എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം യെശയ്യാവ് 62:3 ധ്യാനിക്കുന്നു: 'യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും." എത്ര അത്ഭുതകരമായ വാഗ്‌ദത്തമാണിത്! തന്റെ മക്കൾ തന്റെ കൈകളിൽ മഹത്വത്തിന്റെ കിരീടമായി പ്രകാശിക്കുമെന്ന് കർത്താവ് പറയുന്നു. ഈ അനുഗ്രഹം എപ്പോഴാണ് വരുന്നത്? നാം യേശുവിനെ നമ്മുടെ രക്ഷകനായി സ്വീകരിക്കുകയും നമ്മുടെ സാക്ഷ്യത്തിലൂടെയും സേവനത്തിലൂടെയും അവന്റെ നാമത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന് വേണ്ടി ജീവിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ തന്നെ. പഴയ നിയമത്തിലെ പുരോഹിതന്മാർ ആലയത്തിൽ ശുശ്രൂഷ ചെയ്യുമ്പോൾ ഒരു വിശുദ്ധ കിരീടം ധരിച്ചതുപോലെ (ലേവ്യപുസ്തകം 8:9) കർത്താവ്, തന്റെ മക്കൾ വിശ്വസ്തതയോടെ അവനെ സേവിക്കുമ്പോൾ തന്റെ വിശുദ്ധ കിരീടം കൊണ്ട് അവരെ അഭിഷേകം ചെയ്യുന്നു. അത് ഒരു ഭൌമിക കിരീടമല്ല, മറിച്ച് ബഹുമാനവും നീതിയും നിത്യമഹത്വവും നിറഞ്ഞ ഒരു ദൈവീക കിരീടമാണ്.
ദൈവത്തിന്റെ വേലയിൽ സ്ഥിരോത്സാഹം കാണിക്കുന്നവർക്കായി കിരീടങ്ങൾ കരുതിവച്ചിട്ടുണ്ടെന്ന് വേദപുസ്തകം നമുക്ക് ഉറപ്പുനൽകുന്നു. 2 തിമൊഥെയൊസ് 4:8 പറയുന്നു, " ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും." അതുപോലെ, 1 പത്രൊസ് 5:4 വാഗ്ദത്തം ചെയ്യുന്നത്, ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നാം തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും എന്നാണ്. അതെ, എന്റെ പ്രിയ ദൈവമക്കളേ, നിങ്ങൾ ദൈവത്തിന്റെ വേല ചെയ്യാൻ എഴുന്നേൽക്കുമ്പോൾ, ആളുകൾ നിങ്ങളെ വിമർശിക്കുകയോ പരിഹസിക്കുകയോ നിങ്ങൾക്കെതിരെ വ്യാജമായി സംസാരിക്കുകയോ ചെയ്തേക്കാം. എന്നാൽ നിങ്ങൾ നിരാശപ്പെടരുത്. എല്ലാ കണ്ണീരും എല്ലാ ശ്രമങ്ങളും എല്ലാ ത്യാഗങ്ങളും കർത്താവ് കാണുന്നു. നിശ്ചയിച്ച സമയത്ത്, അവൻ തന്റെ മഹത്വത്തിന്റെ കിരീടം കൊണ്ട് നിങ്ങളെ ആദരിക്കും. അതുവരെ ഉറച്ചുനിൽക്കുക, അവന്റെ വചനത്തെ ധ്യാനിക്കുക, അവന്റെ വഴികളിൽ നടക്കുക, എന്തെന്നാൽ അവന്റെ മഹത്വം തീർച്ചയായും നിങ്ങളുടെമേൽ പ്രകാശിക്കും.
"എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു" (യെശയ്യാവ് 60:1). വ്യക്തിപരമായി അല്ലെങ്കിൽ ഒരു കുടുംബമായി, കർത്താവിനായി എന്തെങ്കിലും ചെയ്യാൻ സ്വയം പ്രതിജ്ഞാബദ്ധരാകുക. അത് പ്രാർത്ഥനയോ സുവിശേഷം പങ്കുവയ്ക്കുകയോ സഭയിൽ സേവനം ചെയ്യുകയോ ആവശ്യമുള്ളവരെ സഹായിക്കുകയോ ആകാം. അത് എന്തുതന്നെയായാലും അത് പൂർണ്ണഹൃദയത്തോടെ ചെയ്യുക, അപ്പോൾ കർത്താവ് പ്രസാദിക്കും. തന്റെ വാഗ്‌ദത്തമനുസരിച്ച്, ശരിയായ സമയത്ത് അവൻ നിങ്ങൾക്ക് മഹത്വത്തിന്റെ കിരീടം നൽകും. "കർത്താവേ, അങ്ങയുടെ വഴിയിൽ എന്നെ നടത്തണമേ, അങ്ങയുടെ ഇഷ്ടം ഞാൻ ചെയ്യട്ടെ, എന്റെ ജീവിതം അങ്ങയെ മഹത്വപ്പെടുത്തട്ടെ" എന്ന് പറഞ്ഞ് നമുക്ക് ഇന്ന് നമ്മെത്തന്നെ താഴ്ത്തി അവന്റെ കൈകളിൽ നമ്മുടെ ജീവിതം പുതുതായി സമർപ്പിക്കാം.
PRAYER:
സ്നേഹവാനായ പിതാവേ, അങ്ങയുടെ പൈതലാകാൻ എന്നെ വിളിച്ചതിന് അങ്ങേക്ക് നന്ദി. എപ്പോഴും അങ്ങയെ മഹത്വപ്പെടുത്തുന്ന ഒരു ജീവിതം നയിക്കാൻ എന്നെ സഹായിക്കണമേ. വെല്ലുവിളികൾക്കിടയിലും വിശ്വസ്തതയോടെ അങ്ങയെ സേവിക്കാൻ എന്നെ ശക്തിപ്പെടുത്തേണമേ. അങ്ങയുടെ നീതിയുടെയും മഹത്വത്തിന്റെയും കിരീടംകൊണ്ട് എന്നെ അഭിഷേകം ചെയ്യണമേ; അങ്ങയുടെ പ്രത്യക്ഷതവരെ അങ്ങയുടെ ഹിതത്തിൽ എന്നെ ദിനംപ്രതി നടത്തേണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.