പ്രിയ സുഹൃത്തേ, പുറപ്പാട് 14:14-ൽ നാം വായിക്കുന്നതുപോലെ, കർത്താവ് അരുളിച്ചെയ്യുന്നു, "യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ." ആംപ്ലിഫൈഡ് പതിപ്പ്  ഇതിനെ, നാം നിശ്ശബ്ദരായും ശാന്തരായും ഇരുന്നാൽ മാത്രം മതി എന്ന് വിശദീകരിക്കുന്നു. "ശാന്തമായിരിക്കുക" എന്ന് അച്ചടിച്ച ടി-ഷർട്ടുകൾ ഞാൻ കണ്ടിട്ടുണ്ട്. ലൗകികരായ ആളുകൾ പോലും ശാന്തത പാലിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, ദൈവവചനം നമുക്ക് അതിലും എത്രയധികം ആശ്വാസം നൽകണം! ദൈവത്തിലുള്ള നമ്മുടെ വിശ്വാസമാണ് നമ്മെ ശാന്തരും നിശ്ചലരുമായിരിക്കാൻ പ്രാപ്തരാക്കുന്നത്. ആളുകൾ നമുക്കെതിരെ പോരാടുമ്പോഴോ അപ്രതീക്ഷിത പ്രശ്നങ്ങൾ നമുക്ക് ചുറ്റുമുണ്ടാകുമ്പോഴോ നാം നിരുത്സാഹപ്പെടുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യേണ്ടതില്ല. നാം പരിഭ്രാന്തരാകുകയോ കോപാകുലരാകുകയോ ചെയ്യേണ്ടതില്ല. പകരം, വേദപുസ്തകം പറയുന്നു, "നിങ്ങൾ മിണ്ടാതിരിരിക്കുക മാത്രമാണ് ചെയ്യേണ്ടത്". മിണ്ടാതിരുന്നു, അവൻ ദൈവമെന്നു അറിഞ്ഞു കൊൾക!

ദൈവം നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും. യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ നേരെ ഒരു വലിയ സൈന്യം വന്നപ്പോൾ അവൻ എങ്ങനെയാണ് ദൈവത്തോട് പ്രാർത്ഥിച്ചത്? ദൈവത്തിന്റെ ശക്തിയും മഹത്വവും അംഗീകരിച്ച അവൻ സഹായത്തിനായി അവനോട് നിലവിളിച്ചു, "ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു " (2 ദിനവൃത്താന്തം 20:12).

2 ദിനവൃത്താന്തം 20:17-ൽ നാം വായിക്കുന്നതുപോലെ, കർത്താവ് അവനോട് ഇപ്രകാരം അരുളിച്ചെയ്തു, "ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല." അവൻ തുടർന്നു പറഞ്ഞു, "നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിൻ." അതെ, പ്രിയ സുഹൃത്തേ, കർത്താവ് നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും. നിങ്ങൾ ചെയ്യേണ്ടത് ഉറച്ചുനിൽക്കുക, മിണ്ടാതിരിക്കുക, കർത്താവ് നൽകുന്ന വിടുതലിന് സാക്ഷ്യം വഹിക്കുക മാത്രമാണ്.

കർത്താവ് ഈ വാഗ്‌ദത്തം നൽകിയപ്പോൾ അവൻ രാജാവായ യെഹോശാഫാത്തിന് വേണ്ടി യുദ്ധം ചെയ്തു. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതത്തിലെ ജനത്തോടു എതിർത്തുനിൽക്കുകയും പിന്നീട് പരസ്പരം നശിപ്പിക്കുകയും ചെയ്തു. ആ യുദ്ധം യഹോശാഫാത്തിൻ്റേതല്ല, കർത്താവിൻ്റേതായിരുന്നു! കർത്താവ് തന്റെ വചനത്തിന് അനുസൃതമായി യെഹോശാഫാത്തിന് വേണ്ടി യുദ്ധം ചെയ്തു. രാജാവും ജനങ്ങളും ഒരുമിച്ച് ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. അവർ കർത്താവിന്റെ ശക്തിയിൽ ആശ്രയിക്കുകയും അവനെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തു. ദൈവത്തെ പാടിസ്തുതിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ ശത്രുക്കളെ നേരിടാൻ അവർ പുറപ്പെട്ടു.

