എന്റെ വിലയേറിയ ദൈവമക്കളെ, ഇന്നത്തെ വാഗ്ദത്തം ഉല്പത്തി 13:16-ൽ നിന്നുള്ളതാണ്. കർത്താവ് ഇപ്രകാരം പറയുന്നു, "ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം."

അബ്രഹാം ദൈവഭക്തനായ ഒരു മനുഷ്യനായിരുന്നു. അവൻ കർത്താവിന്റെ വഴികൾ ശ്രദ്ധാപൂർവ്വം പിന്തുടർന്നിരുന്നു, പക്ഷേ അവന് മക്കളുണ്ടായിരുന്നില്ല. വർഷങ്ങളോളം അവനും ഭാര്യയ്ക്കും മക്കളില്ലാത്ത അവസ്ഥയായിരുന്നു. ഉല്പത്തി 22:17 -ൽ കർത്താവ് അബ്രഹാമിനോട് ഇപ്രകാരം വാഗ്ദാനം ചെയ്തു: "ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും." അബ്രഹാം ശ്രദ്ധാപൂർവം കർത്താവിനെ അന്വേഷിച്ചെങ്കിലും വർഷങ്ങളോളം അവന് മക്കളുണ്ടായില്ല. എന്നിരുന്നാലും, അവൻ എപ്പോഴും തന്റെ പിതാവായ കർത്താവിനെ മുറുകെപ്പിടിച്ചു. അതുകൊണ്ടാണ് കർത്താവ് അബ്രഹാമിനോട്, "ഞാൻ നിന്നെ അനുഗ്രഹിക്കുകയും നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കുകയും ചെയ്യും" എന്ന് വാഗ്ദാനം ചെയ്തത്.

എന്റെ സുഹൃത്തുക്കളേ, നിങ്ങളുടെ വേദപുസ്തകം എടുത്ത് മത്തായി 1:1-17 വരെയുള്ള ഭാഗം വായിക്കുക. അവിടെ നാം അബ്രഹാമിന്റെ വംശാവലിയെക്കുറിച്ച് വായിക്കുന്നു. യേശുക്രിസ്തുവിന്റെ ജനനം വരെ, ഒന്നിനുപിറകെ ഒന്നായി, ദൈവഭക്തരായ തലമുറകൾ അവന്റെ വംശത്തിൽനിന്ന് ജനിച്ചു. ദീർഘകാലത്തിനുശേഷം അവന്റെ തലമുറ വളരെയധികം അനുഗ്രഹിക്കപ്പെട്ടു. നിങ്ങളും കർത്താവിന്റെ വഴികൾ പിന്തുടരുകയാണെങ്കിൽ, ദൈവഭക്തനായ അബ്രഹാമിന് അവൻ എല്ലാം നൽകിയതുപോലെ നിങ്ങൾക്കും ദൈവം എല്ലാം നൽകും. ഇന്നു മുതൽ ദൈവം നിങ്ങളെ അനുഗ്രഹിക്കാൻ പോകുന്നു. അബ്രഹാം അവനെ ഉത്സാഹത്തോടെ അന്വേഷിച്ചതുപോലെ നിങ്ങളും അവനെ രാവും പകലും പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക. ദൈവവചനം വായിക്കുകയും അവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം മനോഹരമായ രീതിയിൽ ലഭിക്കും.

PRAYER:
പ്രിയ കർത്താവേ, എന്റെ വിശ്വസ്ത ദാതാവായതിനും അങ്ങയുടെ അത്ഭുതകരമായ വാഗ്‌ദത്തങ്ങൾക്കും അങ്ങേയ്ക്ക് നന്ദി പറയുന്നു. ഉത്സാഹത്തോടെ അങ്ങയെ അന്വേഷിക്കാനും പൂർണ്ണഹൃദയത്തോടെ അങ്ങയുടെ വഴികൾ അനുഗമിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ വാഗ്‌ദത്തങ്ങൾ നിറവേറാനായി കാത്തിരിക്കേണ്ടി വന്നാലും അങ്ങയെ മുറുകെപ്പിടിച്ചുനിൽക്കുവാൻ എന്നെ ശക്തിപ്പെടുത്തണമേ. എനിക്ക് ആവശ്യമുള്ളതെല്ലാം അങ്ങയുടെ പരിപൂർണ്ണമായ ഹിതപ്രകാരം നൽകണമേ. പ്രത്യേകിച്ച് മക്കളില്ലാത്തവരെ ഓർക്കുകയും അങ്ങയുടെ ശക്തമായ കരംകൊണ്ട് അവരെ സ്പർശിക്കുകയും ചെയ്യണമേ. അബ്രഹാമിനെപ്പോലെ അവരെ അനുഗ്രഹിക്കുകയും അവരുടെ ദൈവീകമായ ആഗ്രഹങ്ങൾ നിറവേറ്റിത്തരികയും ചെയ്യണമേ. അവരുടെ ജീവിതത്തിലും തലമുറകളിലും അങ്ങയുടെ അനുഗ്രഹങ്ങൾ വർദ്ധിക്കട്ടെ. അവർ അങ്ങയെ കാത്തിരിക്കുമ്പോൾ അവർക്ക് വിശ്വാസവും പ്രത്യാശയും ശക്തിയും സമാധാനവും നൽകണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.