എന്റെ സുഹൃത്തേ, ഇതുവരെ, നിങ്ങൾ ദൈവഭയത്തോടെ നടക്കുകയും, അവന്റെ ഇഷ്ടം അന്വേഷിക്കുകയും, അവന്റെ സാന്നിധ്യത്തിൽ ക്ഷമയോടെ കാത്തിരിക്കുകയും, നിങ്ങളുടെ ഹൃദയവും മനസ്സും പ്രവൃത്തികളും വിശുദ്ധമായി സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ ഇന്നു മുതൽ കർത്താവ് നിങ്ങളെ തന്നിൽ ഉറപ്പിച്ചുനിർത്തും. മത്തായി 16:18-ൽ യേശു ഇപ്രകാരം അരുളിച്ചെയ്യുന്നു, "ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല." നാം അവന്റെ സഭയും ദൈവത്തിന്റെ  മന്ദിരവുമാണ്; അവന്റെ ആത്മാവ് നമ്മിൽ വസിക്കുന്നു (1 കൊരിന്ത്യർ 3:16). നിങ്ങൾ നിസ്സാരരാണെന്ന് ഒരിക്കലും കരുതരുത്. നിങ്ങളിലുള്ള ക്രിസ്തു മഹത്വത്തിന്റെ പ്രത്യാശയാണ്. യെശയ്യാവ് 51:1 ഇപ്രകാരം പറയുന്നു, " നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്ക് തിരിഞ്ഞുനോക്കുവിൻ‍‍." യേശുവിങ്കലേക്ക് നോക്കുകയും അവനിൽ വേരൂന്നി ഉറച്ചുനിൽക്കുകയും ചെയ്യുക. അവന്റെ സ്നേഹത്തിൽ നിന്ന് നിങ്ങളെ വേർപെടുത്താൻ ഒന്നിനും കഴിയില്ല. റോമർ 8:35 നമ്മെ ഓർമ്മിപ്പിക്കുന്നത്, കഷ്ടതകൾക്കോ, വഞ്ചനയ്ക്കോ, പിശാചിന്റെ പ്രവർത്തനങ്ങൾക്കോ, പാപത്തിന്റെ ഭാരങ്ങൾക്കോ നമ്മെ ക്രിസ്തുവിൽനിന്ന് വേർപെടുത്താൻ കഴിയില്ല എന്നാണ്. ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം ദുർബലമാണെന്നോ നിങ്ങൾക്ക് നിരവധി പോരായ്മകളുണ്ടെന്നോ തോന്നിയാലും, നിങ്ങൾക്ക് അവന് നൽകാൻ കഴിയുന്നതിനെക്കാൾ എത്രയോ മഹത്തായതാണ് നിങ്ങളോടുള്ള അവന്റെ സ്നേഹം എന്ന് ഓർക്കുക.

നിങ്ങൾ ക്രിസ്തുവിൽ ഉറച്ചുനിൽക്കുമ്പോൾ, ശുദ്ധീകരണത്തിനും നവീകരണത്തിനും രൂപാന്തരത്തിനുമുള്ള ജീവജലം നിങ്ങൾക്ക് ലഭിക്കുന്നു. 1 കൊരിന്ത്യർ 10:4 ഇപ്രകാരം പറയുന്നു, "ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു." ഇസ്രായേൽജനം അടിച്ചമർത്തലുകൾക്ക് വിധേയരായെങ്കിലും, ദൈവം അവരുടെ രക്ഷകനായി അവരുടെ അടുക്കൽ വന്നു. മോശെയിലൂടെ അവൻ അവരെ വിടുവിക്കുകയും, ചെങ്കടൽ കടത്തി സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്തു. അതുപോലെ, കർത്താവ് നിങ്ങളുടെ മുൻകാലത്തെ വേദനാജനകമായ കാര്യങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും വിടുവിച്ച് ഒരു പുതിയ ജീവിതത്തിലേക്ക് നയിക്കും. യോഹന്നാൻ 7:37-ൽ യേശു ഇപ്രകാരം അരുളിച്ചെയ്യുന്നു, "ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ."  നിങ്ങളുടെ ഹൃദയത്തെ തളർത്തുന്ന എന്തുതന്നെയായാലും, യേശുവിന്റെ അടുക്കൽ വരിക. അവൻ നിങ്ങളുടെ ആത്മാവിനെ പുതുക്കുകയും നിങ്ങളുടെ ശക്തി പുനഃസ്ഥാപിക്കുകയും നിങ്ങളെ പുതിയ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും. അവൻ നിങ്ങൾക്കാവശ്യമായതെല്ലാം നൽകുകയും, പ്രയാസകരമായ സാഹചര്യങ്ങളിൽപോലും തന്റെ നന്മ അനുഭവിക്കാൻ നിങ്ങളെ ഇടയാക്കുകയും ചെയ്യും.

