പ്രിയ സുഹൃത്തുക്കളേ, ഇന്നും നമുക്ക് ദൈവത്തിൽ ഒരു പുതിയ പ്രത്യാശയുണ്ട്. ഓരോ ദിവസവും അവന്റെ  കൃപകൾ പുതിയതാണ്. ഇന്ന്, നാം യെശയ്യാവ് 40:31 ധ്യാനിക്കാൻ പോകുന്നു, അത് ഇപ്രകാരം പറയുന്നു, "യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും." കർത്താവിൽ നിന്ന് നമുക്ക് എത്ര അത്ഭുതകരമായ ശക്തി ലഭിക്കുന്നു! ഈ ലോകത്തിലെ നിരവധി ആളുകൾ ശക്തിക്കായി അവരുടെ പണത്തെ ആശ്രയിക്കുന്നു. ചിലർ സുരക്ഷയ്ക്കായി അവരുടെ സ്ഥാനപ്പേരുകളെയും സ്ഥാനങ്ങളെയും ആശ്രയിക്കുന്നു, മറ്റുചിലർ ശക്തരായിരിക്കാൻ ചുറ്റുമുള്ള ആളുകളെ ആശ്രയിക്കുന്നു. എന്നാൽ ഇവയെല്ലാം ഇല്ലാതാവും. കർത്താവ് മാത്രമേ എന്നേക്കും നിലനിൽക്കുകയുള്ളൂ.

ഇന്ന്, നിങ്ങൾ കർത്താവിൽ പ്രത്യാശ അർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങളുടെ ശക്തി പുതുക്കപ്പെടുമെന്ന് അവന്റെ വചനം വാഗ്ദാനം ചെയ്യുന്നു. ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമുക്ക് അവനെ കാത്തിരിക്കാനും അവന്റെ ശക്തി പ്രാപിക്കാനും കഴിയുമെന്ന ഒരു മാർഗ്ഗം കർത്താവ് എനിക്ക് കാണിച്ചുതന്നു.

ചെറുപ്പത്തിൽത്തന്നെ ഞാൻ ഉപവസിക്കാനും പ്രാർത്ഥിക്കാനും തുടങ്ങി. ഈ ആത്മീയ ശീലത്തിൽ എന്റെ അമ്മയും അച്ഛനും എന്നെ നയിച്ചു. ആദ്യമായി ഉപവസിച്ചപ്പോൾ എനിക്ക് വളരെ വിശപ്പ് അനുഭവപ്പെട്ടു. ഒരു മണിക്കൂർ പൂർത്തിയാക്കുന്നത് പോലും ഒരു വലിയ നേട്ടമായി തോന്നി! എന്റെ വയറ്റിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി; ദോശയെയും ചട്നിയെയും കുറിച്ചുള്ള ചിന്തകളാൽ എന്റെ മനസ്സു നിറഞ്ഞു. എനിക്ക് എന്റെ വിശപ്പ് നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അതിനാൽ ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് പോയി പറഞ്ഞു, "എനിക്ക് ദോശ വേണം. എനിക്ക് ഇനി ഉപവസിക്കാൻ കഴിയില്ല! " അടുത്ത തവണ ഉപവസിക്കുമ്പോൾ എനിക്ക് വിശപ്പ് തോന്നിയപ്പോൾ അമ്മ പറഞ്ഞു, "ശരി, എന്തെങ്കിലും കുടിക്കുക. ഞാൻ നിനക്കായി ഹോർലിക്സ് തയ്യാറാക്കാം. " അതിനാൽ, എന്റെ രണ്ടാമത്തെ ശ്രമത്തിൽ, എന്റെ ഉപവാസം ഒരു ഹോർലിക്സ് ഉപവാസമായി മാറി! എന്നാൽ ഞാൻ ഉപവാസവും പ്രാർത്ഥനയും തുടർന്നപ്പോൾ അത്ഭുതകരമായ ഒരു കാര്യം സംഭവിക്കാൻ തുടങ്ങി. ഞാൻ ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുകയും അവന്റെ വചനം വായിക്കുകയും അവന്റെ വാഗ്‌ദത്തങ്ങൾ സ്വീകരിക്കുകയും ചെയ്തു. പുതിയ എന്തോ ഒന്ന് എന്റെ ഹൃദയത്തിൽ നിറയാൻ തുടങ്ങി. ക്രമേണ എന്റെ  ഭൌമികചിന്തകൾ ഇല്ലാതായി. ഭക്ഷണത്തിനും വെള്ളത്തിനുമുള്ള എന്റെ ആഗ്രഹങ്ങൾക്ക് പ്രാധാന്യം കുറഞ്ഞു, ആത്മാവിന്റെ കാര്യങ്ങൾക്കായി എന്റെ ഹൃദയം കൊതിക്കാൻ തുടങ്ങി.

