എന്റെ പ്രിയരേ, അവന്റെ പുരോഹിതന്മാരായിരിക്കാൻ കർത്താവ് നിങ്ങളെ വിളിക്കുകയും അഭിഷേകം ചെയ്യുകയും ചെയ്തിരിക്കുന്നു. നിങ്ങൾ ഒരു എഞ്ചിനീയറോ ശാസ്ത്രജ്ഞനോ ഉദ്യോഗസ്ഥനോ വിദ്യാർത്ഥിയോ വ്യവസായിയോ ജീവനക്കാരനോ വീട്ടമ്മയോ ആകട്ടെ—നിങ്ങൾ എവിടെയായിരുന്നാലും കർത്താവ് ഇപ്രകാരം  അരുളിച്ചെയ്യുന്നു: "നീ എന്റെ പുരോഹിതനാകുന്നു." പുറപ്പാട് 19:6 ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” നിങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരും കർത്താവിന്റെ പുരോഹിതന്മാരായിരിക്കാൻ വിളിക്കപ്പെട്ടവരാണ്. അതിനാൽ, അവന്റെ ഹിതം നിറവേറ്റാൻ ധൈര്യത്തോടെ എഴുന്നേൽക്കുക. കാരണം, നിങ്ങളുടെ പ്രാർത്ഥനകൾ കേട്ട് ദൈവം ഈ ദേശത്തിന് രക്ഷ നൽകും.

പുരോഹിതരെന്ന നിലയിൽ നാം ദൈവത്തിന്റെ മഹത്വത്തെയും അവന്റെ അത്ഭുതപ്രവൃത്തികളെയും പ്രഘോഷിക്കാൻ വിളിക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു (1 പത്രൊസ് 2:9). കർത്താവ് തന്റെ രക്തത്താൽ നമ്മെ വിലയ്ക്കു വാങ്ങി, നമ്മുടെ രാജ്യത്തിന്റെയും കുടുംബത്തിന്റെയും അദ്ധ്യക്ഷരാക്കി നമ്മെ നിയമിച്ചു (അപ്പൊ. പ്രവൃത്തികൾ 20:28). മറ്റുള്ളവർക്ക് വേണ്ടി മധ്യസ്ഥത വഹിക്കുക എന്നത് ഒരു പുരോഹിതന്റെ ഉത്തരവാദിത്തമാണ്. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരുമെന്ന് യേശു അരുളിച്ചെയ്തു (യോഹന്നാൻ 14:13). അതിനാൽ, ദൈവം നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് വിശ്വസിച്ചുകൊണ്ട് നിങ്ങളുടെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി പ്രാർത്ഥിക്കാൻ ഇന്ന് നിങ്ങളെ സ്വയം സമർപ്പിക്കുക.

രണ്ടാമതായി, കർത്താവ് നിങ്ങളെ ഒരു വിശുദ്ധജനമാക്കി മാറ്റുകയും നിങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അവൻ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു,  "കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും" (യെശയ്യാവ് 60:22), അവന്റെ തേജസ്സ് നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ‍ നിന്റെ ഉദയശോഭയിലേക്കും വരും (യെശയ്യാവ് 60:3–4). നിങ്ങൾ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ പ്രകാശം നിങ്ങളിലൂടെ പ്രകാശിക്കും. ആളുകൾ നിങ്ങളെ തേടിവരും; ജോലിയും സ്ഥാനക്കയറ്റവും ഭവനവും നിങ്ങൾക്ക് ലഭിക്കും. രാജാക്കന്മാർ പോലും നിങ്ങളുടെ അടുത്തേക്ക് വരും. നിങ്ങൾ ദൈവത്തിന്റെ ശക്തി അവർക്ക് വെളിപ്പെടുത്തുകയും നിങ്ങളുടെ പ്രാർത്ഥനകളിലൂടെ അത്ഭുതങ്ങൾ സംഭവിക്കുകയും ചെയ്യും. കർത്താവ് നിങ്ങളെ ആയിരം മടങ്ങ് ഉയർത്തും, ഈ അനുഗ്രഹം നിങ്ങളുടെ മക്കളിലൂടെയും കൊച്ചുമക്കളിലൂടെയും തുടരും. നിങ്ങളുടെ കൊച്ചുമക്കൾ പോലും പ്രാർത്ഥനയുടെ മനുഷ്യരായി വളരും. അവന്റെ നന്മയെ പ്രഘോഷിക്കുന്ന പുരോഹിതന്മാരുടെ ഒരു അനുഗൃഹീത കുടുംബമാക്കി നിങ്ങളുടെ കുടുംബത്തെ മുഴുവൻ മാറ്റാൻ ദൈവം ആഗ്രഹിക്കുന്നു.

PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ പുരോഹിതനായി എന്നെ വിളിച്ചതിനും അഭിഷേകം ചെയ്തതിനും അങ്ങേയ്ക്ക് നന്ദി. എന്റെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി വിശ്വസ്തതയോടെ പ്രാർത്ഥിക്കാനും അങ്ങയുടെ ഹിതം ധൈര്യത്തോടെ നിറവേറ്റാനും എന്നെ സഹായിക്കണമേ. അനേകർക്ക് അനുഗ്രഹവും രക്ഷയും അത്ഭുതങ്ങളും പകർന്നുനൽകിക്കൊണ്ട്, അങ്ങയുടെ പ്രകാശം എന്നിലൂടെ പ്രകാശിക്കുമാറാകട്ടെ. എന്നെയും എന്റെ കുടുംബത്തെയും ആയിരം മടങ്ങ് വർദ്ധിപ്പിച്ചുകൊണ്ട് എന്നെ വിശുദ്ധവും അനുഗ്രഹീതവുമായ ഒരു തലമുറയാക്കണമേ. എന്റെ മക്കളും കൊച്ചുമക്കളും പ്രാർത്ഥനയുടെ ആളുകളായി മാറുകയും അങ്ങയുടെ നന്മയെ പ്രഘോഷിക്കുകയും ചെയ്യുമാറാകട്ടെ. യാചിക്കുന്നവനെപ്പോലെയല്ല, മറ്റുള്ളവരെ അനുഗ്രഹിക്കുന്നവനെപ്പോലെ, ഞാൻ രാജാക്കന്മാരുടെ മുന്നിൽ നിൽക്കാൻ എന്നെ അനുവദിക്കണമേ. അങ്ങയുടെ ദാനങ്ങളും അഭിഷേകവും എന്റെ ജീവിതത്തിലും കുടുംബത്തിലും ശക്തിയായി പ്രവർത്തിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.