എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് നാം ആവർത്തനപുസ്തകം 20:4 ൽ വായിക്കുന്നതുപോലെ, നമ്മുടെ ശത്രുക്കളോടു യുദ്ധം ചെയ്യാനും വിജയം നൽകാനും നമ്മോടുകൂടെ പോകുന്നവൻ അവനാണെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ആമേൻ! നമ്മെ വിജയത്തിലേക്ക് നയിക്കാൻ ദൈവം തന്നെ നമ്മോടൊപ്പം വരുന്നു. എന്നാൽ ദൈവം എങ്ങനെയാണ് നമ്മോടൊപ്പം വരികയും നമുക്കുവേണ്ടി പോരാടുകയും ചെയ്യുന്നത്? ഇയ്യോബിന്റെയും പത്രൊസിന്റെയും ജീവിതത്തിലേക്ക് നോക്കുമ്പോൾ, അവർക്കെതിരായ ശത്രുവിന്റെ പദ്ധതികളെ ദൈവം എങ്ങനെ വെളിപ്പെടുത്തിയെന്ന് നമുക്ക് കാണാം. അവരുടെ രണ്ട് ജീവിതങ്ങളും നശിപ്പിക്കാൻ സാത്താൻ പോരാടുകയായിരുന്നു. സാത്താൻ ഇയ്യോബിനെ കുറ്റപ്പെടുത്തുകയും അവനെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതെങ്ങനെയെന്ന് ദൈവം വെളിപ്പെടുത്തി. അതുപോലെ, യേശു പത്രൊസിനോടു പറഞ്ഞു, "സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു." പത്രൊസിനെ പരീക്ഷിക്കാൻ സാത്താൻ അനുവാദം ചോദിച്ചിരുന്നു. യേശു അവനോടു, "ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു" എന്ന് ഉറപ്പുനൽകി. പിശാച് നമ്മെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ കർത്താവ് നമുക്ക് വേണ്ടി പോരാടിയത് എങ്ങനെയാണ്? യേശു നമുക്കുവേണ്ടി സ്വന്തം ജീവൻ നൽകുകയും തന്റെ വിലയേറിയ രക്തം കുരിശിൽ ചൊരിയുകയും ചെയ്തു. പിശാച് കൊണ്ടുവരുന്ന മരണത്തെയും നാശത്തെയും അവൻ സ്വയം ഏറ്റെടുത്തു. കുരിശിലെ മരണത്തിലൂടെ അവൻ പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുകയും അവന്റെ ശക്തിയിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്തു. അവൻ നമുക്കുവേണ്ടി വിജയം നേടിത്തന്നു!

യേശു ചൊരിഞ്ഞ രക്തം ഇപ്പോഴും നമുക്കുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു. ദൈവം നമുക്ക് നൽകിയ പരിശുദ്ധാത്മാവും നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നു. അങ്ങനെയാണ് നമുക്ക് ജീവിക്കാനും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും കഴിയുന്നത്. തന്റെ വിശ്വാസം പൊയ്പോകാതിരിപ്പാനും ശക്തിപ്പെടാനും യേശു പത്രൊസിനായി പ്രാർത്ഥിച്ചു. അതുപോലെ, ഇന്നും കർത്താവ് നമ്മെ ശക്തിപ്പെടുത്തുന്നു. നമ്മുടെ ഭൌമിക യുദ്ധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ ആത്മാവാണ്.

നമ്മുടെ ജീവിതത്തിലേക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പോരാട്ടങ്ങളും കൊണ്ടുവന്ന് സാത്താൻ നമ്മുടെ ആത്മാക്കളെ നശിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ യേശു നമ്മുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും പോരാടുകയും ചെയ്യുന്നു, അങ്ങനെ നമുക്ക് അവനോടൊപ്പം തുടരാനും വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും കഴിയും. നമ്മുടെ ബലഹീനതകളിൽ അവൻ നമ്മെ സഹായിക്കുകയും സമാധാനം നൽകുകയും നമ്മുടെ ആത്മാക്കൾക്കായുള്ള യുദ്ധത്തിൽ വിജയിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ പ്രശ്നങ്ങൾക്കിടയിലും നിങ്ങളുടെ ആത്മാവിനെ യേശുവിന് സമർപ്പിക്കുമ്പോൾ, നിങ്ങളുടെ എല്ലാ ഭൌമിക പോരാട്ടങ്ങളും കൈകാര്യം ചെയ്യാൻ ദൈവത്തിന് കഴിയും. ഒരു നിമിഷത്തിനുള്ളിൽ അവ പരിഹരിക്കാൻ അവന് കഴിയും. അതിനാൽ, ഓരോ ഭൌമിക യുദ്ധത്തിലും ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ആത്മാവിന്റെ അവസ്ഥയാണെന്ന് ഓർക്കുക. വിഷമിക്കേണ്ട, തളർന്നുപോകരുത്, ദൈവത്തെ തള്ളിക്കളയരുത്, അവനെക്കുറിച്ച് നിരാശപ്പെടുകയുമരുത്. പകരം, വിശ്വാസത്തിൽ ഉറച്ചുനിൽക്കുക. ദൈവം നമുക്കായി ഒരുക്കിവെച്ച വിജയം ഇന്ന് നമുക്ക് സ്വീകരിക്കാം. "ഞാൻ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ" എന്ന് കർത്താവ് അരുളിച്ചെയ്തിട്ടുണ്ട്. കർത്താവായ യേശുവേ, ഇന്നും ഞങ്ങൾക്കുവേണ്ടി പോരാടികൊണ്ടിരിക്കുന്നതിന് അങ്ങേക്ക് നന്ദി!

PRAYER:
പ്രിയ കർത്താവേ, ഞങ്ങൾക്ക് വേണ്ടി പോരാടുകയും ഞങ്ങളുടെ ആത്മാക്കളെ സംരക്ഷിക്കുകയും ചെയ്യുന്നതിന് അങ്ങേയ്ക്ക് നന്ദി. ഞങ്ങളുടെ മക്കൾക്ക് വേണ്ടി പോരാടുകയും പാപത്തിൽ നിന്നും അവരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും അവരെ വിടുവിക്കുകയും ചെയ്യണമേ. ശത്രുവിന്റെ ഓരോ ആക്രമണത്തിൽ നിന്നും അവരെ രക്ഷിക്കണമേ. എല്ലാറ്റിനുമുപരിയായി, പിശാച് ഞങ്ങളുടെ ആത്മാക്കളെ അടിച്ചമർത്താനോ കീഴടക്കാനോ അനുവദിക്കരുതേ. ഞങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ഞങ്ങളെ അങ്ങയോട് അടുപ്പിക്കുകയും എല്ലാ യുദ്ധങ്ങളിലും അങ്ങയെ സ്നേഹിക്കാനും വിശ്വസിക്കാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. അങ്ങയുടെ വിലയേറിയ രക്തത്തിലൂടെ അങ്ങ് ഞങ്ങൾക്കായി നേടിത്തന്ന വിജയത്തിന് നന്ദി. ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അങ്ങയുടെ അത്ഭുതങ്ങളെയും വിജയത്തെയും ഞങ്ങൾ സ്വീകരിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.