പ്രിയ സുഹൃത്തേ, ഇന്ന് നാം സങ്കീർത്തനം 104:4 ധ്യാനിക്കാൻ പോകുന്നു, “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു." ആകാശം മുഴുവനും അവന്റെ കല്പനയ്ക്കു കീഴിലാണെന്നും ഇത് ദൈവമഹത്വത്തെക്കുറിച്ച് ധ്യാനിക്കാൻ നമ്മെ നയിക്കുന്നുവെന്നും ഇവിടെ നാം കാണുന്നു. ദൈവത്തിന്റെ കരകൌശലത്തെക്കുറിച്ച് നാം ഇവിടെ ധ്യാനിക്കുന്നു. ദൈവത്തിനു വേണ്ടി പ്രവർത്തിക്കുന്ന ശക്തരായ പ്രതിനിധികളാണ് ദൂതന്മാർ. അവൻ അവരെ തന്റെ സേവനത്തിൽ മിന്നലിന്റെ വേഗത്തിൽ പ്രേരിപ്പിക്കുന്നു. ദൂതന്മാർ അത്യന്തം വേഗത്തിൽ സഞ്ചരിക്കുന്നു; അവർ ദൈവത്തിന്റെ സന്ദേശം അതിവേഗത്തിൽ കൊണ്ടുപോകുന്നു. അതുകൊണ്ടാണ് വേദപുസ്തകത്തിലെ എബ്രായർ 1:14-ൽ പറയുന്നത് - അവർ ശുശ്രൂഷിക്കുന്നു, അതുകൊണ്ട് അവരെ സേവകാത്മാക്കൾ എന്ന് വിളിക്കുന്നു. യേശു ഈ ഭൂമിയിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നപ്പോൾ, ദൂതന്മാർ എല്ലായ്പ്പോഴും സന്നദ്ധരായിരുന്നു, അവനെ സേവിക്കുവാൻ ഒരുങ്ങിയവരായിരുന്നു. അതുകൊണ്ടാണ് യേശു മത്തായി 26:53-ൽ പറയുന്നത്: “ ഞാൻ എന്റെ പിതാവിനോട് അപേക്ഷിച്ചാൽ, കർത്താവ് പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എനിക്ക് അയയ്ക്കും." അതെ, ദൂതന്മാർ സേവകാത്മാക്കളാണ്.

ലൂക്കൊസ് 22:43 - ൽ യേശു ഒലീവ് മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ പിടിക്കപ്പെടുന്നതിനുമുമ്പ് സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ അവന് പ്രത്യക്ഷപ്പെട്ട് അവനെ ശക്തിപ്പെടുത്തി. ചില ദൂതന്മാർ സന്ദേശങ്ങൾ കൊണ്ടുവരാൻ സ്വപ്നങ്ങളിൽ പോലും പ്രത്യക്ഷപ്പെടുന്നു, മറ്റു ചിലർ ദൈവജനത്തെ സംരക്ഷിക്കുകയും കാവൽ നിൽക്കുകയും ചെയ്യുന്നതായി നമ്മുടെ സ്വന്തം കണ്ണുകൾ കൊണ്ട് തന്നെ കാണാനാവുന്നു. ദൂതന്മാർ ദൈവജനത്തെ പല വിധത്തിൽ സേവിക്കുന്നു, അവർ വളരെ വേഗത്തിൽ സേവിക്കുന്നു. അതുകൊണ്ടാണ് കർത്താവ് തൻറെ ദൂതന്മാരെ കാറ്റുകളായി സൃഷ്ടിച്ചതെന്ന് വേദപുസ്തകം പറയുന്നത്.

