എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ നിങ്ങൾക്ക് വന്ദനം പറയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന്, നാം ധ്യാനിക്കാൻ പോകുന്ന വാഗ്ദത്ത വാക്യം ആവർത്തനപുസ്തകം 30:9-ൽ നിന്നുള്ളതാണ്: “നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും അഭിവൃദ്ധി നകും.” അതെ, നിങ്ങളുടെ കൈകളുടെ സകലപ്രവൃത്തിയിലും കർത്താവ് നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും. സദൃശവാക്യങ്ങൾ 10:22 പറയുന്നു, "യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല." എപ്പോഴാണ് നിങ്ങൾക്ക് അത്തരമൊരു അനുഗ്രഹം ലഭിക്കുക? ആവർത്തനപുസ്തകം 30:8 പറയുന്നു, നിങ്ങൾ മനസ്സുതിരിഞ്ഞു യഹോവയുടെ വാക്കു കേട്ടു അവന്റെ സകലകല്പനകളും അനുസരിച്ചു നടന്നാൽ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹം നിങ്ങളിൽ വരും. അതെ, നാം കർത്താവിന്റെ കാൽച്ചുവടുകൾ പിന്തുടരണം.

യേശുക്രിസ്തു നമുക്ക് ഉത്തമ മാതൃകയാണ്. "ഞാനും പിതാവും ഒന്നാകുന്നു" എന്ന് യോഹന്നാൻ 10:30-ൽ കർത്താവായ യേശു പറയുന്നു. ദൈവഹിതമായതെല്ലാം അവൻ ചെയ്തു. യേശു ഉത്സാഹത്തോടെ പിതാവിനെ അന്വേഷിച്ചു. അതെ, എന്റെ സുഹൃത്തേ, നമ്മുടെ ജീവിതത്തിലും നാം ദൈവഹിതം നിറവേറ്റണം. ഒന്നാമതായി, നാം എല്ലായ്പ്പോഴും കർത്താവിനെ പ്രസാദിപ്പിക്കണം. അതിനായി, നാം അവനെ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കണം.

എന്റെ ഭർത്താവ് ഡോ. ഡി. ജി. എസ്. ദിനകരൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു, അദ്ദേഹത്തിന് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവന്നു. എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് ഞങ്ങൾ എഴുന്നേറ്റ് ഒരു കുടുംബമായി അരമണിക്കൂർ ഒരുമിച്ച് പ്രാർത്ഥിക്കുമായിരുന്നു. 6:30 ന് ശേഷം, അദ്ദേഹം തന്റെ വേദപുസ്തകവുമായി തനിച്ച് പോകുകയും 8:30 വരെ കർത്താവിനൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. അദ്ദേഹം അങ്ങനെ ഉത്സാഹത്തോടെ കർത്താവിനെ അന്വേഷിച്ചപ്പോൾ, കർത്താവ് അദ്ദേഹത്തെ ബാങ്ക് ജോലിയിൽ അനുഗ്രഹിക്കുകയും അദ്ദേഹത്തെ വലിയ ഉയരങ്ങളിലേക്ക് ഉയർത്തുകയും ചെയ്തു. അതെ, എന്റെ സുഹൃത്തേ, ദൈവവചനം ശ്രദ്ധാപൂർവ്വം വായിക്കുക, കർത്താവിന് ഇഷ്ടമുള്ളതെല്ലാം ചെയ്യുക, അപ്പോൾ കർത്താവ് നിങ്ങളുടെ എല്ലാ ജോലികളിലും നിങ്ങളെ അഭിവൃദ്ധിപ്പെടുത്തും.

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, ഞാൻ ചെയ്യുന്നതെല്ലാം അങ്ങ് അഭിവൃദ്ധിപ്പെടുത്തുമെന്നും അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല എന്നുമുള്ള അങ്ങയുടെ സ്നേഹനിർഭരമായ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. കർത്താവേ, അങ്ങയുടെ വാക്കു അനുസരിക്കാനും അങ്ങയുടെ വഴികളെ പിന്തുടരാനും എന്നെ പഠിപ്പിക്കണമേ. പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ഓരോ ചിന്തയിലും പ്രവൃത്തിയിലും എന്റെ ജീവിതം അങ്ങയെ പ്രസാദിപ്പിക്കട്ടെ. കർത്താവേ, അങ്ങയുടെ വചനത്തിൽ വാഗ്ദാനം ചെയ്തതുപോലെ എന്റെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കേണമേ. അങ്ങയുടെ മഹത്വത്തിനായി മാത്രം എന്നെ ഉയർത്തേണമേ. ഞാൻ എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ സ്നേഹനിർഭരമായ കൈകളിലേക്ക് സമർപ്പിക്കുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ, ആമേൻ.