എന്റെ സുഹൃത്തേ, ഇന്ന് നിങ്ങൾ ആനന്ദിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു" (1 ശമൂവേൽ 2:1). അവൻ പറയുന്നു, "നിങ്ങൾ വിലപിച്ചത് മതി, നിങ്ങൾ ഭയപ്പെട്ടതു മതി." യോശുവ 6:1-ൽ പറയുന്നു, യെരീഹോ അടെച്ചു ഉറപ്പാക്കിയിരുന്നു, യിസ്രായേല്യർക്കു പ്രവേശിക്കാൻ കഴിഞ്ഞില്ല. 2 രാജാക്കന്മാർ 2-ൽ പ്രവാചകന്മാരും എലീശയോട് ഭയാനകമായ വാക്കുകൾ സംസാരിച്ചു, അവൻ അനാഥനായി ഉപേക്ഷിക്കപ്പെടുമെന്ന് പറഞ്ഞു. നിഷേധാത്മക ശബ്ദങ്ങൾ, അടഞ്ഞ വാതിലുകൾ, പ്രതീക്ഷയില്ലാത്ത സാഹചര്യങ്ങൾ എന്നിവ നമുക്ക് ചുറ്റുമുണ്ടാകാം. എന്നാൽ ദൈവം യോശുവയോടും അവന്റെ ജനത്തോടും വിശ്വാസത്തോടെ യെരീഹോവിനെ ചുറ്റിനടക്കാനും ഏഴാം ദിവസം ആനന്ദത്തോടെ വിജയം ആഘോഷിക്കാനും പറഞ്ഞു. അവർ അനുസരിച്ചപ്പോൾ യെരീഹോയുടെ മതിലുകൾ ഇടിഞ്ഞുവീണു. അതുപോലെ, നിങ്ങൾ കർത്താവിൽ ആനന്ദിക്കുമ്പോൾ മുന്നോട്ട് പോകുന്നതിൽ നിന്ന് നിങ്ങളെ തടയുന്ന എല്ലാ മതിലുകളും വീഴും. 1 ശമൂവേൽ 2:1-ൽ തിരുവെഴുത്ത് പറയുന്നു, “എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു." ഇതാണ് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്‌ദത്തം: നിങ്ങൾ ആനന്ദിക്കാൻ തീരുമാനിക്കുമ്പോൾ നിങ്ങളുടെ തല ഉയർന്നിരിക്കും.
നിങ്ങൾ എന്തിന് ആനന്ദിക്കണം? കാരണം ദൈവം തന്നെ നിങ്ങളെക്കുറിച്ച് ആനന്ദിക്കുന്നു. സെഫന്യാവ് 3:17 - ൽ ഇങ്ങനെ പറയുന്നു, “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു..... ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും." മത്തായി 3:17-ൽ പിതാവ് ഇപ്രകാരം പ്രഖ്യാപിച്ചു, “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു." ദൈവം നിങ്ങളിൽ പ്രസാദിക്കുന്നുവെങ്കിൽ, നിങ്ങൾ എന്തിനാണ് ഭയത്തിലോ ദുഃഖത്തിലോ ജീവിക്കുന്നത്? “ഞാൻ ഒരു ദൈവപൈതലാണ്” (യോഹന്നാൻ 1:12) എന്ന് ആനന്ദിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക. “നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും (യോഹന്നാൻ 14:14) എന്ന് യേശു പറഞ്ഞതിൽ സന്തോഷിക്കുക. ഫിലിപ്പിയർ 4:4-ൽ വേദപുസ്തകം പറയുന്നു, “ കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു" 1 തെസ്സലൊനീക്യർ 5:16 പോലും നമ്മെ നിരന്തരം സന്തോഷിപ്പാൻ ഓർമ്മിപ്പിക്കുന്നു. പരീക്ഷണങ്ങളുടെ നടുവിലും നിങ്ങൾ കർത്താവിൽ സന്തോഷിക്കുമ്പോൾ, അവന്റെ വിജയം നിങ്ങളുടെ ജീവിതത്തിൽ പ്രകടമാകുന്നത് നിങ്ങൾ കാണും.
നിങ്ങൾ സന്തോഷിക്കുമ്പോൾ, നിങ്ങൾക്കെതിരെ ഉയരുന്ന ശത്രുക്കൾ വീഴും. "ദൈവം നല്ലവൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ" എന്ന് ദൈവജനം പാടിയപ്പോൾ യിസ്രായേലിനെതിരെ നിലകൊണ്ട ജനങ്ങൾ അന്യോന്യം ഏറ്റുമുട്ടി (2 ദിനവൃത്താന്തം 20:21-22). നിങ്ങളുടെ ഹൃദയം ദൈവത്തോടു ചേർന്നുനിൽക്കുമ്പോൾ നിങ്ങൾ സന്തോഷിച്ചാനന്ദിക്കും (സങ്കീർത്തനങ്ങൾ 32:11). ദൈവം നിങ്ങളുടെ പക്ഷത്താണെന്ന് നിങ്ങൾക്ക് സംശയമില്ലാതെ മനസ്സിലാകും. അപ്പോൾ, ലൂക്കൊസ് 1:69 പറയുന്നതുപോലെ, നിങ്ങളുടെ കൊമ്പ് ഉയർന്നിരിക്കും, നിങ്ങൾ കർത്താവിന്റെ ബലത്തിൽ നടക്കും. ദൈവം നിങ്ങളെ സ്വന്തം പൈതൽ എന്ന് വിളിക്കുന്നതും അവൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് അറിയുന്നതും എത്ര സന്തോഷകരമാണ്. അവൻ നിങ്ങളുടെ ഹൃദയത്തെ ഈ സന്തോഷം കൊണ്ട് നിറയ്ക്കട്ടെ, നിങ്ങളുടെ ജീവിതത്തിലെ യെരീഹോയുടെ എല്ലാ മതിലുകളും അവന്റെ സാന്നിധ്യത്തിന്റെ മുന്നിൽ തകർന്നുവീഴട്ടെ.
PRAYER:
സ്നേഹവാനായ പിതാവേ, എന്നെ അങ്ങയുടെ പൈതലെന്ന് വിളിച്ചതിന് അങ്ങേക്ക് നന്ദി. എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ ഭയവും ദുഃഖവും എടുത്തുകളയണമേ. പരിശുദ്ധാത്മാവിന്റെ സന്തോഷം കൊണ്ട് എന്നെ നിറയ്ക്കണമേ. എന്റെ ജീവിതത്തിലെ യെരീഹോയുടെ എല്ലാ മതിലുകളും തകർന്നുവീഴട്ടെ. കർത്താവേ, എന്റെ കൊമ്പ് ഉയർത്തി എന്നെ മാനിക്കണമേ. എനിക്കെതിരെ ഉയരുന്ന ശത്രുക്കളോട് യുദ്ധം ചെയ്യേണമേ. അങ്ങയുടെ ഹിതപ്രകാരം എന്നെ പരിപാലിക്കുകയും എന്നെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യണമേ. എല്ലായ്പ്പോഴും അങ്ങിൽ സന്തോഷിക്കാൻ എന്നെ സഹായിക്കണമേ. മറ്റുള്ളവർക്ക് സന്തോഷത്തിന്റെ ഒരു ചാനലാക്കി എന്നെ മാറ്റണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ, ആമേൻ.