ദൈവം നിങ്ങൾക്കായി കരുതിയിരിക്കുന്നത് സമൃദ്ധമായ നന്മയാണ്. യിരെമ്യാവ് 32:40-ൽ കർത്താവ് പറയുന്നു,"ഞാൻ നിങ്ങളെ വിട്ടുപിരിയാതെ നിങ്ങൾക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ നിങ്ങളോടു ഒരു ശാശ്വതനിയമം ചെയ്യും." 1985-ൽ, കാരുണ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് ആരംഭിക്കാൻ കർത്താവ് എന്റെ പിതാവിനോട് സംസാരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ശുശ്രൂഷയിലൂടെ അനുഗ്രഹിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ ദൈവത്തിന്റെ ഈ പദ്ധതിയിൽ സന്തോഷിച്ചു. എന്നാൽ സുവിശേഷം പ്രസംഗിക്കുകയാണെന്ന് പറഞ്ഞിരുന്ന ഒന്നോ രണ്ടോ പേർ അദ്ദേഹത്തിനെതിരെ സംസാരിക്കാനും എഴുതാനും തുടങ്ങി. ആ സമയത്ത്, എൻ്റെ പിതാവിൻ്റെ വൃക്കകൾ പ്രവര്‍ത്തനരഹിതമായി, അദ്ദേഹം മരണത്തിന്റെ വക്കിലെത്തി. ഞങ്ങൾ വളരെയധികം കഷ്ടപ്പെട്ടു, ഭാവി എന്തായിരിക്കുമെന്ന് അറിയില്ലായിരുന്നു. എന്നിട്ടും, എന്റെ പിതാവിന്റെ ജന്മദിനത്തിൽ, അദ്ദേഹം വളരെ ക്ഷീണിതനായി കിടക്കുമ്പോൾ, ഞങ്ങൾ കുടുംബമായി ഒരുമിച്ച് പ്രാർത്ഥിച്ച സമയത്ത് പരിശുദ്ധാത്മാവ് അദ്ദേഹത്തിന്റെ മേൽ വന്നു,  ആശ്വാസത്തോടും പ്രത്യാശയോടും കൂടി യേശു, അദ്ദേഹത്തിന് പ്രത്യക്ഷനായി.

യേശു പറഞ്ഞു, “എന്റെ മക്കളേ, ലക്ഷക്കണക്കിന് ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു. ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്നാൽ നിന്നെക്കുറിച്ച് അസത്യങ്ങൾ പറയുകയും പിശാചിന്റെ വാക്കുകൾ സംസാരിക്കുകയും ചെയ്യുന്ന ആ രണ്ടോ മൂന്നോ ദുഷ്ടന്മാരിലേക്കാണ് നിന്റെ കണ്ണുകൾ തിരിഞ്ഞിരിക്കുന്നത്. നീ ആ വാക്കുകൾ കേട്ടതിനാൽ, സാത്താന് നിന്റെ വൃക്കകളെ നശിപ്പിക്കാൻ അവസരം ലഭിച്ചു. ഇന്ന് എന്നിലേക്കു തിരിയുക. തിരിഞ്ഞ്, നിനക്കായുള്ള എന്റെ സ്നേഹം ആസ്വദിക്കുക. ലക്ഷക്കണക്കിന് ആളുകളുടെ സ്നേഹം ആസ്വദിക്കുക. ദുഷ്ടന്മാർ നിങ്ങളെ എത്രത്തോളം ശപിക്കുന്നുവോ അത്രത്തോളം ഞാൻ നിങ്ങളെ അനുഗ്രഹിക്കും ". ദൈവം അദ്ദേഹത്തെ ഉയർത്തി, അദ്ദേഹത്തിന് ഒരു പുതിയ വൃക്ക നൽകി, അദ്ദേഹം 28 വർഷം കൂടി ജീവിച്ചു. ഇന്ന് കാരുണ്യാ സർവകലാശാല ഇന്ത്യയിൽ ദൈവമഹത്വത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു. എന്റെ സുഹൃത്തേ, ഭയപ്പെടേണ്ട. പിശാചുക്കളും ദുഷിച്ചവരും നിങ്ങൾക്കെതിരെ തിന്മമേൽ തിന്മ കൊണ്ടുവന്നാലും ദൈവം നിങ്ങൾക്ക് നന്മമേൽ നന്മ നൽകും. അവൻ ദുഃഖത്തെ സന്തോഷമായും ശാപങ്ങളെ അനുഗ്രഹങ്ങളായും എല്ലാ എതിർപ്പുകളും വലിയ ഫലപ്രാപ്തിയായും മാറ്റും. നിങ്ങൾക്ക് സമൃദ്ധി ലഭിക്കും. ഇത് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്‌ദത്തമാണ്.

