പ്രിയ സുഹൃത്തേ, സങ്കീർത്തനം 81:16 അനുസരിച്ച് കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇവിടെ വേദപുസ്തകം പറയുന്നു, “ഞാൻ പാറയിൽനിന്നുള്ള തേൻ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു." എത്ര സ്നേഹവാനായ ഒരു ദൈവമാണ് നിങ്ങൾക്കും എനിക്കും ഉള്ളത്! ഉല്പത്തി 27:28-ൽ യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചപ്പോൾ, സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളും ഭൂമിയുടെ പുഷ്ടിയും നൽകി അവൻ അവനെ അനുഗ്രഹിച്ചു. ആത്മീയമായും ശാരീരികമായും നമ്മെ സമൃദ്ധമായി അനുഗ്രഹിക്കാനുള്ള നമ്മുടെ സ്വർഗ്ഗീയ പിതാവിൻറെ ഹൃദയവും ഇതാണ്.

യോഹന്നാൻ 21-ൽ നാം വായിക്കുന്നതുപോലെ, പത്രൊസും ഏതാനും ശിഷ്യന്മാരും മീൻ പിടിക്കാൻ പോയി. അവർ പരമാവധി ശ്രമിച്ചെങ്കിലും രാത്രിയിൽ ഒന്നും കിട്ടിയില്ല. എന്നാൽ പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു. അവൻ ചോദിച്ചു, “കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ?"  "ഇല്ല" എന്നു അവർ ഉത്തരം പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു, “പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ ; എന്നാൽ നിങ്ങൾക്കു കിട്ടും.” അവർ അനുസരിച്ചപ്പോൾ, ഒരു വല നിറയെ വലിയ മത്സ്യങ്ങൾ അവർ പിടിച്ചു - ആകെ 153 എണ്ണം! കരയ്ക്കിറങ്ങിയപ്പോൾ, തീ കത്തുന്നതും, മത്സ്യവും അപ്പവും ഇതിനകം തയ്യാറാക്കിയിരിക്കുന്നതും അവർ കണ്ടു. യേശു അവരോട് പറഞ്ഞു, “എന്റെ കുഞ്ഞുങ്ങളേ, വന്നു പ്രാതൽ കഴിച്ചുകൊൾവിൻ.” അവൻ അപ്പം എടുത്ത് അവർക്ക് കൊടുത്തു, മീനും അങ്ങനെ തന്നെ ചെയ്തു. അവർക്ക് മീൻ ഇല്ലെന്ന് യേശുവിന് അറിയാമായിരുന്നിട്ടും, അവൻ ചോദിച്ചു, “എന്റെ കുഞ്ഞുങ്ങളേ, നിങ്ങളുടെ കൈവശം മീൻ വല്ലതുമുണ്ടോ?” എന്തുകൊണ്ട്?

കാരണം അവന്റെ ഹൃദയം എപ്പോഴും നമ്മോട് ആർദ്രതയുള്ളതാണ്. നിങ്ങളുടെ ജീവിതത്തിൽ എല്ലാം അവസാനിച്ചുവെന്ന് തോന്നുമ്പോഴും, യേശു നിങ്ങൾക്കായി പ്രത്യേകമായി എന്തെങ്കിലും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നും യേശു ചോദിക്കുന്നു, "എന്റെ കുഞ്ഞേ, നീ എന്തെങ്കിലും ഭക്ഷണം കഴിച്ചോ?" അവൻ നിങ്ങളെക്കുറിച്ച് ശ്രദ്ധാലുവാണ്. മേത്തരമായ കോതമ്പുകൊണ്ടു നിങ്ങളെ പോഷിപ്പിക്കാനും, പാറയിൽ നിന്നുള്ള തേൻ കൊണ്ട് നിങ്ങളെ തൃപ്തിപ്പെടുത്താനും (ഏറ്റവും അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്നുള്ള അനുഗ്രഹങ്ങൾ) അവൻ ആഗ്രഹിക്കുന്നു. സ്നേഹവാനായ, കരുതലുള്ള ഈ രക്ഷകന് നിങ്ങളുടെ ജീവിതം സമർപ്പിക്കുമോ?

PRAYER:
പ്രിയ യേശുവേ, എന്നെ ആഴമായി കരുതുന്ന സ്നേഹവാനായ ദൈവമായിരിക്കുന്നതിന് നന്ദി. ഞാൻ ശൂന്യമായി എഴുന്നേറ്റാലും, അങ്ങ് എനിക്കായി ഒരു അനുഗ്രഹം ഒരുക്കുകയാണ്. മേത്തരമായ കോതമ്പുകൊണ്ടു  അങ്ങ് എന്നെ പോഷിപ്പിക്കുന്നു, പാറയിൽ നിന്നുള്ള തേൻ കൊണ്ട് എന്നെ തൃപ്തിപ്പെടുത്തുന്നു. ഞാൻ അപേക്ഷിക്കുന്നതിനു മുമ്പുതന്നെ എന്റെ ആവശ്യങ്ങൾ അങ്ങ് അറിയുന്നു. ഇന്ന്, എന്റെ ഹൃദയവും, എന്റെ പ്രയത്നങ്ങളും, എന്റെ ജീവിതവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. എന്നെ നയിക്കാനും, എനിക്ക് വേണ്ടതെല്ലാം നൽകാനും, എന്നെ അനുഗ്രഹിക്കാനും ഞാൻ അങ്ങിൽ വിശ്വസിക്കുന്നു. ഒരിക്കലും പരാജയപ്പെടാത്ത അങ്ങയുടെ സ്നേഹത്തിന് നന്ദി. അങ്ങയുടെ വിശുദ്ധവും ശക്തവുമായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.