രണ്ടാമതായി, കർത്താവ് തന്റെ ശുശ്രൂഷകന്മാരെ അഗ്നിജ്വാലകളെപ്പോലെയാക്കുന്നു. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണെന്ന് എബ്രായർ 12:29 നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് ദൈവത്തിന്റെ ശക്തിയെ പ്രതീകപ്പെടുത്തുന്നു. അവൻ തന്റെ ജനത്തെ അഗ്നിയാൽ ശുദ്ധീകരിക്കുകയും അവരുടെ എല്ലാ പാപങ്ങളിൽ നിന്നും അവരെ വിടുവിക്കുകയും ചെയ്യുന്നു. ദൈവത്തിൻറെ സാന്നിധ്യം വസിക്കുന്നിടത്ത് പാപത്തിന് നിലനിൽക്കാൻ കഴിയില്ല. വെളിപാട് 19:12 പറയുന്നത് അവന്റെ കണ്ണുകൾ അഗ്നിജ്വാല പോലെയാണ്, കാരണം അഗ്നി എപ്പോഴും ദൈവത്തിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിങ്ങളുടെ പ്രോത്സാഹനത്തിനായി, ഇത് നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. സാധാരണയായി, മീറ്റിംഗിന് ശേഷം ഞങ്ങൾ ആളുകൾക്കായി വ്യക്തിപരമായി പ്രാർത്ഥിക്കാറുണ്ടായിരുന്നു. അവർ പ്രാർത്ഥനയ്ക്കായി വരിവരിയായി നിൽക്കുമ്പോൾ, ദുരാത്മാവ് ബാധിച്ച ഒരു സഹോദരി പെട്ടെന്ന്, “എരിയുന്നു, എരിയുന്നു, എരിയുന്നു!” എന്ന് നിലവിളിക്കാൻ തുടങ്ങി. അവൾ എന്റെ അടുത്തേക്ക് വരുന്തോറും അവൾ ഉച്ചത്തിൽ നിലവിളിച്ചു. എന്നാൽ ഞാൻ അവളുടെ മേൽ കൈ വെച്ചയുടനെ പിശാച് അവളെ ഉപേക്ഷിച്ചു. കർത്താവ് ദുരാത്മാവിനെ പോലും ദഹിപ്പിക്കുന്നു! തീർച്ചയായും കർത്താവ് തൻറെ ശുശ്രൂഷകന്മാരെ അഗ്നിജ്വാലകളാക്കുന്നു. അതുകൊണ്ടുതന്നെ ഓരോ ദൈവദാസനും, ദൈവത്തിന്റെ സാന്നിധ്യത്താൽ നിറഞ്ഞിരിക്കേണ്ടതാണ്. ഇന്നും ദൈവത്തിന്റെ അഗ്നി നിങ്ങളുടെ മേൽ വരട്ടെ.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങ് സ്വർഗ്ഗത്തിലെ സൈന്യങ്ങളോട് കൽപിക്കുകയും അങ്ങയുടെ ഉദ്ദേശ്യം നിറവേറ്റാൻ അങ്ങയുടെ ദൂതന്മാരെ കാറ്റ് പോലെ അയക്കുകയും ചെയ്തതിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, എന്നെ അങ്ങയുടെ കൈകളിൽ അഗ്നിജ്വാലയാക്കി അങ്ങയുടെ സാന്നിധ്യത്താൽ എന്നെ ശുദ്ധീകരിക്കണമേ. യേശു ഈ ഭൂമിയിലായിരുന്നപ്പോൾ ദൂതന്മാർ അവനെ ശുശ്രൂഷിച്ചതുപോലെ, അവർ എന്നെ വളയുകയും എന്റെ ബലഹീനതയുടെ സമയങ്ങളിൽ എന്നെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. കർത്താവേ, എന്റെ അകത്തുള്ള സകല പാപവും ഭയവും അന്ധകാരവും അങ്ങയുടെ വിശുദ്ധ അഗ്നിയിലൂടെ ദഹിപ്പിക്കുകയും അങ്ങയുടെ മഹത്വത്താൽ എൻറെ ജീവിതം പ്രകാശിക്കുകയും ചെയ്യട്ടെ. അനുദിനം അങ്ങയുടെ ശക്തിയിൽ നടക്കാനും അങ്ങയുടെ പ്രകാശം മറ്റുള്ളവരിലേക്ക് എത്തിക്കാനും എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.