എന്റെ സുഹൃത്തേ, നിങ്ങളെ വിശാലമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവരാൻ ദൈവം ആഗ്രഹിക്കുന്നു. ഒരുപക്ഷേ നിങ്ങൾ എല്ലാ വശത്തുനിന്നും കഠിനമായ ഞെരുക്കത്തിലായിരിക്കാം; ദുഷ്ടർ നിങ്ങളെ ഞെരുക്കുന്നുണ്ടാകാം, പാപങ്ങൾ നിങ്ങളെ ഞെരുക്കുന്നുണ്ടാകാം, ജീവിത പ്രശ്നങ്ങൾ നിങ്ങളെ ഞെരുക്കുന്നുണ്ടാകാം. വഞ്ചനകൾ നിങ്ങളെ ഞെരുക്കിയേക്കാം. എന്നാൽ ദൈവം നിങ്ങൾക്ക് വിടുതൽ നൽകും. യേശു നിങ്ങളെ മോചിപ്പിക്കുകയും വിശാലമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവരികയും ചെയ്യും, കാരണം അവൻ നിങ്ങളിൽ പ്രസാദിക്കുന്നു. അവൻ  നിങ്ങളെക്കുറിച്ച് പാടി സന്തോഷിക്കുകയും അവൻ നിങ്ങളെ രക്ഷിക്കുകയും ചെയ്യും. ഇത് നിങ്ങൾക്കുള്ള ദൈവത്തിന്റെ വാഗ്‌ദത്തമാണ്, സങ്കീർത്തനം 18:19 - ൽ പറയുന്നതുപോലെ: "അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു." ഇപ്പോൾ, അവൻ നമ്മെ കൊണ്ടുവരുന്ന വിശാലമായ സ്ഥലം ഏതാണ്? സങ്കീർത്തനം 118:5 - ൽ സങ്കീർത്തനക്കാരൻ പറയുന്നു, "ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി." അതെ, പരാജയത്താൽ കഠിനമായി ഞെരുക്കപ്പെട്ടു, നഷ്ടങ്ങളാൽ കഠിനമായി ഞെരുക്കപ്പെട്ടു, എന്റെ ആത്മാവിലെ വേദനയും കഷ്ടപ്പാടും മൂലം കഠിനമായി ഞെരുക്കപ്പെട്ടു, ദുഷിച്ചവരും ഇരട്ടനാവുള്ളവരുമായ ആളുകളുടെ വഞ്ചനകളാലും, വിഷാദമുള്ള ആത്മാക്കളാലും ഞെരുക്കപ്പെട്ടു. ആ സമയത്ത് ഞാൻ കർത്താവിനോട് നിലവിളിച്ചു, അവൻ എന്നെ രക്ഷിച്ച്  വിശാലമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവന്നു.

രണ്ടാമതായി, സങ്കീർത്തനം 31:8 പറയുന്നു, " ശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിർത്തിയിരിക്കുന്നു." അതെ, ആളുകൾക്ക് അസൂയ തോന്നിയേക്കാം. ആളുകൾ നമ്മെ ഉപയോഗിക്കാനും നമ്മിൽ നിന്ന് എല്ലാം പിഴിഞ്ഞെടുത്തു ഓടിപ്പോകാനും ശ്രമിച്ചേക്കാം. നമ്മോടൊപ്പം ആയിരിക്കുമ്പോഴും ചിലർ നമ്മെ വിശ്വസിക്കാതിരിക്കാം. ദൈവം നമുക്ക് നൽകിയ കൃപയിൽ ആളുകൾക്ക് വിശ്വാസമില്ലായിരിക്കാം. എന്നാൽ ദൈവം നമ്മെ ശത്രുവിൽ നിന്ന് മോചിപ്പിക്കുകയും വിശാലമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവരികയും ചെയ്യും. നിങ്ങളുടെ ശത്രുക്കൾ കാൺകെ നിങ്ങൾക്കു വിരുന്നൊരുക്കുകയും നിങ്ങളുടെ തലയെ എണ്ണകൊണ്ടു അഭിഷേകം ചെയ്യുകയും ചെയ്യുന്നു. അപ്പോൾ "എനിക്ക് ചുറ്റും ഇപ്പോൾ എല്ലാം സമാധാനമാണ്" എന്ന് നിങ്ങൾ പറയും. ശലോമോൻ പറഞ്ഞു,  “എന്റെ പിതാവിന് ജീവിതകാലം മുഴുവൻ ശത്രുക്കളോട് പോരാടേണ്ടി വന്നു, പക്ഷേ ദൈവം എനിക്ക് എല്ലാ വശങ്ങളിലും സ്വസ്ഥത നൽകിയിട്ടുണ്ട്. എനിക്ക് ശത്രുക്കളില്ല. ഞാൻ വിശാലമായ ഒരു സ്ഥലത്താണ്.” അങ്ങനെ, അവൻ ഏറ്റവും വലിയ രാജ്യം പണിതു. ദൈവം നിങ്ങൾക്കുവേണ്ടിയും അത് ചെയ്യും. നിങ്ങൾ സമാധാനത്തോടെ പണിയുകയും നിങ്ങൾ ചെയ്യുന്നതെന്തും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും.

