എന്റെ വിലയേറിയ സുഹൃത്തേ, "അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു," ഇയ്യോബ് 24:22 -ൽ അങ്ങനെ പറയുന്നു. നിങ്ങൾ നിരാശ നിറഞ്ഞവരാണോ? "എനിക്ക് എല്ലാം നഷ്ടപ്പെട്ടു" എന്ന് നിങ്ങൾ പറയുന്നുണ്ടോ? "എനിക്ക് ഒരിക്കലും എഴുന്നേൽക്കാൻ കഴിയില്ല" എന്ന് നിങ്ങൾ പറയുന്നുണ്ടോ? 1 കൊരിന്ത്യർ 1:27-ൽ വേദപുസ്തകം പറയുന്നു, "ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു." അതെ, " ഞാൻ ഒരു മൂഢനെന്നോ, ഞാൻ ഒരു ദുർബലയായ സ്ത്രീയെന്നോ എല്ലാവരും പറയുന്നു" എന്ന് നിങ്ങൾ ഇന്ന് പറയുന്നുണ്ടോ? നിങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പാത്രമാണ്. "ഞാൻ ശക്തനാണ്, ഞാൻ ജ്ഞാനത്താൽ നിറഞ്ഞിരിക്കുന്നു, എനിക്ക് ദൈവത്തെ ആവശ്യമില്ല. എനിക്ക് എല്ലാ ശക്തിയുമുണ്ട്" എന്ന് പറയുന്ന ഈ ലോകത്തിലെ എല്ലാവരും സ്വന്തം ശക്തി ഉപയോഗിച്ച് എഴുന്നേൽക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. സ്വന്തം ജ്ഞാനത്താൽ ഉയർന്നവരായി തോന്നുന്നവർ പലരുണ്ട്. എന്നാൽ, ദുർഭാഗ്യവശാൽ, ദുരന്തം വരുമ്പോൾ എല്ലാം തകർന്നുപോകുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ ഒരു വലിയ ബിസിനസിനെ ബാധിച്ചപ്പോൾ, ആദ്യം മുതൽ അത് നിർമ്മിച്ച ഉടമ ശക്തനാണെങ്കിലും ദുർബലനാകുകയും അത് സഹിക്കാൻ കഴിയാതെ വരികയും ചെയ്തു. മറ്റൊരു മനുഷ്യൻ, ഒരു റെയ്ഡിലൂടെ അയാളുടെ പേര് കളങ്കപ്പെടുത്തിയപ്പോൾ, നാണക്കേട് സഹിക്കാൻ കഴിയാതെ, കുടുംബത്തെ ഉപേക്ഷിച്ച് ജീവിതം അവസാനിപ്പിച്ചു. എന്റെ സുഹൃത്തേ, അതാണ് ലോകം; അതാണ് ഈ ലോകത്തിന്റെ ജ്ഞാനവും ശക്തിയും. നമ്മൾ അതിൽ വിശ്വസിക്കുമ്പോൾ, അത് കുറച്ചു കാലത്തേക്ക് മാത്രമേ നിലനിൽക്കൂ. അതുകൊണ്ടാണ് നമുക്ക് ദൈവത്തെ ആവശ്യമുള്ളത്. നാം അനുഭവിക്കുന്ന ബലഹീനത മനസിലാക്കാനും നമ്മെ ഉയർത്തി ശക്തരാക്കുവാനും യേശു തന്നെ ബലഹീനനായി. അവനെ പരിഹസിക്കുകയും ക്രൂശിൽ നിന്ദിക്കുകയും ചെയ്തു, "നീ മറ്റുള്ളവരെ രക്ഷിച്ചു, ഇപ്പോൾ തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല" എന്ന് അവർ പറഞ്ഞു. അവൻ വിഡ്ഢിയാണെന്ന് അവർ കരുതി. പക്ഷേ ആളുകൾ നിങ്ങളെ വിഡ്ഢിയെന്നോ ദുർബലനെന്നോ വിളിക്കുമ്പോൾ അതിന്റെ വേദന മനസ്സിലാക്കാൻ അവൻ അതെല്ലാം സഹിച്ചു.
സമാധാനം നിറഞ്ഞതും ക്ഷമ നിറഞ്ഞതുമായ തന്റെ ജ്ഞാനം, അവൻ നിങ്ങൾക്ക് നൽകുകയും മഹത്തായ കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. ആ ജ്ഞാനത്താൽ, ബലമുള്ളതിനെ ലജ്ജിപ്പിക്കാനുള്ള കൃപ അവൻ നിങ്ങൾക്ക് നൽകും. നിങ്ങൾ എഴുന്നേൽക്കും; അവന്റെ നാമം നിങ്ങളിലൂടെ ഉയർത്തപ്പെടും. ഇതിനായി, യെശയ്യാവ് 9:6-ൽ വേദപുസ്തകം പറയുന്നു, " അവൻ വീരനാം ദൈവമായി, സമാധാനപ്രഭുവായി വന്നു. അവൻ നിങ്ങളെ സഹായിക്കും, നിങ്ങളോട് കരുണ കാണിക്കും, എഴുന്നേൽക്കാൻ നിങ്ങൾക്ക് ജ്ഞാനവും ബലവും നൽകും”. ഇന്നത്തെ വാഗ്‌ദത്തം പറയുന്നതുപോലെ, "അവൻ നിങ്ങളുടെ ആയുസ്സ് ദീർഘിപ്പിക്കുകയും നിങ്ങളെ ശക്തരാക്കുകയും നിരാശയിൽ നിന്ന് നിങ്ങളെ ഉയർത്തുകയും ചെയ്യും". നിങ്ങൾ ശക്തരും ബലവാന്മാരുമായിത്തീരുന്നു; നിങ്ങൾ ജ്ഞാനികളും ബഹുമാനം നിറഞ്ഞവരുമായിത്തീരുന്നു. ഈ അനുഗ്രഹത്താൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
PRAYER:
സ്നേഹവാനായ കർത്താവേ, എന്റെ ബലഹീനതയിലും നിരാശയിലും ഞാൻ എങ്ങനെയായിരിക്കുന്നുവോ അങ്ങനെ തന്നെയാണ് ഞാൻ അങ്ങയുടെ അടുക്കൽ വരുന്നത്. കർത്താവേ, വീണ്ടും എഴുന്നേൽക്കാൻ എന്നെ ബലപ്പെടുത്തണമേ. ഞാൻ അങ്ങ് തിരഞ്ഞെടുത്ത പത്രമാണെന്ന് എന്നെ ഓർമ്മിപ്പിക്കേണമേ. അങ്ങയുടെ ദിവ്യജ്ഞാനവും സമാധാനവും ക്ഷമയും കൊണ്ട് എന്നെ നിറയ്‌ക്കേണമേ. എല്ലാ നിരുത്സാഹത്തിൽ നിന്നും ഭയത്തിൽ നിന്നും എന്നെ ഉയർത്തണമേ. ലൌകിക ശക്തിയിൽ ആശ്രയിക്കാതിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ശക്തിയാൽ എന്നെ ശക്തനും ബലവാനുമാക്കണമേ. എന്റെ ജീവിതം അങ്ങയുടെ നാമത്തിന് മഹത്വം നൽകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


