എന്റെ വിലയേറിയ സുഹൃത്തേ, ജ്ഞാനമുള്ളോരു പ്രധാനശില്പിയായിരിക്കാൻ കർത്താവ് നിങ്ങളെ വിളിച്ചിരിക്കുന്നു. 1 കൊരിന്ത്യർ 3:10-ൽ പൗലൊസ് ഇപ്രകാരം പറയുന്നു, "എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു... താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ."
ഓരോ ജീവിതത്തിനും ഉറച്ച അടിസ്ഥാനം ആവശ്യമാണ്, ആ അടിസ്ഥാനം ഇളകാത്ത പാറയായ യേശുക്രിസ്തു തന്നെയാണ്. 1 കൊരിന്ത്യർ 3:11 പറയുന്നു, "യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല." തന്റെ സിംഹാസനം സ്ഥാപിക്കപ്പെടുകയും തന്റെ മഹത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒരു രാജകീയ വാസസ്ഥലമായി നിങ്ങളുടെ ജീവിതത്തെ പണിയാൻ കർത്താവ് ആഗ്രഹിക്കുന്നു. ലോകത്തിന്റെ ദൃഷ്ടിയിൽ പ്രതിഭാശാലികളോ സ്വാധീനശക്തിയുള്ളവരോ വിജയികളോ ആയിരിക്കുന്നവരെയല്ല, തന്നോട് വിശ്വസ്തരായിരിക്കുന്നവരെയാണ് അവൻ അന്വേഷിക്കുന്നത് (1 കൊരിന്ത്യർ 4:2).
കർത്താവ് വിശ്വാസത്തിലൂടെ നമ്മുടെ അടിസ്ഥാനത്തെ ശക്തിപ്പെടുത്തുന്നു. "വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു" എന്ന് റോമർ 10:17 പറയുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുമ്പോൾ ദൈവവചനം നമ്മുടെ ഹൃദയങ്ങളോട് സംസാരിക്കുകയും വിശ്വാസം നൽകുകയും ചെയ്യുന്നു. നാം അവന്റെ വാഗ്‌ദത്തങ്ങൾ കേൾക്കുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുമ്പോൾ നമ്മുടെ വിശ്വാസം വിജയത്തിനായുള്ള അചഞ്ചലമായ അടിസ്ഥാനമായി മാറുന്നു.
പരീക്ഷകളിലൂടെയും കഷ്ടതകളിലൂടെയും കർത്താവ് നമ്മുടെ അടിസ്ഥാനത്തെ കൂടുതൽ ബലപ്പെടുത്തുന്നു. യെശയ്യാവ് 28:16-ൽ “ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു” എന്നു പറയുന്നു. സ്വർണ്ണം തീയിൽ ശുദ്ധീകരിക്കപ്പെടുന്നു, വെള്ളിയും ചൂടിലൂടെ ശുദ്ധമാക്കപ്പെടുന്നു. അതുപോലെ, തന്റെ ഉദ്ദേശ്യത്തിൽ നമ്മെ കൂടുതൽ ഉയർന്ന ഒരു സ്ഥാനത്തേക്ക് ഒരുക്കുന്നതിനായി ദൈവം നമ്മെ പരീക്ഷകളിലൂടെയും കഷ്ടതകളിലൂടെയും കടന്നുപോകാൻ അനുവദിച്ചേക്കാം. ഇയ്യോബ്, അബ്രാഹാം, യോസേഫ്, ദാനീയേൽ എന്നിവരെല്ലാവരും പരീക്ഷകളിലൂടെ കടന്നുപോയി. എങ്കിലും കർത്താവ് അവരോടൊപ്പം നിൽക്കുകയും അവരെ ആദരവോടെ അതിൽനിന്നെല്ലാം കരകയറ്റുകയും ചെയ്തു. പരീക്ഷിക്കപ്പെട്ട ഒരു കല്ലാകാൻ ദൈവം നിങ്ങളെ അനുവദിക്കുമ്പോൾ, അവൻ നിങ്ങളെ ഒരു വിലയേറിയ കല്ലായി രൂപപ്പെടുത്തുന്നു. അതിനാൽ, പരീക്ഷണങ്ങൾ നിങ്ങളുടെ വിശ്വാസത്തെ ഇളക്കാൻ അനുവദിക്കരുത്. അവ നിങ്ങളെ യേശുവിൽ കൂടുതൽ ഉറപ്പോടെ സ്ഥാപിക്കട്ടെ.
