എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്നത്തെ വാഗ്ദത്ത വചനം സദൃശവാക്യങ്ങൾ 16:3 ൽ നിന്നുള്ളതാണ്. അത് ഇപ്രകാരം പറയുന്നു. "നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും." വലുതോ ചെറുതോ ആയ എല്ലാ കാര്യങ്ങളും ദൈവത്തിന്റെ കൈകളിലേക്ക് സമർപ്പിക്കുന്നത് എത്ര അനുഗ്രഹീതമായ കാര്യമാണ്! നാം ഇത് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്? എല്ലാ കാര്യങ്ങളും സാധിക്കും. നിങ്ങൾ ചെയ്യുന്നതെന്തും കർത്താവായ യേശുക്രിസ്തുവിന് സമർപ്പിക്കുക, അവൻ നിങ്ങളുടെ ഉദ്ദേശങ്ങളെ സാധിപ്പിച്ചുതരും. സഭാപ്രസംഗി 3:22 നമ്മോട് പറയുന്നത്, നാം നമ്മുടെ പ്രവൃത്തികളിൽ സന്തോഷിക്കണം എന്നാണ്. റോമർ 2:7 ഇപ്രകാരം പറയുന്നു,  "നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവൻ കൊടുക്കും."

നാം എന്തു ചെയ്താലും, എപ്പോഴും നന്മ ചെയ്യാൻ പരിശ്രമിക്കണം. ആളുകളെ വെറുക്കുകയോ മറ്റുള്ളവരെ വേദനിപ്പിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യുന്നത് ദൈവഹിതമല്ല. നാം ആദ്യം ദൈവത്തെ സ്നേഹിക്കുകയും പിന്നീട് നമുക്ക് ചുറ്റുമുള്ള എല്ലാവരെയും സ്നേഹിക്കുകയും വേണം. 2 കൊരിന്ത്യർ 9:8 ഇപ്രകാരം പറയുന്നു, "നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു." നിങ്ങൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും നന്മയുള്ളതും ദൈവത്തിന് പ്രസാദകരവുമായിരിക്കുവാൻ ശ്രദ്ധിക്കണം. നിങ്ങളുടെ സഹമനുഷ്യരോടും കുടുംബാംഗങ്ങളോടും നിങ്ങൾക്കൊപ്പം ജോലി ചെയ്യുന്നവരോടും സ്നേഹത്തോടെയും കരുതലോടെയും പെരുമാറുകയും അവർക്ക് സഹായകരമായിരിക്കുകയും വേണം.

വേദപുസ്തകത്തിലെ, എസ്ഥേർ രാജ്ഞിയും ഇതേ രീതിയിൽ പ്രാർത്ഥിച്ചിട്ടുണ്ട്. അവൾ ഒരു രാജ്ഞിയായിരുന്നെങ്കിലും, കർത്താവിന്റെ മുൻപിൽ തന്നെത്തന്നെ താഴ്ത്തി, തന്റെ യെഹൂദജനത നശിച്ചുപോകാതിരിക്കാൻ മൂന്ന് ദിവസം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. സമയപരിധി കാരണം ഞാൻ ഇത് ചുരുക്കമായി വിവരിക്കുന്നു. അവളുടെ പ്രാർത്ഥനകൾ അവളുടെ ജനങ്ങൾക്ക് വലിയ മോചനം നൽകി. അതുകൊണ്ടാണ് എസ്ഥേർ പ്രാർത്ഥനാ ഗ്രൂപ്പ് ആരംഭിക്കാൻ ദൈവം എന്നെ നയിച്ചത്. ഈ ശുശ്രൂഷയിലൂടെ നിരവധി ആളുകൾ അനുഗ്രഹിക്കപ്പെടുന്നു. ഞാൻ എല്ലാം ദൈവത്തിന്റെ കൈകളിലേക്ക് ഏൽപ്പിച്ചിരിക്കുന്നു, ആയിരക്കണക്കിന് ആളുകളുടെ അനുഗ്രഹത്തിനായി ഈ എസ്ഥേർ പ്രാർത്ഥനാ ഗ്രൂപ്പ് നടത്തുന്നതിൽ കർത്താവ് എന്നെ അത്ഭുതകരമായി നയിക്കുന്നു. അതെ, എന്റെ സുഹൃത്തേ, നിങ്ങളും അങ്ങനെ ചെയ്യുക. ദൈവഭയത്തോടെ, അവന്റെ മഹത്വത്തിനായി എല്ലാം ചെയ്യുക. അവന്റെ ദൃഷ്ടിയിൽ പ്രസാദകരമായ ഒരു ജീവിതം നയിക്കുക. അപ്പോൾ നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും.

PRAYER:
എന്റെ വിലയേറിയ സ്വർഗ്ഗീയ പിതാവേ, എന്റെ ലളിതമായ പ്രാർത്ഥനകൾ കേൾക്കുന്നതിനും അവയ്ക്ക് ഉത്തരം നൽകുന്നതിനും അങ്ങേക്ക് നന്ദി. ഇപ്പോൾതന്നെ ഞാൻ എന്നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞാൻ ചെയ്യുന്നതെന്തും അങ്ങയുടെ ദൃഷ്ടിയിൽ പ്രസാദകരമായിരിക്കുവാൻ എന്നെ സഹായിക്കണമേ. ഞാൻ അനുസരിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്ന വഴികളിലൂടെ എന്നെ നയിക്കണമേ. പിതാവേ, അങ്ങയുടെ പരിപൂർണ്ണ ഹിതമനുസരിച്ച് എന്നെ വഴിനടത്തണമേ. ഞാൻ ചെയ്യുന്ന സകലകാര്യങ്ങളും അഭിവൃദ്ധി പ്രാപിക്കുവാനും അങ്ങയുടെ നാമത്തിന് മഹത്വം വരുത്തുവാനും ഇടയാകട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.