എന്റെ പ്രിയ സുഹൃത്തേ, ഇന്ന് രാവിലെ നിങ്ങളെ കാണുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇന്ന് നമുക്ക് ദാനീയേൽ 6:22-നെക്കുറിച്ച് ധ്യാനിക്കാം: "സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ." ഇന്ന്, അനേകം ആളുകൾ നിങ്ങളെ വേദനിപ്പിക്കുന്നുണ്ടോ? നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും നിങ്ങളുടെ പേര് നശിപ്പിക്കപ്പെടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? നിങ്ങൾ എല്ലാം സത്യസന്ധതയോടെ ചെയ്തിരിക്കാം. നിങ്ങളുടെ ചുറ്റുമുള്ളവരോട് ദയ കാണിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും എല്ലാം നല്ല ഉദ്ദേശ്യത്തോടെ ചെയ്യുകയും ചെയ്തിരിക്കാം. എന്നിരുന്നാലും, ആളുകൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുകയോ നിങ്ങൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയോ അല്ലെങ്കിൽ നിങ്ങൾക്കെതിരെ വ്യാജ കോടതി കേസുകൾ ഫയൽ ചെയ്യുകയോ ചെയ്തേക്കാം. ഒരുപക്ഷേ, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളെ തളർത്തുന്നതിനോ നിങ്ങളെ ലക്ഷ്യമിടുന്നതിനോ വേണ്ടി മാത്രം ചിലർ പുതിയ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടാകാം. എന്നാൽ എന്റെ പ്രിയ സുഹൃത്തുക്കളേ, ഈ വാക്യത്തിൽ നാം വായിക്കുന്നതുപോലെ, ആളുകൾ നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചാലും ഒന്നിനും നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല. കർത്താവിന്റെ ദൃഷ്ടിയിൽ നിങ്ങൾ കുറ്റമില്ലാത്തവരായി കാണപ്പെടും.
അതാണ് ദാനീയേലിന് സംഭവിച്ചത്. തന്റെ ദൈവിക കർത്തവ്യങ്ങൾ വിശ്വസ്തതയോടെ നിർവഹിച്ചിരുന്ന ഒരു പ്രാർത്ഥനാപുരുഷനായിരുന്നു അവൻ. എന്നാൽ അവന് എതിരായിരുന്ന ചുറ്റുമുള്ളവർ അവനെ താഴെയിറക്കാൻ ശ്രമിച്ചു. ദാനീയേലിനെ നശിപ്പിക്കാൻ പ്രത്യേക നിയമം ഉണ്ടാക്കാൻ അവർ രാജാവിനെ പ്രേരിപ്പിച്ചു. അവന് നിയമത്തെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും അവൻ പ്രാർത്ഥന തുടർന്നു. ദിവസത്തിൽ മൂന്ന് തവണ അവൻ പ്രാർത്ഥിച്ചു. അവന്റെ വിശ്വസ്തത കർത്താവിനോട് മാത്രമായിരുന്നു. എന്നാൽ നിയമം കാരണം രാജാവിന് മറ്റ് മാർഗമില്ലായിരുന്നു. അതിന്റെ അനന്തരഫലങ്ങൾ നേരിടുന്നതിനായി ദാനീയേലിനെ സിംഹങ്ങളുടെ ഗുഹയിൽ ഇടേണ്ടിവന്നു. എന്നാൽ കർത്താവ് ദാനീയേലിനോടുകൂടെ ഉണ്ടായിരുന്നു. സിംഹങ്ങളുടെ വായ അടയ്ക്കാൻ അവൻ തന്റെ ദൂതന്മാരോട് കൽപിച്ചു. ദാനീയേൽ 6:22-ൽ നാം വായിക്കുന്നത് അതാണ്: "അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവനായതിനാൽ അവ എനിക്കു കേടുവരുത്തിയില്ല."
