എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നാം മത്തായി 2:10 ധ്യാനിക്കാൻ പോകുന്നു,  “നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു." ആരാണ് ആ നക്ഷത്രം കണ്ടത്, അത് ഏതുതരം നക്ഷത്രമായിരുന്നു? മത്തായി 2:1-2-ൽ നാം ഇങ്ങനെ വായിക്കുന്നു, "ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി. യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു." യേശുക്രിസ്തുവിന്റെ ജനനസ്ഥലം കാണാൻ നക്ഷത്രത്തിലൂടെ സർവ്വശക്തനായ ദൈവമായ കർത്താവ് അവരെ നയിച്ചു. അതുപോലെ, എന്റെ വിലയേറിയ ദൈവപൈതലേ, ആളുകളെ തന്റെ അടുത്തേക്ക് കൊണ്ടുവരുന്നതിനായി കർത്താവ് നിങ്ങളെ ഏതെങ്കിലും കാര്യത്തിലൂടെ ശക്തമായി ഉപയോഗിക്കും. ഒരു നക്ഷത്രം പോലെ, മറ്റുള്ളവരെ തന്റെ സാന്നിധ്യത്തിലേക്ക് വഴിനടത്താൻ കർത്താവ് നിങ്ങളെ നയിക്കും. ദൈവീക മാർഗനിർദേശത്തിന്റെയും സന്തോഷത്തിന്റെയും മനോഹരമായ അടയാളമാണ് നക്ഷത്രം.

അബ്രാഹാമും നക്ഷത്രങ്ങളെ ദൈവത്തിന്റെ വാഗ്‌ദത്തത്തിന്റെ അടയാളമായി കണ്ടു. വളരെക്കാലം അവനും ഭാര്യയ്ക്കും കുട്ടികളുണ്ടായിരുന്നില്ല, അവൻ വൃദ്ധനായപ്പോൾ, കുഞ്ഞ് ഉണ്ടാകാനുള്ള സാഹചര്യം തന്നെ ഇല്ലാതെയായിരുന്നു. ഈ സമയത്താണ് കർത്താവ് അവനോടു ഉല്പത്തി 15:5 ൽ, "അബ്രഹാമേ, നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക. നിന്റെ സന്തതി ഇങ്ങനെ ആകും" എന്നും അവനോടു പറഞ്ഞത്. അബ്രഹാം ദൈവത്തിന്റെ വചനം വിശ്വസിച്ചു, നിങ്ങൾ മത്തായി 1:1-17 വായിക്കുകയാണെങ്കിൽ അബ്രഹാമിന്റെ സന്തതികൾ ആ വാഗ്ദാനം നിറവേറ്റുന്നത് നിങ്ങൾ കാണും. അതുപോലെ, വിദ്വാന്മാരും നക്ഷത്രത്തിൽ വിശ്വസിച്ചു. വിലയേറിയ ഒരു കാര്യത്തിലേക്കാണ് തങ്ങളെ നയിക്കുന്നതെന്ന് അവർക്കറിയാമായിരുന്നു. അവർ നക്ഷത്രത്തെ പിന്തുടർന്നു, ഒടുവിൽ അവർ യേശുക്രിസ്തുവിന്റെ ജനനസ്ഥലം കാണുകയും വലിയ സന്തോഷത്തോടെ അവനെ ആരാധിക്കുകയും ചെയ്തു.

എന്റെ പ്രിയ സുഹൃത്തേ, ദാനിയേൽ 12:3 പറയുന്നു: "പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെ എന്നും എന്നേക്കും പ്രകാശിക്കും." ഈ ലോകത്തിൽ, നിങ്ങൾക്ക് ഒരു നക്ഷത്രമായി പ്രകാശിക്കാൻ  കഴിയും. നിങ്ങൾക്ക് പലരെയും യേശുവിങ്കലേക്ക് നയിക്കാൻ കഴിയും. അന്ധകാരത്തിൽ ജീവിക്കുന്നവർ, പാപത്തിൽ വഴിതെറ്റിയവർ നിങ്ങളുടെ ജീവിതത്തിലൂടെയും സാക്ഷ്യത്തിലൂടെയും വിടുവിക്കപ്പെടും. ഫിലിപ്പിയർ 2:14-15 ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കണമെന്ന് നമ്മെ ഓർമിപ്പിക്കുന്നു. ഇന്ന്, നമുക്ക് നമ്മെത്തന്നെ സമർപ്പിച്ചുകൊണ്ട് അവന്റെ നക്ഷത്രങ്ങളെപ്പോലെ നമ്മെ പ്രകാശിപ്പിക്കാനും ക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് നിരവധി ആളുകളെ കൊണ്ടുവരാനും അവന്റെ സന്തോഷത്തിലേക്ക് അവരെ നയിക്കാനും വേണ്ടി കർത്താവിനോട്  അപേക്ഷിക്കാം.

PRAYER:
പ്രിയ കർത്താവായ യേശുവേ, നിത്യസന്തോഷത്തിലേക്ക് എന്നെ നയിക്കുന്ന ശോഭയുള്ള ഉദയനക്ഷത്രമായിരിക്കുന്നതിന് അങ്ങേക്ക് നന്ദി. വിദ്വാന്മാരെ അങ്ങയുടെ സാന്നിധ്യത്തിലേക്ക് നയിച്ചതുപോലെ, മറ്റുള്ളവരെ അങ്ങയിലേക്ക് വഴിനടത്താൻ  എന്റെ ജീവിതത്തെയും നയിക്കണമേ. ഈ ഇരുണ്ട ലോകത്തിൽ അങ്ങയുടെ വെളിച്ചത്താൽ പ്രകാശിക്കാനും ഞാൻ പോകുന്നിടത്തെല്ലാം അങ്ങയുടെ സ്നേഹം പ്രതിഫലിപ്പിക്കാനും എന്നെ സഹായിക്കണമേ. കർത്താവേ, എന്നെ അങ്ങയുടെ ദിവ്യ സാന്നിധ്യത്തിന്റെ പാത്രമാക്കി മാറ്റുകയും എന്നിലുള്ള സംശയത്തിന്റെ എല്ലാ നിഴലുകളും നീക്കുകയും ചെയ്യണമേ. ദയവായി അങ്ങയുടെ സാന്നിധ്യത്തിന്റെ സന്തോഷം കൊണ്ട് എന്നെ നിറയ്‌ക്കേണമേ. മറ്റുള്ളവരെ അങ്ങയുടെ ഹൃദയത്തിലേക്ക് അടുപ്പിക്കുന്ന നക്ഷത്രം പോലെയാകട്ടെ എന്റെ ജീവിതം. നീതിയിൽ നടക്കാനും അബ്രാഹാമിനെപ്പോലെ വിശ്വാസം ഉണ്ടായിരിക്കാനും എന്നെ പഠിപ്പിക്കണമേ. കർത്താവേ, അങ്ങയുടെ മഹത്വത്തിനായി എന്നെ പ്രകാശിപ്പിക്കണമേ. ആമേൻ.