നിങ്ങളുടെ ശത്രുക്കളിൽ നിന്നും കഠിനമായ ഞെരുക്കത്തിൽ നിന്നും അവൻ നിങ്ങളെ വിടുവിക്കും. സാമ്പത്തികം, ജീവിതത്തിൽ വിജയം, നിങ്ങളുടെ ശുശ്രൂഷയിലെ അത്ഭുതങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ എന്നിവയ്ക്കായി നിങ്ങൾ കഠിനമായി ഞെരുക്കപ്പെടുന്നുണ്ടോ? കർത്താവ് വരുന്നു. എല്ലാ വശങ്ങളിലും ബന്ധിക്കപ്പെട്ടവനായി അവൻ ക്രൂശിൽ തറയ്ക്കപ്പെട്ടു. എന്നിട്ടും, അവൻ മരണത്തെ ജയിച്ചു. അവൻ പറഞ്ഞു, "അങ്ങയുടെ കൈകളിൽ ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു." എന്റെ ആത്മാവ് കഠിനമായി ഞെരുക്കപ്പെടുന്നു, എന്നാൽ കർത്താവേ, ഞാൻ അതിനെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. ദൈവാത്മാവ് വന്ന് അവനെ ഉയിർപ്പിച്ചു, അവൻ ഉയിർത്തെഴുന്നേറ്റു. നിങ്ങൾ എഴുന്നേൽക്കും. "നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു" (സങ്കീർത്തനം 34:19). നിങ്ങൾ കർത്താവിനെ സ്നേഹിച്ചതിനാൽ അവൻ നിങ്ങളെ രക്ഷിക്കുകയും വിടുവിക്കുകയും ഉയർത്തുകയും മാനിക്കുകയും ചെയ്യും (സങ്കീർത്തനം 91:14-15). വീണ്ടും, കൊലൊസ്സ്യർ 1:13 പറയുന്നു, " നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിക്കുന്നു",  2 തിമൊഥെയൊസ് 4:18 പറയുന്നു, " അവൻ നമ്മെ സകല ദുഷ്‌പ്രവൃത്തിയിൽനിന്നും വിടുവിക്കുന്നു". ദൈവം നിങ്ങളെ രക്ഷിക്കും. ഇപ്പോൾ, അവൻ നിങ്ങളെ വിശാലമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവരുന്നു. വിശ്വസിക്കുകയും ആ അനുഗ്രഹത്തിലേക്ക് നടക്കുകയും ചെയ്യുക.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, എന്റെ ആവശ്യത്തിന്റെയും അമിതമായ ഞെരുക്കത്തിന്റെയും ഈ സമയത്താണ് ഞാൻ അങ്ങയുടെ അടുത്തേക്ക് വരുന്നത്. ഞാൻ കടന്നുപോകുന്ന ഓരോ പോരാട്ടവും ഞാൻ വഹിക്കുന്ന ഓരോ ഭാരവും അങ്ങ് കാണുന്നു. കർത്താവേ, എന്നെ രക്ഷിച്ചു വിശാലമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവരണമേ. എന്റെ ശത്രുക്കളിൽ നിന്നും എല്ലാ പീഡനങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ. അങ്ങയുടെ പരിപൂർണ്ണമായ സമാധാനവും സ്വാതന്ത്ര്യവും കൊണ്ട് എന്റെ ജീവിതത്തെ വലയം ചെയ്യണമേ. അങ്ങിൽ ആശ്രയിക്കാനും അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ വിശ്വസ്തതയോടെ നടക്കാനും എന്നെ സഹായിക്കണമേ. അടഞ്ഞുകിടക്കുന്ന എല്ലാ വാതിലുകളും അങ്ങയുടെ ശക്തിയാൽ തുറക്കപ്പെടട്ടെ. ഞാൻ അങ്ങയുടെ അനുഗ്രഹം സ്വീകരിക്കുകയും അങ്ങയുടെ സമൃദ്ധിയിലേക്ക് ചുവടുവെക്കുകയും ചെയ്യുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.