എന്റെ പ്രിയ ദൈവപൈതലേ, നിങ്ങളുടെ എല്ലാ പ്രയാസങ്ങളിൽ നിന്നും കർത്താവ് നിങ്ങളെ വിടുവിച്ച് അനുഗ്രഹിക്കട്ടെ. ദൈവത്തിന്റെ ഇന്നത്തെ വാഗ്‌ദത്തം യോശുവ 5:9 ൽ നിന്നുള്ളതാണ്. അത് ഇപ്രകാരം പറയുന്നു, “ഇന്നു ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളിൽനിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു." യിസ്രായേൽ മക്കൾക്ക് മിസ്രയീമ്യർക്കിടയിൽ കഷ്ടപ്പെടേണ്ടിവന്നു. അവരെ അടിമകളായി കണക്കാക്കുകയും കഠിനാധ്വാനം ചെയ്യേണ്ടിവരികയും ചെയ്തു. എന്നാൽ അവർ കർത്താവിനെ നോക്കി നിലവിളിച്ചു. അക്കാലത്ത് കർത്താവ് മോശെയെ അയച്ച് അത്ഭുതകരമായി അവരെ രക്ഷിച്ചു. അതുപോലെ, ദൈവത്തിന്റെ പ്രിയപൈതലേ, നാമും ഈ ലോകത്തിൽ അനർത്ഥങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയേക്കാം. എല്ലാത്തരം നിന്ദകളും നമുക്ക് നേരിടേണ്ടിവന്നേക്കാം.

വേദപുസ്തക കാലഘട്ടത്തിൽ, യാക്കോബിന്റെ ഭാര്യയായ റാഹേൽ, തനിക്ക് മക്കളില്ലെന്നും നിന്ദ നേരിടുകയാണെന്നും നിലവിളിച്ചു. അവളുടെ നിലവിളി കേട്ട് ദൈവം അവൾക്ക് രണ്ട് മക്കളെ നൽകി അനുഗ്രഹിച്ചു. പുതിയനിയമത്തിൽ, ദൈവഭക്തനായ സെഖര്യാവ് എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ ഭാര്യയ്ക്കും മക്കളില്ലായിരുന്നു. വന്ധ്യത, തൊഴിലില്ലായ്മ, ബിസിനസ്സ് നഷ്ടം തുടങ്ങിയ സമാനമായ വെല്ലുവിളികൾ നിങ്ങൾ നേരിടുന്നുണ്ടാകാം, നിങ്ങൾ നിന്ദ നേരിടുന്നുണ്ടാകാം. കർത്താവായ യേശു തന്നെ അത്യന്തം നിന്ദ സഹിച്ച കുരിശിങ്കലേക്ക് എപ്പോഴും നോക്കാൻ നിങ്ങൾ ഓർക്കണം. കുരിശിൽ തൂങ്ങി, സ്വന്തം ജീവൻ നൽകി, എല്ലാം ത്യജിച്ചുകൊണ്ട്, പിതാവിന്റെ മുമ്പാകെ അവൻ തന്നെത്തന്നെ താഴ്ത്തി. ക്രൂശിൽ നമുക്കുവേണ്ടി എല്ലാം ചെയ്തു കഴിഞ്ഞു. അപ്പോൾ, നിന്ദ നേരിടുമ്പോൾ നാം എന്തു ചെയ്യണം? നാം യേശുവിനെ നോക്കി നിലവിളിക്കണം, "കർത്താവേ, അങ്ങ് നിന്ദയിലൂടെ കടന്നുപോയി. ഇപ്പോൾ ഞാൻ നിന്ദയിലൂടെ കടന്നുപോകുകയാണ്. യജമാനനേ, ദയവായി എന്നെ രക്ഷിക്കേണമേ. പിതാവേ, ഈ നിന്ദകളിൽനിന്നു പുറത്തുകടക്കാൻ എന്നെ സഹായിക്കണമേ."

