എന്റെ പ്രിയ സുഹൃത്തുക്കളേ, ദൈവം നമ്മോടുകൂടെയുള്ളതിനാലും അവനിൽ നമുക്ക് പ്രത്യാശയുള്ളതിനാലും ഇതൊരു മനോഹരമായ ദിവസമാണ്.   കർത്താവ് നമ്മുടെ പാറയും രക്ഷയും ഗോപുരവും ആകയാൽ നാം കുലുങ്ങുകയില്ല എന്ന് സങ്കീർത്തനം 62:6 നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ന് വിമാനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഭയപ്പെടുത്തുന്ന പല കാര്യങ്ങളെക്കുറിച്ചും നാം കേൾക്കുന്നു. ചില വിമാനങ്ങൾ ആകാശത്ത് നിന്ന് തകരുകയും ചിലത് തീപിടുത്തത്തിൽ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു - നിരവധി വിനാശകരമായ സാഹചര്യങ്ങൾ സംഭവിക്കുന്നു. നാം ആകാശത്ത് ഉയരത്തിൽ ആയിരിക്കുകയും കഠിനമായ കാലാവസ്ഥ കാരണം പെട്ടെന്ന് വിമാനം താഴേക്ക് പതിക്കുന്ന അനുഭവമുണ്ടാവുകയും ചെയ്താൽ, ഭയം എളുപ്പത്തിൽ ഉയർന്നുവന്നേക്കാം. "വിമാനം വീഴുമോ? അത് പൊട്ടിത്തെറിക്കുമോ? എന്താണ് സംഭവിക്കാൻ പോകുന്നത്? " എന്നിങ്ങനെ നാം ചിന്തിച്ചേക്കാം. ചെറിയൊരു കുലുക്കം പോലും നമ്മെ ഭയപ്പെടുത്തിയേക്കാം.

എന്നാൽ എന്റെ സുഹൃത്തുക്കളേ, എനിക്ക് എല്ലായ്പ്പോഴും വലിയ ആത്മവിശ്വാസം ഉണ്ട്. ഒട്ടും ഭയവുമില്ല കാരണം, ഈ യാത്രയിൽ ഞാൻ കർത്താവിന്റെ ഹിതം നിറവേറ്റുകയാണെന്ന് എനിക്കറിയാം. അവൻ എന്നെ പരിപാലിക്കുമെന്നും എന്നെ സംരക്ഷിക്കുമെന്നും എനിക്കായി അവൻ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്ക്  സുരക്ഷിതമായി  കൊണ്ടുവരുമെന്നും ഞാൻ വിശ്വസിക്കുന്നു. ഭയപ്പെടുത്തുന്ന സാഹചര്യങ്ങളിൽ നാം ഭയപ്പെടേണ്ടതില്ല, കാരണം കർത്താവാണ് നമ്മുടെ പാറ. ഇങ്ങനെയാണ് അവൻ നമ്മെ ഉറപ്പിച്ചുനിർത്തുന്നതും, നാം കുലുങ്ങിപ്പോകാതെ കാത്തുകൊള്ളുകയും ചെയ്യുന്നത്. കർത്താവിന്റെ ഇഷ്ടം ചെയ്യാൻ നാം സ്വയം സമർപ്പിക്കുമ്പോൾ, നമുക്ക് ഭയമില്ലാതെ മുന്നോട്ട് നടക്കാൻ കഴിയും. അവന്റെ ഉദ്ദേശ്യം നിറവേറ്റാൻ നാം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുമ്പോൾ, ഭയത്തിന് നമ്മെ കീഴടക്കാൻ കഴിയുകയില്ല.

ഒരു വിമാനയാത്രയിൽ സംഭവിക്കാവുന്നതുപോലെ, നമ്മുടെ ജീവിതയാത്രയിലും അനേകം തടസ്സങ്ങൾ ഉണ്ടായേക്കാം. നാം മുന്നോട്ട് പോകാതിരിക്കാനായി ആരെങ്കിലും നമ്മുടെ പാതയിൽ തടസ്സം സൃഷ്ടിച്ചേക്കാം. ആളുകൾ നമ്മെ ആക്രമിക്കുകയോ എന്തെങ്കിലും നിർമ്മിക്കാൻ ശ്രമിക്കുമ്പോൾ കനത്ത നഷ്ടം നേരിടുകയോ അപ്രതീക്ഷിതമായ നിരവധി വെല്ലുവിളികൾ നേരിടുകയോ ചെയ്യുന്ന ഭയാനകമായ സാഹചര്യങ്ങൾ നാം അഭിമുഖീകരിച്ചേക്കാം.

