എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്നത്തെ വാഗ്ദത്ത വചനം അപ്പൊ. പ്രവൃത്തികൾ 16:31-ൽ നിന്നുള്ളതാണ്: "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും." എന്റെ പ്രിയ സുഹൃത്തുക്കളേ, യേശുവിനെക്കുറിച്ച് ആരോടെങ്കിലും പറയാനും സുവിശേഷം പങ്കുവയ്ക്കാനും ഉള്ള അവസരം ഇന്ന് നിങ്ങൾക്ക് ഉണ്ടോ?
പൌലൊസും ശീലാസും തടവിലായത് എങ്ങനെയാണെന്ന് വേദപുസ്തകത്തിലെ അപ്പൊ. പ്രവൃത്തികളിൽ നാം കാണുന്നു. ജയിലിൽ പോലും അവർ കീർത്തനങ്ങൾ പാടി ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. അർദ്ധരാത്രിയിൽ, പെട്ടെന്ന് ജയിൽ വാതിലുകൾ തുറന്നു. ശക്തമായ ഒരു ഭൂകമ്പം ജയിലിനെ പിടിച്ചുകുലുക്കുകയും വാതിലുകൾ തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീഴുകയും ചെയ്തു. അങ്ങനെ അവർക്കെല്ലാവർക്കും രക്ഷപ്പെടാൻ അവസരം ലഭിച്ചു. ആ ശബ്ദം കേട്ടപ്പോൾ എല്ലാവരും രക്ഷപ്പെട്ടതായി കരാഗൃഹപ്രമാണി കരുതി. "അയ്യോ, എനിക്ക് ജോലി നഷ്ടപ്പെടുമല്ലോ" എന്ന് അവൻ വിചാരിച്ചു. അപ്പോൾ പൌലൊസും ശീലാസും പറഞ്ഞു, "ഞങ്ങൾ എല്ലാവരും ഇവിടെത്തന്നെയുണ്ട്; വിഷമിക്കേണ്ട." ഇതെല്ലാം കണ്ട കരാഗൃഹപ്രമാണി പൌലൊസിനോടും ശീലാസിനോടും ചോദിച്ചു, "രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം?" തുടർന്ന് പൌലൊസിൽ നിന്നും ശീലാസിൽ നിന്നും സുവിശേഷം കേൾക്കാൻ അവൻ തന്റെ മുഴുവൻ കുടുംബത്തെയും കൊണ്ടുവന്നു. അവരെല്ലാവരും വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്തു.
അതുപോലെ, എന്റെ പ്രിയ സുഹൃത്തുക്കളേ, നമ്മുടെ ജീവിതത്തിൽ പോരാട്ടങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ പോലും, അവനിലുള്ള നമ്മുടെ വിശ്വാസം നിമിത്തം ദൈവം അത്ഭുതം ചെയ്യും. അതു കാണുമ്പോൾ നാം ജീവനുള്ള കർത്താവിന് സാക്ഷ്യം വഹിക്കുന്നവരായി മാറും. ആ സംഭവത്തിലൂടെ നിങ്ങൾ സേവിക്കുന്ന യേശുവിനെക്കുറിച്ച് ആളുകൾ അറിയാനിടയാകും. ഇന്ന്, നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുക. നിങ്ങളുടെ വിശ്വാസം എത്രത്തോളം ശക്തമാണ്? നിങ്ങൾ അനുഭവിക്കുന്ന അത്ഭുതത്തിലൂടെ, നിങ്ങൾ സേവിക്കുന്ന ദൈവം ജീവിക്കുന്ന ദൈവമാണെന്ന് ആളുകൾ അറിയും. അങ്ങനെയാണ് പൗലൊസിനും ശീലാസിനും ആ കരാഗൃഹപ്രമാണിയുടെ മുമ്പിൽ സാക്ഷ്യം വഹിക്കാൻ സാധിച്ചത്. ആ ജയിലിൽ പോലും ഒരു അത്ഭുതം സംഭവിച്ചു, അങ്ങനെ അവനും അവന്റെ കുടുംബവും രക്ഷപ്രാപിച്ചു. നിങ്ങൾക്ക് ആരെയെങ്കിലും നയിക്കാനും കർത്താവായ യേശുവിൽ വിശ്വസിക്കാൻ അവരെ സഹായിക്കാനും കഴിയും, അങ്ങനെ അവരുടെ കുടുംബത്തിനും രക്ഷ ലഭിക്കും. ഇന്ന്, നമുക്ക് അത്തരമൊരു വിശ്വാസത്തിനായി ദൈവത്തോട് അപേക്ഷിക്കാം: "എന്റെ വിശ്വാസത്തിലൂടെ അത്ഭുതങ്ങൾ സംഭവിക്കട്ടെ; എന്റെ ജീവിതത്തിലെ അത്ഭുതം ഈ ലോകത്തിന് അങ്ങയുടെ ശക്തിയുടെ സാക്ഷ്യമായി മാറട്ടെ." അതെ, അതാണ് നിങ്ങളുടെ ജീവിതത്തിലുടെ ദൈവം ചെയ്യാൻ പോകുന്നത്.
PRAYER:
പ്രിയ കർത്താവേ, ഇന്ന് അങ്ങയുടെ മക്കൾ അങ്ങയുടെ ശക്തിയുടെ സാക്ഷികളായിത്തീരട്ടെ. പൌലൊസിനും ശീലാസിനും കാരാഗൃഹത്തിൽ സംഭവിച്ചതുപോലെ, അങ്ങിലുള്ള ഞങ്ങളുടെ വിശ്വാസം അത്ഭുതങ്ങളെ കൊണ്ടുവരട്ടെ. ഏറ്റവും കഠിനവും ദുഷ്കരവുമായ സാഹചര്യങ്ങളിൽ പോലും, അങ്ങ് ഇടപെടുമ്പോൾ, ഭൂമി കുലുങ്ങുകയും അങ്ങയുടെ ശക്തി തെളിയിക്കുകയും ചെയ്യട്ടെ. ജനങ്ങൾ അങ്ങയുടെ വീര്യപ്രവൃത്തികൾ കാണുകയും രക്ഷ പ്രാപിക്കുകയും ചെയ്യട്ടെ. അവർ കർത്താവായ യേശുവിൽ വിശ്വസിക്കുകയും അവർക്കും അവരുടെ കുടുംബത്തിനും രക്ഷ ലഭിക്കുകയും ചെയ്യട്ടെ. കർത്താവേ, അങ്ങയുടെ മക്കളുടെ വിശ്വാസം ബലപ്പെടുത്തുകയും അവരിലൂടെ പ്രവർത്തിക്കുകയും ചെയ്യണമേ. അങ്ങയുടെ മഹത്വത്തിനായി അവരെ ഉപയോഗിക്കണമേ. അവരുടെ ദുഷ്കരമായ സാഹചര്യങ്ങൾക്കിടയിലും അങ്ങയുടെ മഹത്വം വെളിപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