തത്ഫലമായി, അവരുടെ ശത്രുക്കൾ അന്യോന്യം നശിപ്പിച്ചു. ജനങ്ങൾ യുദ്ധഭൂമി കാണാൻ പോയപ്പോൾ അവരുടെ ശത്രുക്കൾ പരാജയപ്പെട്ടതായി അവർ കണ്ടെത്തി. അവർ കൊള്ളയടിക്കുകയും സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു! ചുറ്റുമുള്ള രാജ്യങ്ങൾ സംഭവം കേട്ടപ്പോൾ കർത്താവിനെ ഭയപ്പെട്ടു. 29-ാം വാക്യത്തിൽ പറയുന്നതുപോലെ, യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു. അതെ, പ്രിയ സുഹൃത്തേ, നിങ്ങളോട് പോരാടുന്നവരോട് കർത്താവ് തന്നെ പോരാടുകയും നിങ്ങളുടെ മക്കളെ സംരക്ഷിക്കുകയും ചെയ്യും! എത്ര സ്നേഹവാനായ ദൈവമാണ് നമുക്കുള്ളത്! മനുഷ്യശക്തിയിൽ നാം ആശ്രയിക്കരുത്. സങ്കീർത്തനം 20:7-ൽ ദാവീദ് പറയുന്നതുപോലെ, "ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും." അതെ, ദൈവത്തിൽ മാത്രം ആശ്രയിക്കുകയും അവന്റെ ശക്തിയിൽ പൂർണ്ണവിശ്വാസം അർപ്പിക്കുകയും ചെയ്യുമ്പോൾ എല്ലാ പോരാട്ടങ്ങളെയും അതിജീവിക്കാൻ നമുക്ക് കഴിയും. മറ്റെല്ലാ കാര്യങ്ങളും കർത്താവ് നോക്കിക്കൊള്ളും. ഇന്നും, കർത്താവ് നിങ്ങൾക്കുവേണ്ടി മറഞ്ഞിരുന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് എനിക്കറിയാം.

തന്റെ ശത്രുക്കൾ തനിക്കെതിരെ വരുമ്പോൾ എന്തു സംഭവിക്കുമെന്ന് യെഹോശാഫാത്ത് രാജാവിന് അറിയില്ലായിരുന്നു. അതുപോലെ, യിസ്രായേല്യർ വിശാലമായ ചെങ്കടലിന് മുന്നിൽ നിൽക്കുമ്പോൾ മിസ്രയീമ്യ സൈന്യം അവരെ പിന്നിൽ നിന്ന് പിന്തുടർന്നപ്പോൾ, കർത്താവ് അവർക്കായി എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവർക്ക് അറിയില്ലായിരുന്നു. അവർ കുടുങ്ങിപ്പോയിരുന്നു, ദൈവം തങ്ങൾക്കായി എങ്ങനെ ഒരു വഴി ഉണ്ടാക്കുമെന്ന് സങ്കൽപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ കർത്താവ് ആ വലിയ ചെങ്കടലിനെ രണ്ടായി പിളർന്ന്, യിസ്രായേല്യരെ ഉണങ്ങിയ നിലത്തുകൂടി നടത്തിച്ചു. അതുപോലെ, ഒരു വഴിയും ഇല്ലെന്ന് തോന്നുന്നിടത്ത് ദൈവം ഒരു വഴി നിങ്ങൾക്കായി ഉണ്ടാക്കും. അവനെ വിശ്വസിക്കുക, മിണ്ടാതിരിക്കുക, അവന്റെ മഹത്തായ വിടുതലിന് സാക്ഷ്യം വഹിക്കുക!

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങ് എന്റെ ശക്തനായ യോദ്ധാവും എന്റെ തുണയുമാണ്. എന്റെ ജീവിതത്തിലെ എല്ലാ പോരാട്ടങ്ങളിലും അങ്ങ് എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും എല്ലാ പ്രതിസന്ധികളിൽ നിന്നും രോഗങ്ങളിൽ നിന്നും നിയമനടപടികളിൽ നിന്നും ശത്രുക്കളിൽ നിന്നും എന്നെ വിടുവിക്കുകയും ചെയ്യണമേ. എന്നോട് പോരാടുന്നവരോട് അങ്ങ് തന്നെ പോരാടുകയും സകല അപമാനവും നിന്ദയും നീക്കിക്കളയുകയും ചെയ്യണമേ. എല്ലാ സാഹചര്യങ്ങളിലും എനിക്ക് വിജയം നൽകണമേ. എല്ലാ വിധികളും എനിക്ക് അനുകൂലമായിരിക്കട്ടെ. പീഡനങ്ങളിൽ നിന്ന് എന്നെ സംരക്ഷിക്കണമേ. എനിക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കാതിരിക്കട്ടെ. എനിക്കെതിരെ ആസൂത്രണം ചെയ്യുന്ന എല്ലാ പദ്ധതികളും പരാജയപ്പെടട്ടെ. എന്റെ ജീവിതത്തിൽ അങ്ങയുടെ മഹത്തായ ശക്തി വെളിപ്പെടുത്തണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.