പ്രിയ സുഹൃത്തേ, ഇന്ന് നാം ഹബക്കൂക്ക് 3:18 ധ്യാനിക്കാൻ പോകുന്നു. ഇവിടെ വിശുദ്ധൻ പറയുന്നു, “എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും." ഏത് സാഹചര്യത്തിലാണ് അവൻ ഇങ്ങനെ പറഞ്ഞത്? മുൻ വാക്യത്തിൽ അവൻ പറയുന്നു, “അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല." അവന്റെ ചുറ്റും ഫലപ്രദമായ ഒന്നും ഉണ്ടായിരുന്നില്ല. ആക്രമിച്ചുകയറിയ സൈന്യങ്ങൾ യെഹൂദാ ദേശത്തെ എങ്ങനെ നശിപ്പിച്ചുവെന്ന് ഹബക്കൂക്ക് വിവരിക്കുന്നു. തനിക്ക് ചുറ്റും ഒരു അനുഗ്രഹവും അവന് കാണാൻ കഴിഞ്ഞില്ല. എന്നിട്ടും അവൻ ധൈര്യത്തോടെ പറയുന്നു, "ഞാൻ യഹോവയിൽ ആനന്ദിക്കും." ഇന്നും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന എത്ര ശക്തമായ ആരാധനയാണത്. ദാവീദ് പറഞ്ഞു, "ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു." എല്ലാം നല്ലതായി തോന്നുമ്പോൾ ദൈവത്തെ സ്തുതിക്കുന്നത് എളുപ്പമാണ്, എന്നാൽ എല്ലാം നഷ്ടപ്പെടുമ്പോൾ ദൈവത്തെ സ്തുതിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.
ഇയ്യോബ് 13:15-ൽ ഇയ്യോബ് പറയുന്നു, "അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും." എല്ലാം നഷ്ടപ്പെട്ടതിനുശേഷവും അവൻ പറയുന്നു, "ഞാൻ ദൈവത്തെ മുറുകെ പിടിക്കുന്നു. എന്റെ പ്രത്യാശ എന്റെ ദൈവത്തിലാണ്. എല്ലാവരും എന്നെ ഉപേക്ഷിച്ചേക്കാം, പക്ഷേ എന്റെ ദൈവം വിശ്വസ്തനാണ്. എന്റെ ദൈവം മാറുകയില്ല. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും അവനെ വിശ്വസിക്കുന്നത്." അതുപോലെ, വിശ്വാസികളായ പലരും പറയുന്നു, "എന്റെ കുടുംബം വഴക്കിടുന്നുണ്ടെങ്കിലും, എന്റെ ബന്ധം തകർന്നാലും, എന്റെ പണം നഷ്ടപ്പെട്ടാലും, എന്റെ കുഞ്ഞ് നഷ്ടപ്പെട്ടാലും, ഞാൻ കർത്താവിൽ സന്തോഷിക്കും. എന്തെന്നാൽ കഷ്ടതയുടെ നടുവിലും കർത്താവ് ഞങ്ങളോടുകൂടെ ഉണ്ടായിരിക്കും." ദുഃഖിതരായ ജനക്കൂട്ടത്തോട് നെഹെമ്യാവ് ഇപ്രകാരം ഓർമ്മിപ്പിച്ചു, "നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ." അതൊരു ക്ഷാമകാലമായിരുന്നു, എന്നിട്ടും നെഹെമ്യാവ് ജനങ്ങളെ ആനന്ദിക്കാനായി വിളിച്ചു, കാരണം അവരുടെ രക്ഷകൻ അവരോടൊപ്പമുണ്ടെന്ന് അവന് അറിയാമായിരുന്നു. സദൃശവാക്യങ്ങൾ 24:10 പറയുന്നതുപോലെ, "കഷ്ടകാലത്തു നാം കുഴഞ്ഞുപോയാൽ നമ്മുടെ ബലം നഷ്ടം തന്നേ."
