"വളരെ പ്രതിഫലം ഉണ്ടു." സങ്കീർത്തനം 19:11-ൽ കാണപ്പെടുന്ന ദൈവത്തിന്റെ വാഗ്‌ദത്തമാണിത്. നിങ്ങൾ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുമ്പോഴും അവന്റെ നിയമങ്ങൾ പാലിക്കുമ്പോഴും ഈ പ്രതിഫലം ലഭിക്കുന്നു. 8-ഉം 9-ഉം വാക്യങ്ങൾ നിങ്ങൾ വായിക്കുമ്പോൾ, ദൈവത്തിന്റെ ന്യായവിധി നിമിത്തം നമുക്ക് ഒരു വലിയ പ്രതിഫലം ലഭിക്കുന്നുവെന്ന് വേദപുസ്തകം പറയുന്നു. ദൈവം ഈ ന്യായവിധി നൽകുന്നത് എന്തുകൊണ്ടാണ്? വാക്യം 9 പറയുന്നത് നിങ്ങളിൽ ഉള്ള ദൈവഭയം നിമിത്തമാണ്. നിങ്ങൾ കർത്താവിനെ ഭയപ്പെട്ട് നീതിമാന്മാരായി ജീവിച്ച് നിങ്ങളുടെ ഹൃദയം അവനു നൽകുമ്പോഴാണ് പ്രതിഫലത്തിനായുള്ള ദൈവത്തിന്റെ ന്യായവിധി ലഭിക്കുന്നത്. വെറും പ്രതിഫലമല്ല, മറിച്ച് വളരെ പ്രതിഫലം തന്നെ! നിങ്ങൾക്ക് കർത്താവിൽ നിന്ന് വലിയ പ്രതിഫലം ലഭിക്കാൻ പോകുന്നു. കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. അവർ കറ്റകളും സന്തോഷത്തിന്റെ കെട്ടുകളും വഹിച്ചുകൊണ്ട് തിരിച്ചുവരും. നിങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷത്തോടുകൂടിയ പ്രതിഫലം കൊണ്ടുവരിക എന്ന ദൈവത്തിന്റെ പദ്ധതിയാണിത്.

ദൈവം നിങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ സമൃദ്ധമായി അനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അനുഗ്രഹം മാത്രമല്ല, ശമ്പളവുമല്ല, നിങ്ങളുടെ മേലുദ്യോഗസ്ഥനിൽ നിന്നുള്ള "നന്ദി" മാത്രമല്ല, ആളുകളിൽ നിന്നുള്ള പ്രശംസയും അല്ല, വർഷങ്ങളുടെ അധ്വാനത്തിനു ശേഷമുള്ള ഒരു വീടുമല്ല, കർത്താവ് പറയുന്നു, "അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും." യേശുവിനു മാത്രമേ നിങ്ങൾക്ക് സന്തോഷം നൽകാൻ കഴിയൂ, കർത്താവിന്റെ സന്തോഷമാണ് നിങ്ങളുടെ ബലം. ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകാനും വളരെ പ്രതിഫലം നൽകാനും ആഗ്രഹിക്കുന്നു. മത്തായി 19:29-30-ൽ പറയുന്നതുപോലെ, യേശുക്രിസ്തുവിനുവേണ്ടി എന്തും ഉപേക്ഷിക്കുന്നവർക്ക്, അവൻ ഈ ലോകത്തിൽ നൂറുമടങ്ങ് പ്രതിഫലവും നിത്യജീവനും നൽകുന്നു. ആ നിത്യജീവൻ ദൈവരാജ്യമാണ്. ദൈവരാജ്യം എന്നത് നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. ഇതാണ് ദൈവം നിങ്ങൾക്ക് ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നത്. നിങ്ങളുടെ കൈകളുടെ പ്രവൃത്തി നിങ്ങൾ ആസ്വദിക്കണമെന്നും, എല്ലായിടത്തും സ്നേഹവും സന്തോഷവും അനുഭവിക്കണമെന്നും, എല്ലാവരുമായും സമാധാനം പുലർത്തണമെന്നും, സമാധാനത്തോടെ ഉറങ്ങാൻ പോകണമെന്നും, സമാധാനത്തോടെ ഉണരണമെന്നും, സമാധാനം പ്രാപിക്കണമെന്നും, എല്ലാറ്റിനുമുപരി, നീതിയിൽ ജീവിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു.

