എന്റെ പ്രിയ സുഹൃത്തുക്കളെ, ഇന്ന് നാം യോഹന്നാൻ 14:16 ധ്യാനിക്കുന്നു. അത് ഇപ്രകാരം പറയുന്നു, "അവൻ മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും." അതെ, എന്റെ പ്രിയ സുഹൃത്തുക്കളേ, ഈ ലോകത്തിൽ നാം ഒരു അഭിഭാഷകന്റെ പങ്ക് കാണുന്നു. ഒരു കോടതി കേസ് ഉണ്ടാകുമ്പോൾ, നമുക്ക് വേണ്ടി പോരാടാനും പ്രതിരോധിക്കാനും നാം പലപ്പോഴും ഒരു അഭിഭാഷകനെ നിയമിക്കാറുണ്ട്. അദ്ദേഹത്തിന് മുഴുവൻ കേസും അറിയാം. അദ്ദേഹം നമ്മുടെ ഭാഗത്ത് നിന്ന്, നമ്മുടെ പ്രതിവാദം ജഡ്ജിയുടെ മുന്നിൽ അവതരിപ്പിക്കുന്നു. എന്നിരുന്നാലും, ജഡ്ജി മാത്രമാണ് അന്തിമ വിധി പ്രസ്താവിക്കുന്നത്.
എന്നാൽ, ചിലപ്പോഴൊക്കെ ഒരു ഭൌമിക അഭിഭാഷകൻ നമ്മെ വിട്ടുപോകാൻ തീരുമാനിച്ചേക്കാം. ഇത് സമ്മർദ്ദം, സാമ്പത്തിക കാരണങ്ങൾ അല്ലെങ്കിൽ ഭീഷണികൾ എന്നിവ മൂലമാകാം. അപ്പോൾ മറ്റൊരു അഭിഭാഷകനെ അന്വേഷിക്കാൻ നമ്മൾ നിർബന്ധിതരാകുന്നു. എന്നാൽ ഇന്നത്തെ വാഗ്‌ദത്തം നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത ഒരു അഭിഭാഷകനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ എന്നന്നേക്കുമായി നമ്മോടൊപ്പമുണ്ട്.
നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്തതെല്ലാം അറിയുന്ന പരമന്യായാധിപന്റെ മുന്നിൽ ഒരു ദിവസം നമ്മൾ നിൽക്കേണ്ടിവരും. ആ നിമിഷത്തിൽ, ഈ അഭിഭാഷകൻ നമ്മോടൊപ്പം നിൽക്കുകയും നമുക്കു വേണ്ടി വാദിക്കുകയും ചെയ്യും. ആരാണ് ഈ അഭിഭാഷകൻ? അവനാണ് പരിശുദ്ധാത്മാവ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ, പാപം ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുമ്പോഴും തെറ്റായ ആഗ്രഹങ്ങൾ നമ്മെ അകറ്റുമ്പോഴും നമുക്ക് ബലഹീനത തോന്നുമ്പോഴും പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അവൻ സൌമ്യമായി നമ്മോട് ഇങ്ങനെ പറയുന്നു, "ഇത് ചെയ്യരുത്. അങ്ങോട്ട് പോകരുത്. അങ്ങനെ പറയരുത്." പ്രലോഭനങ്ങളെ മറികടക്കാൻ അവൻ നമ്മെ സഹായിക്കുകയും പാപത്തിൽ വീഴാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
പരിശുദ്ധാത്മാവ് ദൈവത്തിന്റെ വചനത്തെ നിരന്തരം ഓർമ്മിപ്പിക്കുകയും കർത്താവിന്റെ കാര്യങ്ങളിലേക്ക് നമ്മുടെ ഹൃദയങ്ങളെ നയിക്കുകയും ചെയ്യുന്നു. നമുക്ക് എങ്ങനെ പ്രാർത്ഥിക്കണമെന്ന് അറിയില്ലെങ്കിലും അവൻ നമുക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നു. അവൻ നമ്മെ വഴിനടത്തുകയും വിശുദ്ധജീവിതം നയിക്കാൻ പഠിപ്പിക്കുകയും നാം ദൈവത്തിന്റേതാണെന്ന് നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അവൻ എപ്പോഴും നമ്മുടെ അരികിലുണ്ട്. നീതിയിൽ നടക്കാൻ നമ്മെ സഹായിക്കുകയും പിതാവായ ദൈവത്തോടു കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നു.
എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് ഈ പരിശുദ്ധാത്മാവ് നിങ്ങളുടെ കാര്യസ്ഥനാണ്. നിങ്ങളോടൊപ്പം നിൽക്കാനും നിങ്ങളെ നയിക്കാനും നിങ്ങളെ ശക്തിപ്പെടുത്താനും നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും നിങ്ങളെ സഹായിക്കാനും അവൻ ആഗ്രഹിക്കുന്നു. നിങ്ങളെ നയിക്കാനായി അവനെ ക്ഷണിക്കുകയും അവന്റെ ശാശ്വത സാന്നിധ്യത്തിന്റെ സന്തോഷം അനുഭവിക്കുകയും ചെയ്യുക.
PRAYER:
പ്രിയ കർത്താവേ, എന്നേക്കും ഞങ്ങളുടെ കാര്യസ്ഥനും സഹായിയുമായ പരിശുദ്ധാത്മാവെന്ന വിലയേറിയ ദാനത്തിന് നന്ദി. ഞങ്ങളെ ഒരിക്കലും തനിച്ചാക്കാതെ, എല്ലാ സാഹചര്യങ്ങളിലും എപ്പോഴും ഞങ്ങളുടെ അരികിൽ നിൽക്കുന്നതിന് നന്ദി. അവൻ ഞങ്ങളെ നയിക്കുകയും തെറ്റുകൾ ബോധ്യപ്പെടുത്തുകയും നീതിയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ അവന്റെ ശബ്ദം കേൾക്കാൻ ഞങ്ങളെ സഹായിക്കണമേ. പ്രലോഭനങ്ങളെ മറികടക്കാനും വിശുദ്ധവും അങ്ങേയ്ക്ക് പ്രസാദകരവുമായ ജീവിതം നയിക്കാനും ഞങ്ങളെ ശക്തിപ്പെടുത്തണമേ. ഞങ്ങൾ അങ്ങയുടേതാണെന്ന് ദിനംപ്രതി ഞങ്ങളെ ഓർമ്മിപ്പിക്കുകയും അങ്ങയുടെ സമാധാനവും സാന്നിധ്യവും കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്യണമേ. അങ്ങയുടെ പരിശുദ്ധാത്മാവ് അങ്ങയുടെ മക്കളെ അവർ എടുക്കുന്ന ഓരോ തീരുമാനത്തിലും വഴിനടത്തുകയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യട്ടെ. എല്ലാ ദിവസവും അവരെ അങ്ങയോട് കൂടുതൽ അടുപ്പിക്കേണമേ. അങ്ങയുടെ അചഞ്ചലമായ സ്നേഹം അനുഭവിക്കാൻ അവർക്ക് ഇടവരട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