യോഹന്നാൻ 1:16 പറയുന്നത്,  നിങ്ങളിലുള്ള യേശുവിന്റെ നിറവിൽ നിന്നു നിങ്ങൾക്കു കൃപമേൽ കൃപ ലഭിക്കും എന്നാണ്. സങ്കീർത്തനം 23:6 ഇപ്രകാരം പ്രഖ്യാപിക്കുന്നു, "നന്മയും കരുണയും നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളെ പിന്തുടരും". ദൈവത്തിന്റെ ഈ നന്മ എല്ലാ ശാപത്തെയും, എല്ലാ ദുഃഖത്തെയും, ദുഷ്ടന്മാരുടെയും പിശാചിന്റെയും എല്ലാ പ്രവൃത്തികളെയും നശിപ്പിക്കുന്നു. ദൈവത്തിന്റെ നന്മ വരുമ്പോൾ ജ്ഞാനം വരുന്നു. "എല്ലാ നല്ല ദാനവും ഉയരത്തിൽ നിന്ന് വരുന്നു" എന്ന് യാക്കോബ് 1:17 പറയുന്നു. രണ്ടാമതായി, ദൈവത്തിന്റെ നന്മ നിങ്ങളുടെ സങ്കേതമായി മാറുന്നു. നഹൂം 1:7 പറയുന്നു, "യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു." മൂന്നാമതായി, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്ന് റോമർ 8:28 പറയുന്നു. നിങ്ങൾക്കെതിരെ വരുന്ന തിന്മപോലും ദൈവം നന്മയാക്കി മാറ്റും. നാലാമതായി, മത്തായി 7:11 ദൈവം തന്റെ മക്കൾക്ക് നല്ല ദാനങ്ങൾ നൽകുന്നു എന്ന് പറയുന്നു, ലൂക്കൊസ് 11:13 പ്രകാരം അവൻ എല്ലാറ്റിലും ശ്രേഷ്ഠമായ നല്ല ദാനമായ പരിശുദ്ധാത്മാവിനെ നൽകുന്നു. നന്മമേൽ നന്മ നിങ്ങൾക്ക് വരട്ടെ. നിങ്ങളുടെ കണ്ണുകൾ യേശുവിങ്കലേക്ക് തിരിക്കുക.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, എന്നെ വിട്ടുപിരിയാതെ എനിക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്ന അങ്ങയുടെ ശാശ്വതനിയമത്തിന് അങ്ങേക്ക് നന്ദി. എതിർപ്പും ദുഃഖവും നിരുത്സാഹവും എനിക്കെതിരെ ഉയരുമ്പോൾ, എന്റെ കണ്ണുകൾ അങ്ങിൽ ഉറപ്പിക്കാൻ എന്നെ സഹായിക്കണമേ. എനിക്കെതിരെ സംസാരിക്കുന്ന എല്ലാ ശാപവും അങ്ങയുടെ മഹത്തായ ശക്തിയാൽ അനുഗ്രഹമാക്കി മാറ്റണമേ. ഓരോ വേദനയും നഷ്ടവും പോരാട്ടവും എന്റെ ജീവിതത്തിലെ അങ്ങയുടെ നന്മയുടെ സാക്ഷ്യമായി മാറട്ടെ. അങ്ങയുടെ ജ്ഞാനവും സമാധാനവും പരിശുദ്ധാത്മാവിന്റെ സന്തോഷവും കൊണ്ട് എന്നെ നിറയ്‌ക്കേണമേ. എന്റെ ആയുഷ്കാലമൊക്കെയും അങ്ങയുടെ നന്മയും കരുണയും എന്നെ പിന്തുടരട്ടെ, അങ്ങയുടെ പദ്ധതിയിൽ വിശ്വസിക്കാനും അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ എപ്പോഴും സന്തോഷിക്കാനും എന്നെ സഹായിക്കണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.