പരിശുദ്ധാത്മാവ് എന്റെ ഉള്ളിൽ പ്രവർത്തിക്കാൻ തുടങ്ങുകയും ദൈവവചനം വായിക്കുമ്പോൾ എനിക്ക് വലിയ സമാധാനം അനുഭവപ്പെടുകയും ചെയ്തു. എന്റെ ജീവിതത്തിൽ അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് കർത്താവ് എന്നെ കാണിക്കാനും പുതിയ കാര്യങ്ങളിലേക്ക് എന്നെ നയിക്കാനും തുടങ്ങി. എന്റെ ഹൃദയം ശക്തമാവുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ എനിക്ക് മുന്നോട്ട് പോയി വിജയത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുകയും ചെയ്തു. എന്റെ പ്രിയ സുഹൃത്തുക്കളേ, കർത്താവ് ആദ്യംതന്നെ നിങ്ങളുടെ ശക്തിയെ പുതുക്കിക്കൊണ്ട് നിങ്ങളെ തയ്യാറാക്കുന്നു. കഴുകന്മാരെപ്പോലെ ചിറകടിച്ചുയരാൻ അവൻ നിങ്ങളെ പ്രാപ്തരാക്കുകയും നിങ്ങൾ കാത്തിരിക്കുന്ന അത്ഭുതങ്ങൾ സ്വീകരിക്കാൻ നിങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു. നമുക്ക് കർത്താവിൽ ഒരു പ്രത്യാശയുണ്ട് എന്നതിനായി ദൈവത്തിന് നന്ദി! അവനിലുള്ള നമ്മുടെ പ്രത്യാശ ഒരിക്കലും പരാജയപ്പെടുകയില്ല.

Prayer:
പ്രിയ കർത്താവായ യേശുവേ, അങ്ങ് ഞങ്ങൾക്ക് നൽകിയ പ്രത്യാശയ്ക്കും വിശ്വാസത്തിനും അങ്ങേക്ക് നന്ദി. അങ്ങ് ഞങ്ങളോടൊപ്പമുള്ളതിനാൽ ഞങ്ങളുടെ ജീവിതം പരാജയത്തിലോ നാശത്തിലോ അവസാനിക്കില്ലെന്നതിന് നന്ദി. അങ്ങയുടെ മാധുര്യസാന്നിധ്യം അനുഭവിക്കാനും, അങ്ങിൽ  നിന്ന് വരുന്ന എല്ലാ നല്ല ദാനങ്ങളും സ്വീകരിക്കാനും ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ മാർഗ്ഗനിർദ്ദേശം തേടാതെ തിടുക്കത്തിൽ മുന്നോട്ട് പോകുന്നതിന് പകരം, അങ്ങയ്ക്കായി കാത്തിരിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങയെ പൂർണ്ണമായി ആശ്രയിക്കുന്ന ഹൃദയങ്ങൾ ഞങ്ങൾക്ക് നൽകണമേ. അങ്ങേക്കായി കാത്തിരിക്കുന്ന അങ്ങയുടെ മക്കളെ ശക്തിപ്പെടുത്തണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാലും വചനത്താലും അവരെ നിറയ്ക്കണമേ. അവരുടെ ഹൃദയങ്ങളും ആത്മാക്കളും പുതുക്കപ്പെടട്ടെ. അവർ സന്തോഷിക്കുകയും അവരുടെ ജീവിതത്തിൽ അങ്ങയുടെ അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ, ആമേൻ.