സുഹൃത്തുക്കളേ, കാരുണ്യയെ ഒരു ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റിയായി പ്രഖ്യാപിച്ചതിന്റെ 22-ാം വാർഷികമാണ് ഇന്ന്. എത്ര അത്ഭുതകരമായ അനുഗ്രഹമാണ് കർത്താവ് കാരുണ്യയ്ക്ക്  നൽകിയത്! നിങ്ങളിൽ പലരും കാരുണ്യ സന്ദർശിക്കുകയും ബെഥെസ്ദയിലെ സമാധാനപരമായ അന്തരീക്ഷം അനുഭവിക്കുകയും ചെയ്തിട്ടുണ്ടായിരിക്കാം.

ഞങ്ങൾ പുതുതായി വിവാഹിതരായിരുന്നപ്പോഴും കേറ്റി ജനിച്ചതിനുശേഷവും ഏകദേശം ഒന്നോ രണ്ടോ വർഷത്തോളം ഞങ്ങൾ അവിടെ താമസിച്ചു. ആ സ്ഥലത്ത് ഞങ്ങൾ പ്രാർത്ഥിക്കുമ്പോഴെല്ലാം എനിക്ക് കണ്ണുനീർ വരുമായിരുന്നു. ഞാൻ സാമിനോട് പലപ്പോഴും പറയാറുണ്ടായിരുന്നു, "ഇവിടെ വരുന്നത് എത്ര വലിയ അനുഗ്രഹമാണ്! ദൈവത്തിന്റെ  സാന്നിധ്യം നിങ്ങൾക്ക് വളരെ ശക്തിയോടെ ഇവിടെ അനുഭവിക്കാൻ കഴിയും." മൂന്നോ നാലോ വർഷം അവിടെ താമസിക്കാൻ കഴിയുന്ന തരത്തിൽ ഞാൻ കാരുണ്യയിൽ ഒരു വിദ്യാർത്ഥിയായിരുന്നെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിച്ചു.

അക്കാദമിക് മികവിലും അംഗീകാരത്തിലും മാത്രമല്ല ആത്മീയ വളർച്ചയിലും കർത്താവ് കാരുണ്യയെ അത്രമാത്രം സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. പഠനത്തിൽ മികവ് പുലർത്തിയതോടൊപ്പം ദൈവവുമായുള്ള ബന്ധത്തിൽ കൂടുതൽ ആഴത്തിൽ വളർന്ന നിരവധി വിദ്യാർത്ഥികളെ എനിക്കറിയാം. വർഷങ്ങളായി, കാരുണ്യയ്ക്കും അതിന്റെ ബിരുദധാരികൾക്കും കർത്താവ് തന്റെ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.

ഇയ്യോബ് 36:11-ൽ നിന്നുള്ള ഇന്നത്തെ വാഗ്‌ദത്തം ഇപ്രകാരം പ്രഖ്യാപിക്കുന്നു, "അവർ ... തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും." ഇതേ അനുഗ്രഹം ഇന്ന് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അവകാശപ്പെട്ടതാണ്. ഒരുപക്ഷേ നിങ്ങൾക്ക് നഷ്ടങ്ങൾ നേരിട്ടിട്ടുണ്ടാകാം. നിങ്ങൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിരിക്കാം, ബിസിനസ്സിൽ തിരിച്ചടികൾ നേരിട്ടിട്ടുണ്ടാകാം അല്ലെങ്കിൽ നിരാശയുടെ കാലങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാം. എന്നിരുന്നാലും, ഇന്ന് മുതൽ ദൈവം സമൃദ്ധിയും സംതൃപ്തിയും വാഗ്ദാനം ചെയ്യുന്നു. അവൻ നിങ്ങളുടെ കൈകളുടെ പ്രവർത്തനത്തെ അനുഗ്രഹിക്കുകയും നിങ്ങളുടെ ജീവിതത്തിലേക്ക് പുനസ്ഥാപനം കൊണ്ടുവരികയും ചെയ്യും.

ഇന്ന് ജോലിക്ക് പോകുന്നതിനുമുമ്പ്, ഈ വാഗ്‌ദത്തത്തിൽ വിശ്വസിക്കുക. നിങ്ങളുടെ വീട്ടിൽ നിന്നു പുറത്തേക്കു പോകുന്നതിനുമുമ്പ്, വിശ്വാസത്താൽ അത് സ്വീകരിക്കുക. കർത്താവിന് നിങ്ങളുടെ സാഹചര്യങ്ങളെ മാറ്റിമറിക്കാനും നിങ്ങളുടെ ദിവസങ്ങളെ തന്റെ നന്മയാൽ നിറയ്ക്കാനും കഴിയും. ഇയ്യോബിന്റെ അവസാന നാളുകളെ മുമ്പത്തേതിനേക്കാൾ കൂടുതൽ അവൻ അനുഗ്രഹിച്ചതുപോലെ, നിങ്ങൾക്കുവേണ്ടിയും അവന് അങ്ങനെ ചെയ്യാൻ കഴിയും. അവനെ വിശ്വസിക്കുകയും നിങ്ങളുടെ ജീവിതത്തിൽ അവന്റെ കൃപ പ്രതീക്ഷിക്കുകയും ചെയ്യുക.

PRAYER:
പ്രിയ കർത്താവേ, വർഷങ്ങളായി കാരുണ്യ   സർവകലാശാലയിൽ അങ്ങ് ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് നന്ദി. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഓരോ പൂർവ്വ വിദ്യാർത്ഥിയെയും ഓരോ വിദ്യാർത്ഥിയെയും ഓരോ കുടുംബത്തെയും അനുഗ്രഹിക്കേണമേ. അവർ ജ്ഞാനത്തിലും മികവിലും, ആത്മീയ ശക്തിയിലും വളരട്ടെ. പിതാവേ, ഇന്ന് ഇത് വായിക്കുന്ന അങ്ങയുടെ മക്കൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു. അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു ദിവ്യമായ മാറ്റം അവർ അനുഭവിക്കട്ടെ. അവരുടെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കുകയും അവരുടെ പരിശ്രമങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യേണമേ. എല്ലാ നഷ്ടങ്ങളും പുനഃസ്ഥാപിക്കുകയും എല്ലാ മുറിവുകളും സുഖപ്പെടുത്തുകയും അവരുടെ ഹൃദയങ്ങളെ ആനന്ദം കൊണ്ട് നിറയ്ക്കുകയും ചെയ്യണമേ. ഇയ്യോബിന്റെ അവസാന നാളുകളെ അവന്റെ മുൻകാലങ്ങളെക്കാൾ കൂടുതൽ അങ്ങ് അനുഗ്രഹിച്ചതുപോലെ, അവർക്ക് ഇരട്ടി അനുഗ്രഹങ്ങളും സമൃദ്ധമായ കൃപയും നൽകേണമേ. അത്ഭുതങ്ങൾ അവരെ അനുഗമിക്കട്ടെ, അവരുടെ ജീവിതത്തിലൂടെ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.