എന്റെ പ്രിയ സുഹൃത്തുക്കളേ, കർത്താവ് നിങ്ങൾക്ക് സ്വസ്ഥതയും സ്വൈരവും നൽകും. ധൈര്യമായിരിക്കുക! ഇന്നത്തെ വാഗ്ദത്തം യിരെമ്യാവ് 46:27 - ൽ നിന്നുള്ളതാണ്. അവിടെ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഭയപ്പെടേണ്ടാ; ഭ്രമിക്കേണ്ടാ; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും." ഞാൻ നിങ്ങളോടുകൂടെയുണ്ടെന്ന് കർത്താവ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഭയപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യരുത്. അവൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും വിടുവിക്കുകയും അവന്റെ സമാധാനവും ദൈവിക സംരക്ഷണവും കൊണ്ട് നിങ്ങളുടെ ജീവിതത്തെ നിറയ്ക്കുകയും ചെയ്യും.
യോഹന്നാൻ 14:27-ൽ യേശു പറയുന്നു: "എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു." ഇത് ലോകം നൽകുന്ന താൽക്കാലിക സമാധാനമല്ല, മറിച്ച് എല്ലാ ഭയത്തെയും ഉത്കണ്ഠയെയും ശാന്തമാക്കുന്ന അവന്റെ നിത്യ സമാധാനമാണ്. സങ്കീർത്തനം 147:14 ഇപ്രകാരം പ്രഖ്യാപിക്കുന്നു, കർത്താവ് നിന്റെ ദേശത്തു സമാധാനം വരുത്തുന്നു. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവൻ സമാധാനം കൊണ്ടുവരും. അവൻ നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾ ആർക്കും മോഷ്ടിക്കാൻ കഴിയാത്തവിധം അവൻ നിങ്ങളുടെ ജീവിതത്തെ സമാധാനത്തിന്റെ വേലികൊണ്ട് വലയം ചെയ്യും. ഫിലിപ്പിയർ 4:6-7 -ൽ പറയുന്നതുപോലെ, ഒന്നിനെക്കുറിച്ചും വിചാരപ്പെടാതെ, എല്ലാ കാര്യങ്ങളും ദൈവത്തെ അറിയിക്കുമ്പോൾ, സകലബുദ്ധിയേയും കവിയുന്ന അവന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും കാത്തുസൂക്ഷിക്കും. നിങ്ങളുടെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിങ്ങളുടെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും എന്ന് യെശയ്യാവ് 54:13-ൽ വാഗ്ദാനം ചെയ്തിരിക്കുന്നു. കർത്താവ് ഇന്ന് നിങ്ങളുടെ കുടുംബത്തിന് ഈ അത്ഭുതകരമായ അനുഗ്രഹം നൽകട്ടെ.
കർത്താവ് നിങ്ങളുടെ സമാധാനം മാത്രമല്ല, നിങ്ങളുടെ സങ്കേതവും കൂടിയാണ്. സങ്കീർത്തനം 46:1 ഇപ്രകാരം പറയുന്നു, "ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു." അവൻ നിങ്ങളെ തന്റെ സ്നേഹനിർഭരമായ കരങ്ങളാൽ ചേർത്തുപിടിക്കുകയും നിങ്ങളെ ഉയർത്തുകയും നിങ്ങളെ ആർക്കും അപഹരിക്കാനാകാത്തവിധം സുരക്ഷിതരാക്കുകയും ചെയ്യും. സദൃശവാക്യങ്ങൾ 18:10 ഇപ്രകാരം പ്രഖ്യാപിക്കുന്നു, "യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു." യേശുവിന്റെ നാമത്തിങ്കലേക്ക് ഓടുകയും അവന്റെ ദൈവിക സംരക്ഷണം അനുഭവിക്കുകയും ചെയ്യുക. “പിതാവേ, ഞാൻ അങ്ങയുടെ അടുക്കലേക്ക് ഓടി വന്നിരിക്കുന്നു. എന്നെ അങ്ങയുടെ കൈകളിൽ വഹിക്കേണമേ" എന്ന് അവനോട് നിലവിളിക്കുക. കർത്താവ് കൊച്ചുകുട്ടികളെ സ്നേഹപൂർവം വഹിച്ചതുപോലെ, എല്ലാ വെല്ലുവിളികളിലും പ്രതിസന്ധികളിലും അവൻ നിങ്ങളെയും വഹിക്കും. സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും എന്ന് വേദപുസ്തകത്തിലെ റോമർ 16:20- ലും പ്രഖ്യാപിക്കുന്നു. സദൃശവാക്യങ്ങൾ 16:7 അനുസരിച്ച്, ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു. കർത്താവ് തന്നെ നിങ്ങളുടെ യുദ്ധങ്ങൾ നടത്തുകയും; നിങ്ങളെ എതിർക്കുന്നവർ ഒടുവിൽ നിങ്ങളുമായി സമാധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുകയും ചെയ്യും.
