പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് നാം സദൃശവാക്യങ്ങൾ 4:12 ധ്യാനിക്കാൻ പോകുന്നു. അത് ഇപ്രകാരം പറയുന്നു, "നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല."  നമ്മുടെ വഴികളിൽ അവന് പ്രസാദമുള്ളതുകൊണ്ട്, നമ്മുടെ കർത്താവ് നമ്മുടെ ചുവടുകളെ ക്രമീകരിക്കുന്നു. സങ്കീർത്തനം 18:36 - ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു: "ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല." എത്ര സ്നേഹവാനായ ദൈവമാണ് നമുക്കുള്ളത്! അല്ലെ? നമ്മുടെ ജീവിതത്തിലെ ഓരോ ചുവടും കർത്താവ് നിരീക്ഷിക്കുന്നു. അവൻ നമ്മെ  വളരെയധികം ശ്രദ്ധിക്കുന്നു. കൊച്ചു കുട്ടികളെ അവരുടെ കൈപിടിച്ച് എടുക്കുമ്പോൾ, അവർ വഴുതി വീഴാതിരിക്കാൻ നാം അവരെ മുറുകെ പിടിക്കുന്നു, അല്ലേ? ഒരിക്കൽ, ഞാൻ റോഡ് മുറിച്ചുകടക്കുമ്പോൾ, ഞാൻ എന്റെ കൊച്ചുമകൾ കാറ്റിയുടെ കൈ പിടിച്ചിരുന്നു. അവൾ എന്റെ കൈ പിടിക്കുകയാണെങ്കിൽ ചിലപ്പോൾ പിടിവിട്ടുപോകാൻ സാധ്യതയുണ്ടായിരുന്നതുകൊണ്ട്, അവളുടെ കൈ ഞാൻ തന്നെ മുറുകെ പിടിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

അതുപോലെ, കർത്താവ് നമ്മുടെ ചുവടുകൾ ക്രമീകരിക്കുകയും നമ്മെ കൈകൊണ്ട് പിടിക്കുകയും ചെയ്യുന്നു. ശലോമോനും തന്റെ മകനെക്കുറിച്ച് വളരെയധികം കരുതലുള്ളവനായിരുന്നു. അതുകൊണ്ടാണ് സദൃശവാക്യങ്ങൾ 4:10-13 ൽ അവൻ അവന് നിർദ്ദേശങ്ങൾ നൽകിയത്. അവൻ പറഞ്ഞു, "മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു. നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ." നമുക്ക് ജ്ഞാനം നൽകുന്ന ദൈവത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ അവൻ നമ്മോട് പറയുന്നു. അപ്പോൾ കർത്താവ് നമ്മുടെ പാതകളെ നേരായതും വിശാലവുമാക്കും; നാം വഴുതിവീഴുകയില്ല. അതെ, പ്രിയ സുഹൃത്തുക്കളേ, ജ്ഞാനം നമ്മുടെ ഹൃദയങ്ങളെ, മറഞ്ഞിരിക്കുന്ന കെണിയിൽ നിന്ന് അകറ്റി നിർത്തുന്നു. ലോകം ദുഷ്ടത നിറഞ്ഞതാണ്, നമ്മൾ വഴുതി വീഴുന്നത് കാണാൻ ആഗ്രഹിക്കുന്ന ആളുകളുണ്ട്. എന്നാൽ ദൈവം നമ്മുടെ പാതകളെ സംരക്ഷിക്കുകയും നമ്മുടെ ചുവടുകളെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അവൻ നമുക്ക് വ്യക്തവും വിശാലവുമായ ഒരു പാത നൽകുന്നു. നാം അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കുമ്പോൾ, നമുക്ക് ആത്മവിശ്വാസത്തോടെ നടക്കാൻ കഴിയുന്ന വിധത്തിൽ അവൻ എല്ലാ ദിവസവും നമുക്ക് വാഗ്‌ദത്തങ്ങളും നൽകുന്നു.

നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു എന്ന് വേദപുസ്തകം പറയുന്നു (സദൃശവാക്യങ്ങൾ 4:18). അതെ, നമ്മുടെ പാതകൾ ഓരോ ദിവസവും കൂടുതൽ കൂടുതൽ പ്രകാശപൂരിതമായിത്തീരും. കർത്താവ് നമ്മെ നയിക്കുന്നതിനാൽ, കാൽ വഴുതി വീഴുമോ എന്ന് നാം ഭയപ്പെടേണ്ടതില്ല. സങ്കീർത്തനം 18:29 ൽ ദാവീദ് പറഞ്ഞതുപോലെ, ദൈവത്തിന്റെ സഹായത്തോടെ നമുക്ക് പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലാനും മതിൽ ചാടിക്കടക്കാനും കഴിയും. നാം താഴേക്ക് പോകില്ല; പകരം, നാം കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകും. സ്ഥിരമായ പുരോഗതി നാം കൈവരിക്കും. ആമയുടെയും മുയലിന്റെയും കഥ നിങ്ങൾ കേട്ടിരിക്കാം. ആമ സ്ഥിരമായ പുരോഗതി കൈവരിച്ചു. അത് പിന്മാറാതെ, മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അതെ, നമുക്ക് ദൈവത്തിന്റെ ജ്ഞാനം ലഭിക്കുമ്പോൾ, നാമും സ്ഥിരമായ പുരോഗതി കൈവരിക്കും. ദൈവത്തിന്റെ സഹായത്തോടെ നിങ്ങൾക്കും മുന്നേറാൻ കഴിയും. ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റം കാണാൻ നിങ്ങൾക്ക് കഴിയും. അതെ, പ്രിയ സുഹൃത്തുക്കളേ, നിങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താൻ കർത്താവിന്റെ കരം ഇന്ന് നിങ്ങളുടെ മേൽ വരുന്നു. നിങ്ങൾ നടക്കുമ്പോൾ നിങ്ങളുടെ കാലടികൾക്ക് യാതൊരു തടസ്സവും നേരിടുകയില്ല. ശത്രു പ്രളയംപോലെ വന്നാലും, കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും (യെശയ്യാവ് 59:19). ഒരു ശത്രുവിനും നിങ്ങൾക്കെതിരെ വന്ന് നിങ്ങളുടെ പുരോഗതി തടയാൻ കഴിയില്ല. നിങ്ങൾ താഴ്ന്ന നിലയിൽ തന്നെ തുടരുകയില്ല, മറിച്ച് നിങ്ങൾ ഉയരങ്ങളിലേക്ക് ഉയർത്തപ്പെടും. പ്രിയ സുഹൃത്തേ, ധൈര്യമായിരിക്കുക! നിങ്ങളെ ഉയർത്താനായി ദൈവത്തിന്റെ കരം നിങ്ങളുടെ മേൽ വരുന്നു.

PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ ശക്തമായ കരം എന്റെമേൽ വരികയും എന്നെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തുകയും ചെയ്യണമേ. ഇടറുന്നതിനോ വീഴുന്നതിനോ അനുവദിക്കാതെ എന്റെ കരം പിടിച്ച് എന്നെ മുന്നോട്ട് നയിക്കണമേ. എന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളെയും തൊട്ട് സൗഖ്യമാക്കണമേ. എന്റെ പ്രവർത്തനക്ഷമത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവയവങ്ങളെ പുനഃസ്ഥാപിച്ച് എനിക്ക് നല്ല ആരോഗ്യം നൽകണമേ. എല്ലാ പരാജയങ്ങളിൽ നിന്നും എന്നെ ഉയർത്തുകയും എന്റെ ജീവിതത്തിലേക്ക് പുരോഗതി കൊണ്ടുവരികയും ചെയ്യണമേ. എന്റെ മത്സരപരീക്ഷകളിൽ വിജയം നൽകി എന്നെ അനുഗ്രഹിക്കുകയും ഒരു ഐഎഎസ് അല്ലെങ്കിൽ ഐആർഎസ് ഉദ്യോഗസ്ഥനാകാൻ സഹായിക്കുകയും ചെയ്യണമേ. എന്റെ ജോലിയിൽ സ്ഥാനക്കയറ്റവും എന്റെ ബിസിനസ്സിൽ വളർച്ചയും കുടുംബത്തിന് ബഹുമാനവും ലഭിക്കാൻ ഇടയാക്കണമേ. എല്ലാ ലജ്ജയും അപമാനവും നീക്കുകയും തല ഉയർത്തിപ്പിടിച്ച് നടക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.