എന്റെ പ്രിയ സുഹൃത്തേ, നാം വർഷാവസാനത്തിലെത്തിയിരിക്കുന്നു. ദൈവം ചെയ്തതെല്ലാം ഓർമ്മിക്കാനും തുടർന്ന് നന്ദി പറയാനുമുള്ള സമയമാണിത്. ഈ നിമിഷത്തിലും, ഗലാത്യർ 6:9 അനുസരിച്ച് ദൈവം തന്റെ അനുഗ്രഹം നിങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു:  “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും." നിങ്ങൾ വളരെ അധികം നന്മ ചെയ്തിട്ടും അതിന് നന്ദി ലഭിച്ചില്ലെന്നതിനാൽ തളർന്നുപോകരുത്. അതിൽ നിന്ന് നിങ്ങൾക്ക് ഒരു അനുഗ്രഹവും ലഭിച്ചിട്ടില്ല, അത് കാരണം നിങ്ങൾ മുകളിലേക്ക് പോയിട്ടുമില്ല. വിഷമിക്കേണ്ട, സുഹൃത്തേ. ദൈവം കാണുന്നു, ദൈവം ഓർക്കുന്നു.

ഒരു ഹോട്ടലിൽ ഹൗസ്‌കീപിംഗ് ജോലി ചെയ്യുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. അവൾ മുറികൾ വൃത്തിയാക്കുകയായിരുന്നു, എന്നാൽ അവൾ അത് അത്യന്തം ആത്മാർത്ഥതയോടെയും പരിപൂർണതയോടെയും ചെയ്തതിനാൽ എല്ലാം ശുദ്ധമായി കാണപ്പെട്ടു. ബെഡ് ഷീറ്റുകളുടെ കോണുകൾ കൃത്യമായി  ഒതുക്കപ്പെട്ടിരുന്നു, കുളിമുറികൾ വൃത്തിയുള്ളതും സുഗന്ധമുള്ളതുമായിരുന്നു, തറകൾ പൊടിയോ അഴുക്കോ ഒന്നുമില്ലാതെ പരിപൂർണമായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി മുറി മനോഹരമാക്കുന്നത് അവൾക്ക് വളരെ ഇഷ്ടമായിരുന്നു. പക്ഷേ, അഭിനന്ദിക്കുന്നതിനുപകരം ആളുകൾ അവളെ പരിഹസിച്ചു. അവളുടെ സഹപ്രവർത്തകർ ചിരിച്ചുകൊണ്ട് പറഞ്ഞു: "നീ ഇത്രയും ആത്മാർത്ഥത കാണിക്കുന്നത് എന്തിനാണ്? നീ ഇത്രയും പരിപൂർണമായി ചെയ്യാൻ ശ്രമിക്കുന്നത് എന്തിനാണ്? നിന്നെ ആരാണ് കാണാൻ പോകുന്നത്?" എന്നിട്ടും, വർഷംതോറും അവൾ തന്റെ ജോലി വിശ്വാസപൂർവം തുടർന്നുകൊണ്ടിരുന്നു.

നിരവധി വർഷങ്ങൾ കടന്നുപോയി, ഒരു ദിവസം സൂപ്പർവൈസർ, ജോലി ഉപേക്ഷിച്ചുപോയി. മേലുദ്യോഗസ്ഥൻ ചോദിക്കാൻ തുടങ്ങി, "ആരെയാണ് നാം സൂപ്പർവൈസറായി നിയമിക്കേണ്ടത്?" തന്റെ ജോലി ഭംഗിയായി ചെയ്യുന്ന ഈ സ്ത്രീയെക്കുറിച്ച് അവർ കേട്ടു, അവർ അവളെ തിരഞ്ഞെടുക്കുകയും പരിശീലിപ്പിക്കുകയും മറ്റെല്ലാവരുടെയും സൂപ്പർവൈസറായി നിയമിക്കുകയും ചെയ്തു. എന്റെ പ്രിയ സുഹൃത്തേ, ആരും നിങ്ങളെ തിരിച്ചറിയാത്തതിനാൽ നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്. കർത്താവ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ രഹസ്യമായി ചെയ്യുന്ന കാര്യങ്ങൾക്ക് അവൻ നിങ്ങൾക്ക് പരസ്യമായി പ്രതിഫലം നൽകും. നിങ്ങൾ പിന്മാറിയില്ലെങ്കിൽ,  തക്ക സമയത്ത് തീർച്ചയായും ഒരു വലിയ വിളവെടുപ്പ് വരും. എന്റെ സുഹൃത്തേ, നിങ്ങളുടെ പ്രതിഫലം വരുന്നുണ്ട്.

PRAYER:
സ്നേഹവാനായ കർത്താവേ, ഈ വർഷം മുഴുവൻ എന്നോടൊപ്പം നടന്നതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എനിക്ക് ക്ഷീണമോ ആരും എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുമ്പോഴോ, എന്റെ ഓരോ നീക്കവും അങ്ങ് നിരീക്ഷിക്കുന്നുണ്ടെന്ന് ദയവായി എന്നെ ഓർമ്മിപ്പിക്കേണമേ. കർത്താവേ, തളർന്നുപോകാതെ നന്മ ചെയ്യുന്നത് തുടരാൻ എന്നെ സഹായിക്കണമേ. ആളുകളിൽ നിന്ന് അഭിനന്ദനം ലഭിക്കാത്തപ്പോൾ പോലും ദയവായി എന്റെ ഹൃദയത്തെ ശക്തിപ്പെടുത്തേണമേ. ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും അവസാനം വരെ വിശ്വസ്തനായിരിക്കാൻ എന്നെ പഠിപ്പിക്കേണമേ. ശരിയായ സമയത്ത് ശരിയായ പ്രതിഫലത്തിനായി ഞാൻ അങ്ങിൽ ആശ്രയിക്കുന്നു. അങ്ങയുടെ വാഗ്ദത്തപ്രകാരം എന്റെ വിളവെടുപ്പിന്റെ നാളുകൾ വരട്ടെ. ഇന്ന് വിശ്വാസത്താൽ എനിക്ക് അങ്ങയുടെ അനുഗ്രഹം ലഭിക്കുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.