യിസ്ഹാക്കിന്റെ ജീവിതത്തിൽ ഇത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് നമുക്ക് കാണാം. യിസ്ഹാക്കിന്റെ പിതാവ് കുഴിച്ച കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു. എന്നിട്ടും യിസ്ഹാക്ക് ഒരിക്കലും തർക്കിക്കുകയോ വഴക്കിടുകയോ ചെയ്തില്ല. പകരം ക്ഷമയോടെ പുതിയ കിണറുകൾ കുഴിക്കുന്നത് അവൻ തുടർന്നു. ഒടുവിൽ, അബീമേലെക് യിസ്ഹാക്കിന്റെ അടുത്ത് വന്ന്, കർത്താവ് യിസ്ഹാക്കിനോടുകൂടെ ഉണ്ടായിരുന്നതിനാൽ, അവൻ വിതച്ചതെല്ലാം നൂറിരട്ടി വിളവു നൽകുകയും അവൻ കുഴിച്ച ഓരോ കിണറിലും വെള്ളം ലഭിക്കുകയും ചെയ്തു എന്നു പറഞ്ഞ് അവന്റെ ജീവിതത്തിന്മേൽ ദൈവത്തിന്റെ കരം ഉണ്ടെന്ന് അംഗീകരിച്ചു. ദൈവത്തിന്റെ കൃപ അവനിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, സമാധാനത്തിന്റെ ഒരു ഉടമ്പടി ഉണ്ടാക്കാൻ അവൻ യിസ്ഹാക്കിനോട് അപേക്ഷിച്ചു. അതേ അനുഗ്രഹം നിങ്ങൾക്കും ലഭിക്കും. നിങ്ങൾ കർത്താവിന്റെ നാമം വഹിക്കുന്നവരാകുന്നു. അവൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുന്നത് തുടരും. പീഡനങ്ങളുടെ നടുവിലും യിസ്രായേൽ ജനങ്ങൾ പെരുകിയതുപോലെ, എല്ലാ എതിർപ്പുകൾക്കിടയിലും നിങ്ങളും വർദ്ധിക്കും. ആകയാൽ ധൈര്യമായിരിക്കുക. സങ്കീർത്തനം 23:5-ൽ പറയുന്നതുപോലെ, നിങ്ങളുടെ ശത്രുക്കൾ കാൺകെ കർത്താവ് നിങ്ങൾക്കായി ഒരു വിരുന്നൊരുക്കും. അവൻ നിങ്ങളുടെ തലയെ എണ്ണകൊണ്ടു അഭിഷേകം ചെയ്യുകയും നിങ്ങളുടെ പാനപാത്രം നിറഞ്ഞു കവിയുകയും ചെയ്യും. അവൻ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും സംരക്ഷിക്കുകയും നിങ്ങളുടെ നിത്യ സങ്കേതമായി മാറുകയും ചെയ്യും. അവന്റെ സംരക്ഷണത്തിൻ കീഴിൽ നിങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയും അവന്റെ സമൃദ്ധമായ സമാധാനം അനുഭവിക്കുകയും ചെയ്യും.
PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ സമാധാനം എനിക്ക് നൽകുമെന്നും എന്റെ സങ്കേതമായിരിക്കുമെന്നുമുള്ള അങ്ങയുടെ വിലയേറിയ വാഗ്‌ദത്തത്തിന് നന്ദി. ഭയമോ ഉത്കണ്ഠയോ കൂടാതെ അങ്ങിൽ ആശ്രയിക്കാനും അങ്ങയുടെ സ്നേഹനിർഭരമായ സാന്നിധ്യത്തിൽ സുരക്ഷിതമായി വിശ്രമിക്കാനും എന്നെ സഹായിക്കണമേ. എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ ദിവ്യ സമാധാനത്താൽ വലയം ചെയ്യണമെ. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ. അങ്ങയുടെ ശക്തമായ ചിറകുകൾക്ക് കീഴിൽ ഞങ്ങളെ കാത്തുസൂക്ഷിക്കണമേ. എന്റെ മക്കൾക്ക് അങ്ങയുടെ ജ്ഞാനം നൽകി അനുഗ്രഹിക്കുകയും, അങ്ങയുടെ വഴികളിൽ അവരെ നയിക്കുകയും ചെയ്യണമേ. ഞങ്ങൾക്ക് വേണ്ടി എല്ലാ യുദ്ധങ്ങളും നടത്തണമേ. സംഘർഷമുള്ളിടത്ത് അനുരഞ്ജനം കൊണ്ടുവരികയും ശത്രുവിന്റെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങളുടെ പാദങ്ങൾക്കടിയിൽ തകർക്കുകയും ചെയ്യണമേ. അങ്ങയുടെ കൃപയും സംരക്ഷണവും സമൃദ്ധമായ അനുഗ്രഹങ്ങളും എപ്പോഴും ഞങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