അതെ, എല്ലാവരും നിങ്ങളെ നീതിമാൻ എന്ന് വിളിക്കും. പിശാച് പോലും  “അവൻ ഒരു നീതിമാനായ പുരുഷനാണ്,” “അവൾ ഒരു നീതിമാനായ സ്ത്രീയാണ്” എന്ന് പറയും. ഏറ്റവും ദുഷ്ടനും അത് പ്രഖ്യാപിക്കും. നിങ്ങളെ നീതിമാന്മാരായി നിലനിർത്തുകയും നിങ്ങളുടെ നീതിക്കായി നിങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന യേശുക്രിസ്തുവിലൂടെ നിങ്ങൾ പൂണ്ണജയം പ്രാപിച്ചവരായിരിക്കും. ദൈവം നിങ്ങൾക്ക് ഈ കൃപ നൽകുകയും ഇന്ന് നിങ്ങൾക്ക് വളരെ പ്രതിഫലം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. ദൈവം അബ്രഹാമിന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു, “അബ്രഹാമേ, ഞാൻ നിന്റെ അതിമഹത്തായ പ്രതിഫലമാണ്. നീതിയോടും താഴ്മയോടും കൂടി എന്റെ മുമ്പാകെ നടക്കുക. ഞാൻ പറയുന്നത് അനുസരിക്കുക. ഞാൻ തന്നെയാണ് നിന്റെ പ്രതിഫലം, ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും.” എത്ര സന്തോഷം!

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ വഴികളിൽ നടക്കുന്നവർക്ക് വളരെ പ്രതിഫലം ലഭിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. അങ്ങയുടെ കല്പനകൾ പാലിക്കാനും അങ്ങയോടുള്ള ഭയഭക്തിയിൽ ജീവിക്കാനും ആഗ്രഹിക്കുന്ന ഒരു എളിമയുള്ള ഹൃദയത്തോടെയാണ് ഞാൻ അങ്ങയുടെ മുമ്പാകെ വരുന്നത്. കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിലൂടെ എന്റെ ജീവിതത്തെ നീതി, സമാധാനം, സന്തോഷം എന്നിവയാൽ നിറയ്ക്കണമേ. അങ്ങ് സന്തോഷത്തിന്റെ ഒരു വിളവ് കൊണ്ടുവരുമെന്ന് അറിഞ്ഞുകൊണ്ട്, എന്റെ കണ്ണുനീരിൽ പോലും വിശ്വാസത്തോടെ വിതയ്ക്കാൻ എന്നെ സഹായിക്കണമേ. ഈ ലോകത്തിലെ പ്രതിഫലങ്ങൾ മാത്രമല്ല, അങ്ങയുടെ സാന്നിധ്യത്തിൽ നിന്ന് വരുന്ന സന്തോഷവും, അങ്ങ് നൽകുന്ന അനുഗ്രഹങ്ങളും ആസ്വദിക്കാൻ എന്നെ പഠിപ്പിക്കണമേ. എല്ലാ സമയത്തും എന്റെ ഹൃദയം നന്ദിയും സമാധാനവും കൊണ്ട് നിറഞ്ഞു കവിയട്ടെ. മറ്റുള്ളവർ എന്നിൽ അങ്ങയുടെ നീതി കാണട്ടെ. "ഞാൻ നിന്റെ അതിമഹത്തായ പ്രതിഫലമാണ്" എന്ന് അങ്ങ് അബ്രഹാമിനോട് പറഞ്ഞതുപോലെ, ഇന്ന് ഞാൻ ആ വാക്ക് സ്വീകരിക്കുന്നു. കർത്താവേ, അങ്ങാണ് എന്റെ പ്രതിഫലം. എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കണമേ. എന്നോടൊപ്പം നടക്കണമേ, എന്നെ നയിക്കണമേ, പൂർണ്ണഹൃദയത്തോടെ അങ്ങയെ അനുസരിക്കാൻ എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.