എന്റെ പ്രിയ സുഹൃത്തുക്കളെ, ഇന്ന്, ദൈവത്തിൽ നിന്ന് ഏറ്റവും മികച്ചത് പ്രതീക്ഷിക്കുക, കാരണം അവൻ എല്ലായ്പ്പോഴും തന്റെ മക്കൾക്ക് ഏറ്റവും മികച്ചത് നൽകുന്നു. യെരമ്യാവ് 1:19-ൽ കർത്താവ് ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: "അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു."

1944-ൽ രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കയും ഇംഗ്ലണ്ടും കാനഡയും ചേർന്ന് ജർമ്മനിക്കെതിരായ ഏറ്റവും നിർണായകമായ യുദ്ധങ്ങളിലൊന്നിൽ പ്രവേശിച്ചു. യുദ്ധത്തിന്റെ ഗതി നിർണ്ണയിക്കുന്ന തന്ത്രപ്രധാനമായ സ്ഥലമായ ഫ്രാൻസിലെ നോർമാൻഡിയിലാണ് യുദ്ധം നടന്നത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, U.S. പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് (FDR) റേഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രചോദനാത്മകമായ പ്രസംഗത്തിലൂടെ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ, അതിന് പകരം, മുഴുവൻ രാജ്യത്തെയും പ്രാർത്ഥനയിൽ നയിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ദൈവത്തിങ്കലേക്ക് നോക്കാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു, അദ്ദേഹം പ്രാർത്ഥിച്ചത് സാരാംശത്തിൽ ഇപ്രകാരമായിരുന്നു: "കർത്താവേ, ഈ യുദ്ധത്തിൽ ധീരമായി പോരാടുന്ന ഞങ്ങളുടെ പുത്രന്മാരെ കടാക്ഷിക്കണമേ. അവരുടെ മുമ്പിൽ ചെന്ന് അവർക്കുവേണ്ടി ഈ മഹത്തായ യുദ്ധം ചെയ്യണമേ, ഞങ്ങൾക്ക് വിജയം നൽകണമേ." ഈ ഹൃദയംഗമമായ പ്രാർത്ഥന അദ്ദേഹത്തിന്റെ മകളായ അന്ന റൂസ്‌വെൽറ്റിന്റെ സഹായത്തോടെ എഴുതുകയും അവർ ഒരുമിച്ച് മുഴുവൻ യുദ്ധവും ദൈവത്തിന്റെ കൈകളിലേക്ക് ഏൽപ്പിക്കുകയും ചെയ്തു.

അക്കാലത്ത് ജർമ്മനി വളരെ ശക്തമായ നിലയിലാണെന്ന് തോന്നിയിരുന്നു. എങ്കിലും ദൈവം ഇടപെട്ടു. സഖ്യസേനകൾ നോർമാൻഡി യുദ്ധത്തിൽ വിജയിക്കുകയും ഫ്രാൻസിലേക്കുള്ള വഴി തുറക്കപ്പെടുകയും ചെയ്തു. ആ വിജയം ലഭിച്ചില്ലായിരുന്നെങ്കിൽ അവർക്ക് ഒരിക്കലും രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. ആ നിർണ്ണായകമായ മുന്നേറ്റം ഒടുവിൽ രണ്ടാം ലോകമഹായുദ്ധത്തെ വിജയത്തിലേക്ക് നയിച്ച വഴിത്തിരിവായി മാറി. കർത്താവ് അവർക്ക് മഹത്തായ വിജയം നൽകി.

അതുപോലെ, ദൈവം ഇന്ന് നിങ്ങളോട് പറയുന്നു: നിങ്ങളുടെ ശത്രുക്കൾ നിങ്ങളോട് യുദ്ധം ചെയ്തേക്കാം, പക്ഷേ അവർ നിങ്ങളെ ജയിക്കില്ല. ചിലപ്പോൾ ദൈവം യുദ്ധങ്ങൾ അനുവദിക്കുന്നു-നിങ്ങളെ നശിപ്പിക്കാനല്ല-മറിച്ച് നിങ്ങളുടെ ജീവിതത്തിലൂടെ തന്റെ ശക്തി വെളിപ്പെടുത്താനാണ്. നിങ്ങളുടെ വിജയത്തിലൂടെ, സർവ്വശക്തനായ ദൈവം നിങ്ങളോടൊപ്പമുണ്ടെന്ന് മറ്റുള്ളവർ അറിയും. ദൈവം സംരക്ഷിക്കുന്നവരെ എതിർക്കാൻ ആർക്കും കഴിയില്ലെന്ന് അവർ മനസ്സിലാക്കും. അതിനാൽ, ഭയപ്പെടരുത്. ഇന്ന് എല്ലാ യുദ്ധങ്ങളും കർത്താവിന്റെ സന്നിധിയിലേക്ക് കൊണ്ടുവരിക. അവൻ നിങ്ങളുടെ ശക്തനായ യോദ്ധാവാണ്. നിങ്ങളുടെ സൈന്യാധിപനാണ്. നിങ്ങൾ അഭിമുഖീകരിക്കുന്ന ഏത് എതിർപ്പും - അത് ആളുകളിൽ നിന്നോ അധികാരികളിൽ നിന്നോ സംഘടനകളിൽ നിന്നോ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ നിന്നോ ആകട്ടെ - ദൈവം നിങ്ങൾക്ക് മുൻപേ പോയി നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.

PRAYER: 
പ്രിയ കർത്താവായ യേശുവേ, എന്റെ ശക്തനായ യോദ്ധാവും എന്റെ സംരക്ഷകനുമായിരിക്കുന്നതിന് അങ്ങേക്ക് നന്ദി. ഇന്ന് എന്റെ എല്ലാ പോരാട്ടങ്ങളെയും ഭാരങ്ങളെയും വെല്ലുവിളികളെയും ഞാൻ അങ്ങയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു. എനിക്കുവേണ്ടി യുദ്ധം ചെയ്യണമേ; ഒരു ശത്രുവിനും എന്നെ ജയിക്കുവാൻ അനുവദിക്കരുതേ; അങ്ങ് എന്നോടുകൂടെ ഇരുന്നു എന്നെ രക്ഷിക്കുമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഞാൻ ബലഹീനനായിരിക്കുമ്പോൾ എന്നെ ശക്തിപ്പെടുത്തുകയും എന്റെ ഹൃദയം ധൈര്യം കൊണ്ട് നിറയ്ക്കുകയും ഒരു വഴിയുമില്ലെന്ന് തോന്നുന്നിടത്ത് ഒരു വഴി ഉണ്ടാക്കുകയും ചെയ്യണമെ. എനിക്കു മുമ്പായി ചെന്ന് എല്ലാ എതിർപ്പുകൾക്കും ബുദ്ധിമുട്ടുകൾക്കും അസാധ്യമായ സാഹചര്യങ്ങൾക്കും മേൽ എനിക്ക് വിജയം നൽകണമേ. എന്റെ ജീവിതം അങ്ങയുടെ മഹത്തായ ശക്തിയെ വെളിപ്പെടുത്തുകയും അങ്ങയുടെ നാമത്തിന് മഹത്വം നൽകുകയും ചെയ്യട്ടെ. അങ്ങയുടെ പരിപൂർണ്ണ ഹിതത്തിൽ എന്നെ ഉറപ്പിക്കുകയും എല്ലാ സാഹചര്യങ്ങളിലും അങ്ങയെ പൂർണ്ണമായും ആശ്രയിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.