തന്റെ പ്രാവചനിക വചനത്തിലൂടെയും ദൈവം നമ്മുടെ അടിസ്ഥാനം സ്ഥാപിക്കുന്നു. തന്റെ പദ്ധതികൾ വെളിപ്പെടുത്താനും മുന്നോട്ടുള്ള കാര്യങ്ങൾക്കായി തന്റെ ജനത്തെ ഒരുക്കാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും ജാഗ്രതയോടെ പ്രാർത്ഥിക്കാൻ അവരെ ആഹ്വാനം ചെയ്യുന്നതിനുമായി അവൻ തന്റെ ദാസന്മാരിലൂടെ സംസാരിക്കുന്നു. പ്രവചനം ഒരു വ്യക്തിയെ മഹത്വപ്പെടുത്താനോ പ്രവാചകനെ പ്രശസ്തനാക്കാനോ ഉദ്ദേശിച്ചുള്ളതല്ല; യഥാർത്ഥ പ്രവചനം എല്ലായ്പ്പോഴും നമ്മെ യേശുവിങ്കലേക്ക് നയിക്കുന്നു. ദൈവം ഒരു വാഗ്‌ദത്തമോ പ്രാവചനിക വചനമോ നൽകുമ്പോൾ അത് ഉടനടി നിറവേറണമെന്നില്ല. എന്നാൽ ആ കാലതാമസം ദൈവത്തിൽ കൂടുതൽ ആശ്രയിക്കാനും, പ്രാർത്ഥനയിൽ സ്ഥിരതയോടെ നിലനിൽക്കാനും, വിശ്വസ്തരായി തുടരാനും ഉള്ള ഒരു അവസരമാണ്. ഹബക്കൂക്ക് 2:3-ൽ പറയുന്നതുപോലെ,"അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല." ആത്യന്തികമായി, പ്രവചനം യേശുക്രിസ്തുവിന്റെ തിരിച്ചുവരവിങ്കലേക്ക് നമ്മെ നയിക്കുകയും നമ്മുടെ ഹൃദയങ്ങളെ ഒരുക്കുകയും അവന്റെ സന്ദേശം പ്രസംഗിക്കാനും അവന് സാക്ഷികളായി ജീവിക്കുവാനും നമ്മെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
എന്റെ സുഹൃത്തേ, കർത്താവ് മടങ്ങിവരുന്നതിന് മുമ്പ്, നിങ്ങൾ നിങ്ങളെത്തന്നെ പൂർണ്ണമായി അവന് സമർപ്പിക്കുക. യേശുക്രിസ്തുവിൽ നിങ്ങളുടെ ജീവിതം പണിയുക, അവനോട് വിശ്വസ്തത പുലർത്തുക, വിശ്വാസത്തിൽ വളരുക, നിങ്ങളുടെ പരീക്ഷണങ്ങൾ സഹിക്കുക, അവന്റെ വചനത്തിൽ ഉറച്ചുനിൽക്കുക. അപ്പോൾ കർത്താവ് നിങ്ങളുടെ ജീവിതം സുസ്ഥാപിതമാക്കുകയും തന്റെ മഹത്വം നിങ്ങളിലൂടെ വെളിപ്പെടുത്തുകയും ചെയ്യും.
PRAYER:
പ്രിയ കർത്താവേ, ഞാൻ എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ കൈകളിൽ സമർപ്പിക്കുകയും എന്റെ ജീവിതത്തിന്റെ ഉറച്ച അടിസ്ഥാനമായിരിക്കാൻ അങ്ങയോട് അപേക്ഷിക്കുകയും ചെയ്യുന്നു. ഞാൻ പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോഴും അങ്ങയോട് വിശ്വസ്തത പുലർത്താനും വിശ്വാസത്തിൽ വളരാനും അങ്ങയുടെ വചനത്തിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ വാഗ്‌ദത്തങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കാനും അവയുടെ പൂർത്തീകരണം വൈകുന്നതായി തോന്നുമ്പോൾ ഉറച്ചുനിൽക്കാനും എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ വരവിനായി എന്റെ ഹൃദയത്തെ ഒരുക്കുകയും എന്റെ ജീവിതത്തിലുടനീളം അങ്ങേയ്ക്ക് സാക്ഷ്യം വഹിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