അതെ, ആളുകൾ നമ്മെ എതിർക്കുകയോ തെറ്റിദ്ധരിക്കുകയോ നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയോ നമുക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യുമ്പോൾ അവർക്ക് നമ്മെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. അവന്റെ ദൃഷ്ടിയിൽ നിങ്ങൾ കുറ്റമില്ലാത്തവരായി കാണപ്പെടും. "ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല; ഞാൻ ചെയ്ത കാര്യങ്ങളൊക്കെ നോക്കൂ; ഇവയിലൊന്നും ഞാൻ ചെയ്തിട്ടില്ല" എന്നിങ്ങനെ പറഞ്ഞ് സ്വയം ന്യായീകരിക്കാൻ ദാനീയേൽ മുതിർന്നില്ല. അവൻ തന്നെത്താൻ ന്യായീകരിക്കാനോ തന്റെ പേര് കളങ്കരഹിതമാക്കാനോ ശ്രമിച്ചില്ല. പകരം, കർത്താവ് അവന്റെ ശത്രുക്കളുടെ മധ്യേ അവനെ മാനിക്കുകയും, ദാനീയേൽ ആരാധിച്ചിരുന്ന ദൈവം—അവൻ സേവിക്കുകയും വിശ്വസ്തതയോടെ മുറുകെപ്പിടിക്കുകയും ചെയ്ത ദൈവം—തന്നെയാണ് സത്യദൈവമെന്ന് അവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്നും അതുപോലെതന്നെ, നിങ്ങളുടെ ശത്രുക്കളുടെ മധ്യേ ദൈവം നിങ്ങളെ മാനിക്കും. നിങ്ങളുടെ ജീവിതത്തിലെ സിംഹങ്ങളെ—അതായത്, നിങ്ങൾക്ക് എതിരായി വരുന്ന ആരോപണങ്ങൾ, കോടതി കേസുകൾ, കുറ്റപ്പെടുത്തലുകൾ അല്ലെങ്കിൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ എന്നിവയെ—കാണുമ്പോൾ ഇന്ന് നിങ്ങൾ ഭയപ്പെട്ടേക്കാം. എന്നാൽ ഒന്നിനും നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല. ഒന്നിനും നിങ്ങളെ വേദനിപ്പിക്കാൻ കഴിയില്ല. ഒന്നിനും നിങ്ങളുടെ പേരിന് കളങ്കം വരുത്താനാവില്ല. ഒന്നിനും നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാനാവില്ല. എന്തെന്നാൽ, അവന്റെ ദൃഷ്ടിയിൽ നിങ്ങൾ കുറ്റമില്ലാത്തവരായി കാണപ്പെടും. കർത്താവ് നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. നിങ്ങൾക്ക് എതിരായി വരുന്ന സിംഹങ്ങളുടെ വായ അവൻ അടച്ചുകളയും. അതുകൊണ്ട്, പ്രിയ സുഹൃത്തുക്കളേ, ധൈര്യമായിരിക്കുവിൻ. ഭയപ്പെടേണ്ട. ദൈവം നിങ്ങളുടെ പക്ഷത്തുണ്ട്.
PRAYER:
കർത്താവേ, ഇന്ന് അങ്ങയുടെ മക്കൾ തങ്ങൾക്ക് ചുറ്റും നടക്കുന്നതെല്ലാം കണ്ട് ഭയപ്പെടുന്നുണ്ടാകാം. "ഞാൻ നീതിപൂർവകമായ ജീവിതമാണ് നയിക്കുന്നത്. എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിക്കുന്നത്? അങ്ങിൽ ഞാൻ വിശ്വാസമർപ്പിക്കുകയും അങ്ങ് പറഞ്ഞ കാര്യങ്ങൾ മുറുകെപ്പിടിക്കുകയും ചെയ്തിട്ടുണ്ട്; എന്നിട്ടും എന്തുകൊണ്ടാണ് എല്ലാം എനിക്ക് പ്രതികൂലമാകുന്നത്?" എന്ന് അവർ ചോദിച്ചേക്കാം. എന്നാൽ കർത്താവേ, ഇന്ന് അവരെ സംരക്ഷിക്കണമേ. അവരെ കാത്തുസൂക്ഷിക്കാനും അവർക്കെതിരായ സിംഹങ്ങളുടെ വായ അടയ്ക്കാനും അങ്ങയുടെ ദൂതന്മാരെ അയയ്ക്കണമേ. അവർക്കു ഒരു പോറൽപോലും ഏൽക്കാതിരിക്കട്ടെ; അവരെ പൂർണ്ണമായും അങ്ങയുടെ സംരക്ഷണത്തിൽ കാത്തുകൊള്ളണമേ. അവരുടെ പക്ഷത്തു നിൽക്കുകയും അവരുടെ യുദ്ധങ്ങളിൽ പോരാടുകയും ചെയ്യുന്ന ജീവനുള്ള ദൈവത്തെ സേവിക്കുന്ന അങ്ങയുടെ മക്കളായ അവർക്ക് നല്ല പേര് നൽകണമേ. ഈ അത്ഭുതകരമായ വാഗ്‌ദത്തത്തിനും അവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനും അങ്ങേക്ക് നന്ദി. അവരെ അനുഗ്രഹിക്കുകയും അങ്ങയെ മുറുകെ പിടിക്കാൻ അവരെ സഹായിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


