എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ  യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം II തെസ്സലൊനീക്യർ 3:3-ൽ നിന്ന് ധ്യാനിക്കാൻ പോകുന്നു, അത് ഇങ്ങനെ പറയുന്നു: “കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും." ഈ ലോകം തിന്മയാൽ നിറഞ്ഞിരിക്കുന്നു. നമ്മുടെ ചുറ്റുമുള്ള ആളുകൾ ചിലപ്പോൾ ദുഷ്ടരായിരിക്കാം. കർത്താവ് നമ്മെ അനുഗ്രഹിക്കുമ്പോൾ അവർ നമ്മോട് അസൂയപ്പെടുകയും നമുക്കെതിരെ തിന്മ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരെല്ലാം കർത്താവിനെ ഉത്സാഹത്തോടെ അന്വേഷിച്ച ഭക്തിയുള്ള ആളുകളായിരുന്നു, എന്നിട്ടും അവർക്കും അവരുടെ ജീവിതത്തിൽ എല്ലാത്തരം തിന്മകളിലൂടെയും കടന്നുപോകേണ്ടിവന്നു. സ്വന്തം സഹോദരന്മാർ നിമിത്തം യോസേഫിന് നിരവധി പ്രശ്നങ്ങൾ നേരിട്ടു. അവൻ തന്റെ പിതാവിനൊപ്പം കർത്താവിനെ ശ്രദ്ധാപൂർവ്വം പിന്തുടരുന്നതിനാൽ അവന്റെ ജീവിതം നശിപ്പിക്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ അവന്റെ ജീവിതത്തെക്കുറിച്ച് വേദപുസ്തകത്തിൽ വായിക്കുമ്പോൾ, കർത്താവിന്റെ വഴികൾ പിന്തുടരാൻ അവൻ വളരെ ശ്രദ്ധാലുവായിരുന്നതിനാൽ ദൈവം അവനെ എങ്ങനെ സംരക്ഷിച്ചുവെന്ന് നമുക്ക് കാണാൻ കഴിയും.

എന്റെ സുഹൃത്തേ, കർത്താവിനെ മുറുകെപ്പിടിക്കുക. നിങ്ങളുടെ സ്വന്തം വീട്ടിലെ ആളുകൾ നിങ്ങളെ ബുദ്ധിമുട്ടിക്കുകയോ നിങ്ങളുടെ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താലും വിഷമിക്കേണ്ട. കർത്താവിങ്കലേക്ക് നോക്കുക. യോസേഫ് കർത്താവിൽ ആശ്രയിക്കുകയും അവന് പ്രസാദകരമായതെല്ലാം ചെയ്യുവാൻ എപ്പോഴും ശ്രമിക്കുകയും ചെയ്തു. നിങ്ങളും അങ്ങനെ തന്നേ ചെയ്യുവിൻ; കർത്താവിന് പ്രസാദകരമായതെല്ലാം ചെയ്യുവിൻ. ദൈവവചനം വായിക്കുവിൻ. അവന്റെ വഴികൾ പിന്തുടരുവിൻ. അപ്പോൾ കർത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. അവൻ നിങ്ങളുടെ ജീവിതത്തെ ഉറപ്പിക്കുകയും നിങ്ങളെ പിന്തുടരുന്ന എല്ലാ തിന്മകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

ഞങ്ങളുടെ സ്വന്തം ജീവിതത്തിലും ശുശ്രൂഷയിലും ഞങ്ങൾക്കും നിരവധി തിന്മകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഓരോ തവണയും ദൈവത്തെ നോക്കുകയും അവന്റെ പാദങ്ങളിൽ മുറുകെപ്പിടിക്കുകയും ചെയ്യുന്ന സ്വഭാവം ഞങ്ങൾക്കുണ്ടായിരുന്നു. പ്രാർത്ഥന, പ്രാർത്ഥന, പ്രാർത്ഥന - പ്രാർത്ഥനയിലൂടെ മാത്രമാണ് കർത്താവ് നമ്മോട് ഏറ്റവും അടുത്തുവരുന്നത്. എന്റെ സുഹൃത്തേ, അതേ കാര്യം തന്നെ ചെയ്യുക. കർത്താവ് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. അവൻ വിശ്വസ്തനായ ദൈവമാണ്. തീർച്ചയായും, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾ പുറത്തുവരും.

PRAYER:
വിലയേറിയ സ്വർഗ്ഗീയ പിതാവേ, അങ്ങ് വാഗ്‌ദത്തം ചെയ്ത സംരക്ഷണത്തിന് കർത്താവേ, അങ്ങേക്ക് നന്ദി. എനിക്ക് ചുറ്റും ദുഷ്ടന്മാർ ഉള്ളപ്പോൾ പോലും, പിതാവേ, ഞാൻ അങ്ങിൽ പൂർണ്ണ വിശ്വാസം അർപ്പിക്കുകയും അങ്ങയുടെ ദിവ്യ സംരക്ഷണത്തിനായി അങ്ങയുടെ പാദങ്ങൾ മുറുകെ പിടിക്കുകയും ചെയ്യുന്നു, കാരണം കർത്താവേ, അങ്ങാണ് എന്റെ ഏക പ്രതീക്ഷ. അങ്ങ് മാത്രമാണ് എന്റെ ഏകപ്രത്യാശയും ശക്തിയും സന്തോഷവും. കർത്താവേ, എനിക്കുവേണ്ടി എല്ലാം പൂർത്തീകരിക്കണമേ. കർത്താവേ, ഞാൻ അങ്ങയുടെ പൈതലായതിനാൽ ഇപ്പോൾ തന്നെ എന്നെ നോക്കേണമേ. എന്നോടുകൂടെ ഉണ്ടായിരിക്കണമേ. ദയവായി എന്റെ എല്ലാ വഴികളിലും എന്നെ നയിക്കണമേ, പിതാവേ, അങ്ങയുടെ ധനത്തിന്നൊത്തവണ്ണം മഹത്വത്തോടെ എന്നെ അനുഗ്രഹിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.