പ്രിയ സുഹൃത്തേ, ഇന്ന് നാം II കൊരിന്ത്യർ 12:9 ധ്യാനിക്കാൻ പോകുന്നു. കർത്താവ് പറയുന്നു, “എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” NLT പരിഭാഷയിൽ, അത് പറയുന്നു, "എന്റെ കൃപ മാത്രമാണ് നിങ്ങൾക്ക് ആവശ്യമുള്ളത്. ബലഹീനതയിലാണ് എന്റെ ശക്തി, ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്." വേദപുസ്തകത്തിൽ, പൗലൊസിന് ജഡത്തിൽ ഒരു ശൂലം നൽകപ്പെട്ടു, അത് എടുത്തുകളയാൻ അവൻ മൂന്ന് വട്ടം ദൈവത്തോട് അപേക്ഷിച്ചു. "വേദനയില്ല, നേട്ടമില്ല" എന്ന് പറയുന്ന ഒരു പഴഞ്ചൊല്ലുണ്ട്. ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദന നാളെ നിങ്ങൾ അനുഭവിക്കുന്ന ശക്തിയായി മാറും. എന്നാൽ ചിലർക്ക് വേദന സഹിക്കാൻ കഴിയാതെ ദൈവത്തോട് കോപിക്കുന്നു. ചിലപ്പോൾ അവർ ഇങ്ങനെ പ്രാർത്ഥിക്കുന്നു: " അങ്ങ് എന്നെ സുഖപ്പെടുത്തുന്നില്ലെങ്കിൽ, ഞാൻ ഇനി അങ്ങയെ സേവിക്കാൻ പോകുന്നില്ല." ഒടുവിൽ, അവർ വിഷാദത്തിലേക്ക് വീഴുന്നു. എന്നാൽ നാം എത്രത്തോളം വേദനകളിലൂടെ കടന്നുപോകുന്നുവോ അത്രത്തോളം നമുക്ക് ദൈവത്തിൽ നിന്ന് കൂടുതൽ ശക്തി ലഭിക്കുന്നു എന്നതാണ് സത്യം.
നമ്മുടെ ജീവിതത്തിലെ വേദനകളിലൂടെ ദൈവം താഴ്മ പഠിപ്പിക്കുന്നു. നമുക്ക് അവനോട് കൂടുതൽ അടുക്കാൻ അവൻ ഈ അനുഭവങ്ങൾ അനുവദിക്കുന്നു. അതുകൊണ്ടാണ് അപ്പൊ. പ്രവൃത്തികൾ 14:22-ൽ വേദപുസ്തകം പറയുന്നത്, "നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു." എല്ലാ ദിവസവും, നാം നമ്മുടെ കുരിശ് ചുമക്കണം. അപ്പോൾ മാത്രമേ നമുക്ക് അവനെ യഥാർത്ഥത്തിൽ അനുഗമിക്കാൻ കഴിയൂ. നാം വേദന സഹിക്കണം, കഷ്ടപ്പാടുകൾ സഹിക്കണം, വിശ്വാസികൾ എന്ന നിലയിൽ ദൈവത്തോട് പറയണം, "കർത്താവേ, ഞാൻ കഷ്ടപ്പെടുന്നത് എന്റെ നന്മയ്ക്കാണ്." എന്നാൽ മറുവശത്ത്, “കർത്താവേ, എന്റെ ജീവിതത്തിൽ നിന്ന് ഈ ശൂലം എടുത്തുകളയേണമേ” എന്ന് നാം പ്രാർത്ഥിക്കുമ്പോൾ, നാം പ്രതീക്ഷിക്കുന്ന ഉത്തരം എല്ലായ്‌പ്പോഴും നമുക്ക് ലഭിച്ചെന്നു വരില്ല. പകരം, ദൈവം പറയുന്നു, “എന്റെ പൈതലേ, എന്റെ കൃപ നിനക്കു മതി.” ഇന്ന് നാം നേരിടുന്ന ശൂലം ശാരീരികമോ വൈകാരികമോ ആത്മീയമോ ആകട്ടെ, ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് നാം വിശ്വസിക്കണം. അവന്റെ കൃപ നിങ്ങൾക്ക് മതി. നാം നേരിടുന്ന ഏത് തരത്തിലുള്ള വേദനയും സുഖപ്പെടുത്താൻ ദൈവത്തിന്റെ കൃപയ്ക്ക് കഴിയും.
II കൊരിന്ത്യർ 3:5 പറയുന്നതുപോലെ, "ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ." കർത്താവിന്റെ കൃപ നിങ്ങൾക്ക് മതിയാകട്ടെ. യേശുക്രിസ്തുവിലുള്ള കൃപയാൽ നിങ്ങൾ ശക്തിപ്പെടട്ടെ. നമ്മുടെ കർത്താവായ യേശു ഇതിനകം നിങ്ങൾക്കുവേണ്ടി സഹിച്ചിട്ടുണ്ട്. നിങ്ങളുടെ ഭാരങ്ങൾ നിങ്ങൾ ചുമക്കേണ്ടതില്ല. അവൻ അവയെ കുരിശിൽ ചുമന്നു കഴിഞ്ഞു. അതുകൊണ്ട് നമുക്ക് കർത്താവിൽ നിന്ന് വരുന്ന കൃപയിൽ ദിനംപ്രതി ആശ്രയിക്കാം. നിങ്ങളുടെ പ്രാപ്തി അവനിൽ നിന്ന് വരട്ടെ.
PRAYER:
സ്നേഹവാനായ കർത്താവേ, എന്നെ താങ്ങിനിർത്തുന്ന അങ്ങയുടെ കൃപയ്ക്ക് നന്ദി. ഞാൻ ബലഹീനയായിരിക്കുമ്പോൾ, അങ്ങാണ് എന്റെ ശക്തിയും പരിചയും. എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചില്ലെന്ന് തോന്നുമ്പോഴും, അങ്ങ് എന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്നു. ശൂലത്തെ സ്വീകരിക്കാനും അങ്ങയുടെ ഉദ്ദേശ്യത്തിൽ വിശ്വസിക്കാനും എന്നെ പഠിപ്പിക്കേണമേ. വേദനയിൽ കയ്പേറിയവളാകാതെ, അങ്ങയോട് കൂടുതൽ അടുക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ കൃപ എന്റെ ദൈനംദിന ഓഹരിയും എന്റെ ശാന്തമായ ആത്മവിശ്വാസവും ആയിരിക്കട്ടെ. ജീവിതത്തിലെ കൊടുങ്കാറ്റുകളിലും എന്റെ ഹൃദയത്തെ സമാധാനം കൊണ്ട് നിറയ്ക്കണമേ. എന്റെ ഭാരങ്ങൾ കുരിശിലൂടെ അങ്ങ് ഇതിനകം വഹിച്ചിട്ടുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കണമേ. കർത്താവേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ എന്നെ ശക്തിപ്പെടുത്തണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.