പ്രിയ സുഹൃത്തേ, ഇന്ന് നാം മത്തായി 5:6 ധ്യാനിക്കാൻ പോകുന്നു, അത് ഇപ്രകാരം പറയുന്നു, "നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും." ഇവിടെ, അഗാധമായ ആഗ്രഹമുള്ളവർ നിറയുമെന്ന് യേശു വാഗ്ദാനം ചെയ്യുന്നു, കാരണം അവൻ മാത്രമാണ് വാഞ്ഛയുള്ള എല്ലാ ഹൃദയങ്ങളെയും തൃപ്തിപ്പെടുത്തുന്നത്. യോഹന്നാൻ 6:35-ൽ യേശു പറയുന്നു, "ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല." വീണ്ടും, യോഹന്നാൻ 4:14-ൽ അവൻ പറയുന്നു, "ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും.” ശക്തിയുള്ള സിംഹങ്ങൾ പോലും ചിലപ്പോൾ വിശന്നിരിക്കും, എന്നാൽ കർത്താവിൽ ആശ്രയിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകില്ല. തീർച്ചയായും നമ്മുടെ ദൈവം പരിപൂർണ്ണതയുടെ ദൈവമാണ്. നിറഞ്ഞ ഒരു പാത്രം ഒരിക്കലും കുലുങ്ങുകയില്ല; നിങ്ങൾ യേശുവിനെ ആശ്രയിക്കുകയും അവനോട് ആഴമായ ആഗ്രഹം പുലർത്തുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് എല്ലായ്പ്പോഴും പൂർണ്ണത അനുഭവപ്പെടും.

സങ്കീർത്തനം 46:5-ൽ വേദപുസ്തകം പറയുന്നു, "ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും." നിങ്ങൾക്ക് ദൈവത്തോടുള്ള തീവ്രമായ ആഗ്രഹം ഉണ്ടാകുമ്പോൾ, അവൻ നിങ്ങളുടെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുകയും നിങ്ങളുടെ പാനപാത്രം നിറഞ്ഞൊഴുകുകയും ചെയ്യും. ദാവീദ് ഈ സമൃദ്ധി അനുഭവിച്ചു; അതുകൊണ്ടാണ് സങ്കീർത്തനം 40:5-ൽ അവൻ ഇപ്രകാരം പറഞ്ഞത്, "എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു." അതെ, പ്രിയ സുഹൃത്തേ, നാം ദൈവത്തോട് യാചിക്കുമ്പോൾ, അവൻ സ്വർഗ്ഗത്തിന്റെ കിളിവാതിലുകൾ  തുറക്കുകയും തന്റെ അനുഗ്രഹങ്ങൾ നമ്മുടെമേൽ ചൊരിയുകയും ചെയ്യുന്നു. നീതിക്കായി വിശപ്പും ദാഹവും അനുഭവിക്കുന്നവർ ഭാഗ്യവാന്മാർ; അവർ തൃപ്തരാകും. അതിനാൽ, പ്രിയ സുഹൃത്തേ, നിങ്ങളും തൃപ്തരാകും.

"എപ്പോഴും ആത്മാവു നിറഞ്ഞവരായിരിക്കുക" എന്ന് പൌലൊസ് നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രയാസത്തിന്റെയും പരീക്ഷണത്തിന്റെയും സമയങ്ങളിൽ പോലും, നിങ്ങൾ ദൈവാത്മാവിനാൽ നിറയുമ്പോൾ, കർത്താവ് നിങ്ങളെ തന്റെ സന്തോഷത്തിന്റെ ആത്മാവിനാൽ നിറയ്ക്കുന്നു. നിങ്ങൾക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെടില്ല, കാരണം സമൃദ്ധിയുടെ ദൈവം നിങ്ങളോടൊപ്പമുണ്ട്, അവൻ നിങ്ങളെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നു. കർത്താവിന്റെ സന്തോഷം നിങ്ങളുടെ ശക്തിയായിരിക്കും. ദൈവാത്മാവിനാൽ നിറഞ്ഞ ഒരു അനുഗ്രഹീത വ്യക്തിയാണ് നിങ്ങൾ! ഇന്നും, കർത്താവിനോട് നിലവിളിച്ചുകൊണ്ട്, ഓരോ ദിവസവും അവന്റെ ദിവ്യപൂർണ്ണതയിലും കവിഞ്ഞൊഴുകുന്ന സന്തോഷത്തിലും ജീവിക്കാൻ അവന്റെ ആത്മാവിനാൽ നിങ്ങളെ നിറയ്ക്കാൻ അവനോട് അപേക്ഷിക്കുക.

PRAYER:
പ്രിയ കർത്താവായ യേശുവേ, വിശക്കുന്ന ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, അങ്ങയുടെ നീതിയും സമാധാനവും കൊണ്ട് എന്നെ നിറയ്ക്കണമേ. എന്റെ ആത്മാവ് അങ്ങേയ്ക്കും അങ്ങയുടെ സാന്നിധ്യത്തിനും വേണ്ടി മാത്രം ദാഹിക്കട്ടെ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞൊഴുകുന്ന ഒരു പാത്രമാക്കി ദയവായി എന്നെ മാറ്റേണമേ. എന്റെ ബലഹീനതയിൽ, കർത്താവേ, അങ്ങയുടെ ശക്തിയാൽ എന്നെ നിറയ്‌ക്കേണമേ. എന്റെ ശൂന്യതയിൽ, അങ്ങയുടെ സന്തോഷം കൊണ്ട് എന്നെ നിറയ്ക്കണമേ. അങ്ങയുടെ ജീവജലം എല്ലാ ദിവസവും എന്നിലൂടെ ഒഴുകട്ടെ. എന്റെ ജീവിതത്തിന്റെ എല്ലാ കാലഘട്ടങ്ങളിലും അങ്ങയെ ആശ്രയിക്കാൻ എന്നെ പഠിപ്പിക്കേണമേ. എന്റെ ആത്മാവിനെ എന്നേക്കും തൃപ്തിപ്പെടുത്തുന്ന ജീവന്റെ അപ്പമായതിന് അങ്ങേക്ക് നന്ദി. അങ്ങ് എന്റെ സമൃദ്ധിയുടെ ദൈവമായതിനാൽ ഞാൻ എൻ്റെ സർവ്വവും അങ്ങേക്ക് സമർപ്പിക്കുന്നു.  ആമേൻ.