിളിക്കുന്നു.

3. അവൻ നിങ്ങളെ ഒരു ഉദ്ദേശ്യത്തോടെയാണ് സൃഷ്ടിച്ചത്: കർത്താവ് ഓരോ വ്യക്തിയെയും ഒരു ഉദ്ദേശ്യത്തോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ വ്യക്തിയും എങ്ങനെ ജീവിക്കണം, അവർ എന്തുചെയ്യണം, അവർ എങ്ങനെ അവന്റെ ജീവൻ കൊണ്ട് നിറയണം, അവർ എങ്ങനെ മറ്റുള്ളവർക്ക് ജീവൻ പകരണം എന്നിവയെല്ലാം അവൻ നിശ്ചയിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾ ജീവിക്കുന്നതിന് നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ട്. ദൈവത്തിന്റെ ഉദ്ദേശ്യവും പദ്ധതിയും നിറവേറും. അതിനാൽ, നിങ്ങളെത്തന്നെ പൂർണ്ണമായും കർത്താവിന് സമർപ്പിക്കുക. ഉല്പത്തി 1:27-ൽ അവൻ തന്റെ  സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു എന്നു പറയുന്നു. തന്റെ  സ്വരൂപവും മനസ്സും ഈ ലോകത്തിൽ പ്രകടമാക്കാൻ വേണ്ടിയാണ് അവൻ നിങ്ങളെ സൃഷ്ടിച്ചത്. സദൃശവാക്യങ്ങൾ 16:4-ൽ ഇങ്ങനെ പറയുന്നു, "യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ."

4. അവൻ ഭൂമിയെ ഒരു അവകാശമായി സൃഷ്ടിച്ചു: കർത്താവ് മനുഷ്യനെ സൃഷ്ടിക്കുകയും ഭൂമിയിൽ അവനെ സ്ഥാപിക്കുകയും ഭൂമിയെ അവകാശമായി നൽകുകയും ചെയ്തു. അതുകൊണ്ടാണ്, അവൻ ലോകത്തെ പുത്രൻ മുഖാന്തരം സൃഷ്ടിച്ചുവെന്ന് എബ്രായർ 1:2-ൽ പറയുന്നത്. ഫിലിപ്പിയർ 2:10-ൽ ഇപ്രകാരം പറയുന്നു, "യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങും." കർത്താവ് നമുക്ക് ആ വിലയേറിയ നാമം നൽകുകയും ഈ ലോകത്തിൽ അവന്റെ അനുഗ്രഹം അവകാശമാക്കാൻ നമുക്ക് ഒരു വഴി ഒരുക്കിത്തരികയും ചെയ്തിരിക്കുന്നു. റോമർ 11:36 ഇപ്രകാരം പറയുന്നു, " സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ." അവൻ സകലവും സൃഷ്ടിച്ചു, നിങ്ങളുടെ ജീവിതവും അവന്റെ ദൈവിക ഉദ്ദേശ്യത്തിന്റെ ഭാഗമാണ്. അതിനാൽ, നിങ്ങളെത്തന്നെ അവന് പൂർണ്ണമായി സമർപ്പിക്കുക, അവന്റെ പദ്ധതിയിൽ വിശ്വസിക്കുക, അവനെ ആരാധിക്കുക, അവൻ നിങ്ങൾക്കായി തയ്യാറാക്കിയ അനുഗ്രഹത്തിലും ഉദ്ദേശ്യത്തിലും ധൈര്യത്തോടെ നടക്കുക.

PRAYER:
പ്രിയ കർത്താവായ യേശുവേ, മനോഹരമായ ഒരു ഉദ്ദേശ്യത്തോടെ എന്നെ സൃഷ്ടിച്ചതിനും എന്നെ ഒരു അനുഗ്രഹമാക്കിയതിനും അങ്ങേക്ക് നന്ദി. അങ്ങാണ് എന്നെ സൃഷ്ടിച്ചതെന്നും അങ്ങയുടെ ദൃഷ്ടിയിൽ എന്റെ ജീവൻ വിലപ്പെട്ടതാണെന്നും ഓർമ്മിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങയെ ആരാധിക്കാനും അങ്ങയുടെ പദ്ധതികളിൽ വിശ്വസിക്കാനും അങ്ങ് എനിക്ക് നൽകിയിരിക്കുന്ന ഉദ്ദേശ്യത്തിൽ ധൈര്യത്തോടെ നടക്കാനും എന്നെ പഠിപ്പിക്കണമേ. എന്റെ കുടുംബത്തിന്റെയും ജോലിയുടെയും ശുശ്രൂഷയുടെയും വിശുദ്ധിയുടെയും കഠിനാധ്വാനത്തിന്റെയും സത്യസന്ധതയുടെയും ഫലങ്ങൾ സമൃദ്ധമായി വളരുവാൻ ഇടയാക്കണമേ. അങ്ങയുടെ അനുഗ്രഹങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ തിന്മകളിൽനിന്നും എന്നെ കാത്തുകൊള്ളണമേ. അങ്ങയുടെ ഹിതപ്രകാരം എല്ലാ വാതിലുകളും തുറന്നുതരണമേ, അങ്ങയുടെ അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ വർദ്ധിക്കട്ടെ. എന്നെ  അങ്ങേക്ക് പൂർണ്ണമായി സമർപ്പിക്കാനും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്താനും സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.