എന്റെ സുഹൃത്തേ, ഇന്ന് നമ്മുടെ രക്ഷകൻ നമ്മോടൊപ്പമുണ്ട്. അതാണ് നമ്മുടെ സന്തോഷത്തിന്റെ പ്രതീക്ഷ. അവൻ നിങ്ങളെ നിരാശരാക്കില്ല. യെശയ്യാവ് 51:11-ൽ കർത്താവ് നമ്മോട് പറയുന്നു: "നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും." ഇത്രയും കാലം അടിമത്തത്തിൽ കഴിഞ്ഞശേഷം മടങ്ങിയെത്തിയ തന്റെ പ്രിയ യിസ്രായേൽ ജനതയെക്കുറിച്ചാണ് കർത്താവ് ഇത് പറഞ്ഞത്. അവർ പീഡിപ്പിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്തിരുന്നുവെങ്കിലും കർത്താവ് അവരെ രക്ഷപ്പെടുത്തി ഉല്ലാസഘോഷത്തോടെ സീയോനിലേക്ക് തിരികെ കൊണ്ടുവന്നു. അവരുടെ മുഖത്തിലെ സന്തോഷവും അവരുടെ ഹൃദയത്തിലെ ആനന്ദവും ദൈവം അവർക്ക് നൽകിയ വീട്ടിലേക്കും ഭൂമിയിലേക്കും മടങ്ങിവരുന്നതിന്റെ ആവേശവും സങ്കൽപ്പിക്കുക. പ്രിയ സുഹൃത്തേ, ഇന്ന് നമുക്കും അങ്ങനെ തന്നെയാണ്.
നിങ്ങളെ അടിച്ചമർത്തിയ ആളുകൾ നിങ്ങളെ അടിമകളാക്കിയിരിക്കാം. നിങ്ങളെ അടിച്ചമർത്തുന്നവരുടെ കീഴിലാക്കി നിർത്തുന്ന സ്ഥാനങ്ങൾക്കും പദവികൾക്കും നിങ്ങൾ വിധേയരായിരിക്കാം. ആളുകൾ നിങ്ങളെ അപമാനിച്ചിരിക്കാം. ഒരു കൂട്ടം ആളുകൾ നിങ്ങളെ നിരന്തരം പീഡിപ്പിച്ചിരിക്കാം, ഒരു വഴിയുമില്ലാതെ നിങ്ങൾക്ക് അത് സഹിക്കേണ്ടിവന്നിരിക്കാം. ഭൂവുടമകളോ അയൽക്കാരോ നിങ്ങളുടെ ചുറ്റുമുള്ള നേതാക്കളോ പോലും നിങ്ങളെ അടിച്ചമർത്തിയിരിക്കാം. എന്നാൽ കർത്താവിനെപ്രതി നിങ്ങൾ സഹിച്ചതിനാൽ നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. നിങ്ങൾ അവനിൽ ആശ്രയിക്കയും ക്ഷമിക്കയും ചെയ്തിരിക്കുന്നു. കർത്താവ് നിങ്ങളുടെ വിശ്വസ്തത കണ്ടിരിക്കുന്നു. എന്റെ സുഹൃത്തേ, ഇപ്പോൾ അവൻ നിങ്ങൾക്ക് വിടുതൽ കൊണ്ടുവരുന്നു.
ഒരിക്കൽ കടുത്ത പൈശാചിക പീഡനത്തിന് വിധേയയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രാർത്ഥനാമഹോത്സവത്തിന്റെ മാനേജർ ഞങ്ങളുടെ പിതാവിനെ വിളിച്ച് പറഞ്ഞു, "വേഗം വരൂ. ഇവിടെ നിങ്ങളുടെ പേര് പരാമർശിക്കുന്ന പിശാചുബാധിതയായ ഒരു സ്ത്രീയുണ്ട്. അവൾ പറയുന്നു, 'എന്നെ കത്തിക്കാൻ പോൾ ദിനകരൻ വരുന്നു'''. യോഗത്തിനിടയിൽ തന്നെ തന്റെ ശബ്ദം നഷ്ടപ്പെടുകയും സംസാരിക്കാൻ കഴിയാതാവുകയും ചെയ്തതിനാൽ എന്റെ പിതാവ് ആശ്ചര്യപ്പെട്ടു. എന്നിട്ടും അദ്ദേഹം വേദിയുടെ പിന്നിലുള്ള കൂടാരത്തിലേക്ക് ഓടിക്കയറി. അവളെ കണ്ടപ്പോൾ, കർത്താവിന്റെ കാരുണ്യം അദ്ദേഹത്തെ ആഴത്തിൽ ആകർഷിച്ചു, കാരണം അവൾ ഒരു മാതാവായിരുന്നു, അവളുടെ രണ്ട് കുട്ടികൾ അവളുടെ അരികിൽ നിന്നുകൊണ്ട് അവരുടെ അമ്മ വേദന അനുഭവിക്കുന്നത് നോക്കിക്കൊണ്ടിരുന്നു. ശബ്ദം ഏകദേശം മുഴുവനായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നെങ്കിലും, അദ്ദേഹം പ്രാർത്ഥിച്ചു, "കർത്താവേ, ഈ പിശാച് അവളെ വിട്ടുപോകട്ടെ. അവളോട് കരുണ കാണിച്ച് അവളെ മോചിപ്പിക്കേണമേ ". ഉടനെ, ആ പിശാച് അവളെ വിട്ടുപോയി; അവൾ നിലത്തു വീണു, ആ നിമിഷം തന്നെ അദ്ദേഹത്തിന്റെ ശബ്ദം തിരിച്ചുവന്നു. തന്റെ വിടുതലിൽ ആ അമ്മ സന്തോഷിച്ചു, അമ്മയെ തിരികെ ലഭിച്ചതിൽ അവളുടെ കുട്ടികളും അത്യധികം സന്തോഷിച്ചു. മുഴുവൻ കുടുംബവും ഒരുമിച്ചു സന്തോഷിച്ചു. എന്റെ സുഹൃത്തേ, ഇത് നമ്മുടെയും സമയമാണ്. ദൈവത്തിൽ നിന്നുള്ള ഈ വിടുതലിനായി നമുക്കും അപേക്ഷിക്കാമോ?
PRAYER:
സ്നേഹവാനായ കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ ഭാരങ്ങളും എല്ലാ പീഡനങ്ങളും അങ്ങ് കാണുന്നു. വേദനയിലും ലജ്ജയിലും നിസ്സഹായതയിലും ഞാൻ അങ്ങേക്കായി കാത്തിരുന്നു. ഇന്ന്, അങ്ങയുടെ വിടുതൽ എന്റെ ജീവിതത്തിലേക്ക് വരട്ടെ. ഇത്രയും കാലം എന്നെ ബന്ധനത്തിലാക്കിയ എല്ലാ ചങ്ങലകളും തകർക്കണമേ. എന്റെ ഹൃദയത്തിൽ വീണ്ടും നിത്യമായ ആനന്ദവും സന്തോഷവും നിറയ്ക്കണമേ. എന്റെ സമാധാനവും അന്തസ്സും പ്രത്യാശയും പുനഃസ്ഥാപിക്കണമേ. കർത്താവേ, അങ്ങയുടെ ജനത്തെ അങ്ങ് രക്ഷിക്കുകയും പീഡിതരെ സ്വതന്ത്രരാക്കുകയും ചെയ്തതുപോലെ, എന്നെയും രക്ഷിക്കണമേ. അങ്ങ് എന്നെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