എന്നാൽ ഇന്ന്, കർത്താവ് പറയുന്നു, "നിങ്ങൾ എന്റെ ഇഷ്ടം ചെയ്യുന്നതിനാൽ ഞാൻ നിങ്ങളുടെ പാറയായിത്തീരും. നിങ്ങളെ കുലുക്കാൻ ഞാൻ അനുവദിക്കില്ല ". അതിനാൽ, നിങ്ങളുടെ ഹൃദയം പൂർണ്ണമായും അവനിൽ ഉറപ്പിക്കുക. നാം എന്തിന് ഭയപ്പെടണം? കർത്താവ് നമ്മുടെ പാറയാണ്, അവന്റെ ഇഷ്ടം ചെയ്യാൻ നാം പ്രതിജ്ഞാബദ്ധരാണ്. അവൻ നമ്മുടെ അടിസ്ഥാനവും ഈ വാക്യം പറയുന്നതുപോലെ നമ്മുടെ രക്ഷയുമായിരിക്കും. ഭയാനകമായ കാര്യങ്ങൾ സംഭവിക്കുമ്പോഴും, കർത്താവ് നമ്മെ രക്ഷിക്കാനും മഹത്തായ അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കാനും നമ്മെ വിടുവിക്കാനും വേഗത്തിൽ വരുന്നു.

അതിനാൽ, നിങ്ങളുടെ തൊഴിൽ, ശുശ്രൂഷ, ജീവിതം, ജോലി, വിളി എന്നിവയിൽ കർത്താവിന്റെ ഇഷ്ടം ചെയ്യാൻ ഇന്ന് നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ-പൂർണ്ണമായും സമർപ്പിക്കുക. "കർത്താവേ, ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനിടയാകരുതേ." എന്ന് പ്രാർത്ഥിക്കുക. സാമ്പത്തിക നേട്ടത്തിനോ വ്യക്തിപരമായ അഭിമാനത്തിനോ അല്ലെങ്കിൽ മറ്റൊരാളെ അനുകരിക്കാൻ വേണ്ടിയോ മാത്രം ഒന്നും ചെയ്യരുത്. പകരം, ദൈവത്തിന്റെ ഉദ്ദേശ്യത്തിനായി നിങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കുക. നിങ്ങൾ അവന്റെ ഇഷ്ടം ചെയ്യുമ്പോൾ നിങ്ങളുടെ ഹൃദയം ഒരിക്കലും ഭയപ്പെടുകയില്ല. അപ്പോൾ "കർത്താവ് എന്റെ പാറയും രക്ഷയും ആണെന്ന് എനിക്കറിയാം" എന്ന് നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാൻ കഴിയും.

PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ ഇഷ്ടം നിറവേറ്റാനായി ഞാൻ എന്റെ ജീവിതം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും അങ്ങ് എന്റെ പാറയും രക്ഷയും  ഗോപുരവും ആയിരിക്കണമേ. എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ ഭയവും നീക്കി, അങ്ങയുടെ സമാധാനവും ആത്മവിശ്വാസവും കൊണ്ട് എന്നെ നിറയ്‌ക്കണമേ. എല്ലാ അപകടങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കണമേ. അങ്ങയുടെ ഹിതപ്രകാരം എന്റെ ജോലിയിലും ശുശ്രൂഷയിലും തൊഴിലിലും വിളിയിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നെ നയിക്കണമേ. എന്റെ മുന്നിൽ അങ്ങയുടെ വഴി തുറക്കുകയും അതിൽ വിശ്വസ്തതയോടെ നടക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. ശക്തമായ അത്ഭുതങ്ങൾ പ്രവർത്തിച്ച്, എല്ലാ ഉപദ്രവങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ച്, വിജയകരമായി എന്നെ നയിക്കണമേ. അങ്ങയുടെ വിളി എന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ, അങ്ങയോടൊപ്പം നടക്കുന്നതിന്റെ സന്തോഷം അനുഭവിക്കാൻ എനിക്ക് ഇടയാകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.