നിങ്ങളുടെ കഷ്ടതയ്ക്കിടയിൽ, ഈ ലോകത്തോടും പിശാചിനോടും പറയുക, "നിനക്ക് എന്റെ സന്തോഷത്തെ സ്പർശിക്കാൻ കഴിയില്ല. എന്റെ സന്തോഷം സുരക്ഷിതമാണ്. എന്റെ ദൈവം എന്റെ കൂടെയുണ്ട് ". ഒരു പാസ്റ്റർ പ്രസംഗിക്കുമ്പോൾ ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്ന ഒരു വൃദ്ധയുടെ കഥ ഞാൻ കേട്ടിട്ടുണ്ട്. അസ്വസ്ഥനായ പാസ്റ്റർ പറഞ്ഞു, "നീ വായ അടച്ചാൽ ഞാൻ നിനക്ക് പുതിയ ഷൂസ് വാങ്ങിത്തരാം." അത് കേട്ടപ്പോൾ അവൾ വീണ്ടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, "ഹല്ലേലുയാ, ഷൂസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും!" പ്രിയ സുഹൃത്തേ, ദൈവത്തെ സ്തുതിക്കുന്നത് തുടരുക. എല്ലാം തകർന്നേക്കാം. എല്ലാം എടുത്തുകളഞ്ഞേക്കാം. എന്നാൽ നമ്മുടെ ദൈവം നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയോ കൈവിടുകയോ ചെയ്യില്ല. കർത്താവിന്റെ സന്തോഷം നിലനിൽക്കുന്നു. വിശുദ്ധൻ പറയുന്നതുപോലെ, "ഞാൻ യഹോവയിൽ ആനന്ദിക്കും. എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും" അതെ, ആനന്ദിക്കുകയും ദൈവത്തിന്റെ മഹത്വം ഘോഷിക്കുകയും ചെയ്യുക. ഇയ്യോബിന് എല്ലാം ഇരട്ടിയായി തിരിച്ചുകിട്ടി. അടിമത്തത്തിനുശേഷം യിസ്രായേൽ പുനഃസ്ഥാപിക്കപ്പെട്ടു. കർത്താവിൽ ആനന്ദിച്ചപ്പോൾ ദാവീദ് എല്ലാം വീണ്ടെടുത്തു. നിങ്ങളും എല്ലാം വീണ്ടെടുക്കും. വിഷമിക്കേണ്ട; കർത്താവിൽ മാത്രം സന്തോഷിക്കുക.
PRAYER:
സ്വർഗ്ഗീയ പിതാവേ, എനിക്ക് ചുറ്റുമുള്ളതെല്ലാം പരാജയപ്പെടുമ്പോൾ, അങ്ങിൽ ആനന്ദിക്കാൻ ദയവായി എന്നെ പഠിപ്പിക്കേണമേ. ഫലപ്രദമായ ഒന്നും ഞാൻ കാണാതെയും ശക്തിയൊന്നും അനുഭവിക്കാതെയും ഇരിക്കുമ്പോഴും, അങ്ങ് ഇപ്പോഴും എന്റെ രക്ഷയുടെ ദൈവമാണെന്ന് എന്നെ ഓർമ്മിപ്പിക്കണമേ. ഭയത്തിൽ നിന്നും നിരാശയിൽ നിന്നും എന്നെ സംരക്ഷിക്കുകയും ദൈവിക സന്തോഷം കൊണ്ട് എന്നെ നിറയ്ക്കുകയും ചെയ്യേണമേ. വേദനാജനകമായ നിമിഷങ്ങളിൽ പോലും എന്റെ സ്തുതി കൂടുതൽ ഉയരട്ടെ. കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങിൽ ആശ്രയിക്കുന്നു, എന്തെന്നാൽ അങ്ങു മാറ്റമില്ലാത്തവനും വിശ്വസ്തനുമാണ്. ഞാൻ അങ്ങിൽ മാത്രം സന്തോഷിക്കുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


