എന്റെ സുഹൃത്തേ, ഇന്ന് നാം നമുക്ക് വിജയം നൽകുന്ന ഒരു ദൈവത്തെ സേവിക്കുന്നു, അവന്റെ വാഗ്‌ദത്തങ്ങൾ അവന്റെ വചനത്തിലൂടെ ലഭിക്കുമ്പോഴാണ് ആ വിജയം വരുന്നത്. II തെസ്സലൊനീക്യർ 3:16-ൽ, “സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ” എന്ന് പറയുന്നു. ഈ സമാധാനം ലോകം നൽകുന്നതിന് തുല്യമല്ല. ഈ ലോകത്ത്, ഒരു പ്രശ്നം പരിഹരിക്കപ്പെടുമ്പോഴോ, ഒരു ഫലം നന്നായി വരുമ്പോഴോ, അല്ലെങ്കിൽ ഒരു താൽക്കാലിക ഭാരം കുറയുമ്പോഴോ സമാധാനം വരുന്നു. പക്ഷേ അത് എത്ര കാലം നീണ്ടുനിൽക്കും? അടുത്ത വെല്ലുവിളി അതിനെ വേഗത്തിൽ ഇല്ലാതാക്കുന്നു. എന്നാൽ, ദൈവത്തിൻറെ സമാധാനം വ്യത്യസ്തമാണ്. ഫിലിപ്പിയർ 4 നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ, അവന്റെ സമാധാനം ഒരു പട്ടാളക്കാരനെപ്പോലെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുകയും എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

ഈ സമാധാനം നാം യേശുവിൽ തന്നെ കാണുന്നു. അവനും ശിഷ്യന്മാരും ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടപ്പോൾ തിരമാലകൾ പടകിനെ ശക്തമായി കുലുക്കിയെങ്കിലും യേശു സമാധാനത്തോടെ ഉറങ്ങുകയായിരുന്നു. ഭയപരവശരായ ശിഷ്യന്മാർ അവനെ ഉണർത്തിയപ്പോൾ അവൻ ചോദിച്ചു: "നിങ്ങൾ ഭയപ്പെടുന്നത് എന്തുകൊണ്ട്?" നാം അവനിൽ വിശ്വസിക്കുമ്പോൾ അവൻ നമ്മിൽ സ്ഥാപിക്കുന്നതും അതേ സമാധാനമാണ്. ഒരു തൊഴിൽ അഭിമുഖത്തിൽ നിരസിക്കപ്പെടുമ്പോൾ, ഭയപ്പെടുത്തുന്ന ഒരു മെഡിക്കൽ റിപ്പോർട്ട് നമ്മെ കുലുക്കുമ്പോൾ, അല്ലെങ്കിൽ ആളുകൾ നമ്മെ ഭീഷണിപ്പെടുത്തുമ്പോൾ, ദൈവത്തിന്റെ സമാധാനം നമ്മെ സുസ്ഥിരരാക്കുന്നു. അത് ഇപ്രകാരം മന്ത്രിക്കുന്നു, "ഭയപ്പെടേണ്ട! കർത്താവ് നിന്നെ ഇതിൽ നിന്ന് മോചിപ്പിക്കും." അവനു മാത്രം നൽകാൻ കഴിയുന്ന ശാശ്വതമായ സമാധാനമാണിത്.

മദ്യപാനത്തിന് അടിമപ്പെട്ട് ജോലി നഷ്ടപ്പെട്ട ഒരാളെ ഞാൻ ഓർക്കുന്നു. നിരാശയിൽ മുങ്ങിപോയ അയാൾ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഒരു ദിവസം അയാൾ ഞങ്ങളുടെ ഒരു യോഗത്തിലേക്ക് കടന്നുവന്നു. "ദൈവം നിങ്ങളുടെ ജീവിതം വീണ്ടും പണിയും " എന്ന സന്ദേശം എന്റെ അമ്മ പങ്കുവയ്ക്കുന്നത് അയാൾ കേട്ടപ്പോൾ, ഒരു വലിയ സമാധാനം അയാളുടെ ഹൃദയത്തിൽ നിറഞ്ഞു. അയാളുടെ ഹൃദയത്തിലെ ചിന്തകൾ പൂർണ്ണമായും മാറി, ആസക്തി അവനെ വിട്ടുപോയി, ദൈവം അയാളുടെ ജീവിതവും ജോലിയും പുനഃസ്ഥാപിക്കുകയും അയാളുടെ ജീവിതത്തെ യഥാർത്ഥത്തിൽ മാറ്റിമറിക്കുകയും ചെയ്തു. അതാണ് ദൈവത്തിന്റെ സമാധാനത്തിന്റെ ശക്തി. എന്റെ സുഹൃത്തേ, അതേ സമാധാനം ഇന്ന് നിങ്ങൾക്കും ലഭ്യമാണ്. നിങ്ങളുടെ ഹൃദയം തുറക്കുക, അവനോട് അപേക്ഷിക്കുക, ഒരിക്കലും മങ്ങാത്ത അവന്റെ സമാധാനം സ്വീകരിക്കുക.

PRAYER:
സ്നേഹവാനായ കർത്താവേ, എന്റെ ജീവിതത്തിലെ ഓരോ കൊടുങ്കാറ്റിനെയും ശാന്തമാക്കുന്ന ഒരാളായതിന് അങ്ങേക്ക് നന്ദി. ലോകത്തിന് നൽകാനോ എടുത്തുകളയാനോ കഴിയാത്ത നിത്യ സമാധാനം കൊണ്ട് എന്റെ ഹൃദയത്തെ കാത്തുസൂക്ഷിച്ചതിന് നന്ദി. പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴോ തിരസ്കരണങ്ങൾ ഉണ്ടാകുമ്പോഴോ ഭയം എന്നെ കീഴടക്കാൻ ശ്രമിക്കുമ്പോഴോ, എന്റെ ശക്തിയുടെ ഉറവിടമായ അങ്ങിൽ വിശ്രമിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ സമാധാനം എല്ലാ ദിവസവും എന്റെ പരിചയും എന്റെ ആശ്വാസവും എന്റെ ആത്മവിശ്വാസവുമായിരിക്കട്ടെ. കർത്താവേ, ഞാൻ എന്റെ ഹൃദയത്തെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. അങ്ങയുടെ സാന്നിധ്യത്താൽ എന്നെ നിറയ്ക്കുകയും അങ്ങയുടെ ജീവനുള്ള വചനത്തിലൂടെ എന്നെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.