നിന്ദകൾ വരും. ഈ ലോകം അന്ധകാരം നിറഞ്ഞതാണ്. ഇതൊരു നന്ദികെട്ട ലോകമാണ്. ചിലപ്പോൾ, നിങ്ങൾ സഹായിക്കുകയും പരിചരിക്കുകയും ചെയ്തവരിൽ നിന്ന് പോലും നിന്ദ വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ നാം എന്താണ് ചെയ്യേണ്ടത്? കുരിശിങ്കലേക്ക് നോക്കുക. കർത്താവായ യേശുക്രിസ്തുവിന്റെ മുൻപിൽ മുട്ടുകുത്തികൊണ്ട് പിതാവേ, എല്ലാ നിന്ദകളിൽ നിന്നും, സകലവിധ ദുർബ്ബലതകളിൽനിന്നും സകലവിധ കഷ്ടതകളിൽനിന്നും എന്നെ രക്ഷിക്കണമേ എന്നു നിലവിളിക്കുക. നിങ്ങൾ അങ്ങനെ നിലവിളിക്കുമ്പോൾ, കർത്താവ് തന്നെ നിന്ദയിലൂടെ കടന്നുപോയതിനാൽ നിങ്ങളുടെ വേദന പൂർണ്ണമായും മനസ്സിലാക്കും. ഇപ്പോൾത്തന്നെ , എന്റെ സുഹൃത്തേ, നിങ്ങൾ പ്രാർത്ഥനയിൽ കർത്താവിനെ നോക്കുമോ? നിങ്ങളുടെ നിന്ദ എന്തുതന്നെയായാലും അത് നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇല്ലാതാക്കാൻ ദൈവത്തിന് കഴിയും. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കർത്താവിന്റെ മുൻപിൽ നിങ്ങളെത്തന്നെ താഴ്ത്തി അവനോട് നിലവിളിക്കുക. അവൻ നിങ്ങളെ എല്ലാത്തരം നിന്ദകളിൽ നിന്നും വിടുവിക്കും.

PRAYER:
സ്നേഹവാനായ പിതാവേ, എന്റെ കണ്ണുനീർ ഒക്കെയും കാണുകയും എന്റെ എല്ലാ നിന്ദയും മനസ്സിലാക്കുകയും ചെയ്യുന്ന ദൈവമാണ് അങ്ങ്. ലജ്ജയും സങ്കടവും തിരസ്കരണവും നിറഞ്ഞ ഹൃദയത്തോടെയാണ് ഇന്ന് ഞാൻ അങ്ങയുടെ മുമ്പിൽ വരുന്നത്. അങ്ങയുടെ മക്കളിൽ നിന്ന് അങ്ങ് മിസ്രയീമിന്റെ നിന്ദ ഉരുട്ടിക്കളഞ്ഞതുപോലെ, എന്റെ ജീവിതത്തിലെ എല്ലാ ഭാരവും ഉരുട്ടിക്കളയണമേ. കർത്താവായ യേശുവേ, എനിക്കുവേണ്ടി അങ്ങ് ക്രൂശിൽ ആത്യന്തിക നിന്ദ സഹിച്ചു, അതിനാൽ അങ്ങേക്ക് എന്നെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുമെന്ന് എനിക്കറിയാം. പിതാവേ, എന്റെ ജീവിതത്തിൽ ലജ്ജയും പരാജയവും സൃഷ്ടിക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കണമെന്ന് ഞാൻ ഇപ്പോൾ തന്നെ അങ്ങയോട് അപേക്ഷിക്കുന്നു. അങ്ങ് മാത്രമാണ് എന്റെ സഹായവും പ്രത്യാശയും. അങ്ങയുടെ പരിശുദ്ധാത്മാവ് എന്നെ  സമാധാനവും ശക്തിയും പുനരുദ്ധാരണവും കൊണ്ട് നിറയ്ക്കട്ടെ. കർത്താവേ, എന്റെ വിലാപം സന്തോഷമായും എന്റെ നിന്ദ ബഹുമാനമായും മാറ്റാൻ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു. എന്നെ ആഴമായി സ്നേഹിച്ചതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.