ക്രിസ്തുവിൽ നിങ്ങളുടെ ജീവിതം പണിയുമ്പോൾ, നിങ്ങൾക്ക് എതിരായി വരുന്ന എന്തിനെയും നേരിടാനുള്ള ദൈവിക ശക്തി നിങ്ങൾക്ക് ലഭിക്കുന്നു. പാറമേൽ വീട് പണിയുന്ന ഒരാൾക്ക് വെള്ളപ്പൊക്കം വരുമ്പോൾ അതു ഇളകിപ്പോകില്ലെന്ന് ലൂക്കൊസ് 6:48 പറയുന്നു. കാരണം, അതിൻ്റെ അടിസ്ഥാനം ഉറപ്പുള്ളതാണ്. കൊടുങ്കാറ്റുകളും സമ്മർദ്ദങ്ങളും ഉണ്ടായാലും, നിങ്ങളുടെ ജീവിതം ക്രിസ്തുവുമായി ചേർന്നിരിക്കുന്നതിനാൽ നിങ്ങൾക്ക് ഇളക്കം സംഭവിക്കുകയില്ല. നിങ്ങളുടെ കുടുംബവും ജോലിയും ബിസിനസ്സും ദൈവവിളിയും ഭാവിയും ഇളകിപ്പോകുകയില്ല. ദൈവവചനത്തിൽ നിങ്ങളുടെ ജീവിതം പണിയുമ്പോൾ, നിങ്ങളുടെ അടിസ്ഥാനം കൂടുതൽ ശക്തമാകും. ദൈവം നിങ്ങളിൽ പണിതുയർത്തുന്നതിനെ തകർക്കാൻ ഒരു കൊടുങ്കാറ്റിനും കഴിയില്ല. ആവർത്തനം 32:13 ഇങ്ങനെ പറയുന്നു, " അവൻ പാറയിൽനിന്നു തേനും തീക്കല്ലിൽനിന്നു എണ്ണയും നിങ്ങളെ കുടിപ്പിച്ചു." അസാധ്യമെന്നു തോന്നുന്ന സാഹചര്യങ്ങളിൽപ്പോലും കർത്താവ് നിങ്ങൾക്ക് ആവശ്യമായവ നൽകുകയും നിങ്ങളെ താങ്ങുകയും ചെയ്യും.

അവസാനമായി, ക്രിസ്തുവിന്റെ ഭാഗമായവർക്ക് ദൈവിക സംരക്ഷണമുണ്ട്. പാതാളഗോപുരങ്ങൾ തന്റെ സഭയ്‌ക്കെതിരെ ജയിക്കയില്ലെന്ന് യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്ധകാരശക്തികൾ നിങ്ങൾക്കെതിരെ ഉയർന്നേക്കാം, പക്ഷേ അവയ്ക്ക് നിങ്ങളെ മറികടക്കാൻ കഴിയില്ല. നിങ്ങൾ യേശുവിനുള്ളവരാണ്, അവന്റെ ആത്മാവ് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു. യേശുവിന്റെ നാമത്തിൽ മുഴങ്കാൽ ഒക്കെയും മടങ്ങുമെന്ന് ഫിലിപ്പിയർ 2:10 പ്രഖ്യാപിക്കുന്നു. അതുകൊണ്ട്, ഭയപ്പെടേണ്ട. നിങ്ങളിൽ വസിക്കുന്നവൻ വലിയവനാണ്. ക്രിസ്തുവിൽ ഉറച്ചുനിൽക്കുക. റോമർ 16:20-ൽ പറയുന്നതുപോലെ, "സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും."

PRAYER:
സ്വർഗ്ഗീയ പിതാവേ, ദയവായി എന്റെ ജീവിതം എന്റെ പാറയായ യേശുവിന്റെമേൽ ഉറപ്പിച്ചുനിർത്തണമേ. എന്റെ ഹൃദയത്തെ ശുദ്ധീകരിക്കുകയും മനസ്സിനെ നവീകരിക്കുകയും അങ്ങയുടെ ജീവജലത്തിലൂടെ എനിക്കായി ഒരുക്കിയിരിക്കുന്ന പുതിയ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും എന്നെ നയിക്കുകയും ചെയ്യണമേ. എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിത്തരികയും, പ്രതിസന്ധിഘട്ടങ്ങളിലും അങ്ങയുടെ നന്മ അനുഭവിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. എല്ലാ പരീക്ഷണങ്ങളിലും എതിർപ്പുകളിലും ഉറച്ചുനിൽക്കാനുള്ള ശക്തി എനിക്ക് നൽകേണമേ. ഇരുട്ടിന്റെ എല്ലാ പദ്ധതികളിൽ നിന്നും എന്നെ സംരക്ഷിക്കുകയും എന്റെ കുടുംബത്തെ, വിളിയെ, ജോലിയെ, ഭാവിയെ അങ്ങയുടെ കൈകളിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യണമേ. അങ്ങയുടെ ആത്മാവ് എന്നിൽ സമൃദ്ധമായി വസിക്കട്ടെ, കാരണം ഞാൻ അങ്ങയുടെ ആലയമാണ്, അങ്ങ് എന്റെ മാറ്റമില്ലാത്ത അടിസ്ഥാനമാണ്. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.