എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം ഗലാത്യർ 5:1-നെക്കുറിച്ച് ധ്യാനിക്കുന്നു. അത് ഇപ്രകാരം പറയുന്നു: "സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി." അതെ, എന്റെ പ്രിയ സുഹൃത്തേ, ദൈവം ഇന്ന് നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. യേശു നിങ്ങളെ സ്വതന്ത്രരാക്കിയത്, നിങ്ങളെ ബന്ദികളാക്കാനോ അടിമകളാക്കാനോ അല്ല, മറിച്ച് നിങ്ങൾ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ വേണ്ടിയാണ്. ഒരുപക്ഷേ നിങ്ങളുടെ മുൻകാല തെറ്റുകൾ കൊണ്ടോ നിങ്ങളെ വേദനിപ്പിക്കുന്ന ചില ഓർമ്മകൾ കൊണ്ടോ ഇന്ന് നിങ്ങൾ വളരെയധികം കുറ്റബോധവും ഭയവും കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കാം. നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടെങ്കിലും, ആ വികാരങ്ങളും മാനസിക വേദനകളും ഇന്നും നിങ്ങളെ വേദനിപ്പിക്കുന്നുണ്ടാകാം. നിങ്ങൾ ചിന്തിച്ചേക്കാം, "എനിക്ക് മാറാൻ കഴിയുന്നില്ല. എനിക്ക് ഇതിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല. " എന്നാൽ ഇന്ന് നിങ്ങൾക്ക് കർത്താവിൽ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്.

ഒരു ചെറിയ ആനയെ ശക്തമായ ഒരു കുറ്റിയിൽ കയറുകൊണ്ട് കെട്ടിയിട്ടിരുന്നതിനെക്കുറിച്ചുള്ള ഒരു പ്രശസ്തമായ കഥയുണ്ട്. അത് ചെറുതായിരുന്നപ്പോൾ ആ ബന്ധനത്തിൽനിന്ന് മോചിതനാകാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ, ആന ശ്രമിക്കുന്നത് നിർത്തി, ഒരിക്കലും മോചനം നേടാനാവില്ലെന്ന് വിശ്വസിക്കാൻ തുടങ്ങി. ആന വലുതും ശക്തവുമായി വളർന്നപ്പോഴും, അതേ കയർ തന്നെ അതിനെ അവിടെത്തന്നെ തളച്ചിടാൻ മതിയാകുമായിരുന്നു. കയർ കൂടുതൽ ശക്തമാവുകയാണെന്നല്ല, മറിച്ച്, രക്ഷപ്പെടാൻ കഴിയില്ലെന്ന് ആന വിശ്വസിച്ചു. ആന വലുതും ശക്തവുമായി വളർന്നുവെങ്കിലും, തന്നെ തളച്ചിടാൻ ആ ചെറിയ കയർ മതിയാകുമെന്ന് അത് വിശ്വസിച്ചുപോന്നു. ആ വിശ്വാസം അതിന്റെ ചിന്തകളെയും പെരുമാറ്റത്തെയും നിയന്ത്രിച്ചു.

അതുപോലെ, നാം വളരുമ്പോഴും, നമ്മുടെ മുൻകാല തെറ്റുകൾ, പഴയ പെരുമാറ്റങ്ങൾ, നമ്മുടെ മുൻകാലങ്ങളിൽ സംഭവിച്ചതെല്ലാം ഇന്നും നമ്മെ നിയന്ത്രിച്ചുകൊണ്ടിരിക്കാം. ഒരുപക്ഷെ അതൊരു പരാജയമായിരിക്കാം. ഒരുപക്ഷേ അത് ഒരു വേദനയായിരിക്കാം. ഒരുപക്ഷേ അത് കുറ്റബോധമായിരിക്കാം. നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം, "ഓ, ഇത് എനിക്ക് മുമ്പ് സംഭവിച്ചിട്ടുണ്ട്. എനിക്ക് ഒരിക്കലും മാറാൻ കഴിയില്ല. എനിക്ക് ഒരിക്കലും ഇതിൽ നിന്ന് പുറത്തുവരാൻ കഴിയില്ല." അതിന്റെ ഫലമായി, അതേ ഭയത്തിൽത്തന്നെ കഴിയുകയും മുന്നോട്ടുപോകാൻ കഴിയാതെ ഒരേ അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയും ചെയ്തേക്കാം. നിങ്ങൾ ഒരു തെറ്റ് ചെയ്യുകയും ദൈവത്തോട് ക്ഷമ ചോദിക്കുകയും ചെയ്തിരിക്കാം, പക്ഷേ നിങ്ങൾ അപ്പോഴും സ്വയം കുറ്റപ്പെടുത്തുകയായിരിക്കാം. എന്നാൽ ഇന്ന്, നിങ്ങൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യവും വിടുതലും നൽകാൻ ദൈവം ആഗ്രഹിക്കുന്നു. നിങ്ങൾ അവനോടൊപ്പം ഒരു പുതിയ ജീവിതം നയിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു.

അതിനാൽ, ഒന്നാമതായി, നമുക്ക് നമ്മെത്തന്നെ കുറ്റം വിധിക്കുന്നത് അവസാനിപ്പിക്കാം, കാരണം ദൈവം നമ്മെ കുറ്റം വിധിക്കുന്നില്ല. റോമർ 8:1-ൽ പറയുന്നതുപോലെ, ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ഇന്ന് കർത്താവ് നിങ്ങളെ ശിക്ഷിക്കുന്നില്ല. പകരം, നിങ്ങൾ മാറണമെന്നും അവനോടൊപ്പം ഒരു പുതിയ ജീവിതം—നീതിനിഷ്ഠമായ, ദൈവഭക്തിയുള്ള ഒരു ജീവിതം—നയിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. അതിനാൽ, ദൈവത്തിന്റെ പാപമോചനം സ്വീകരിക്കുകയും ദൈവം ഇതിനകം തന്നെ ക്ഷമിച്ച കാര്യങ്ങളെച്ചൊല്ലി നിങ്ങളെത്തന്നെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുക.

രണ്ടാമതായി, ദൈവം നിങ്ങൾക്ക് ഭയത്തെയല്ല സ്വാതന്ത്ര്യത്തെ നൽകാൻ ആഗ്രഹിക്കുന്നു. 2 തിമൊഥെയൊസ് 1:7-ൽ നാം കാണുന്നത്, "ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു." അതിനാൽ, നിങ്ങളുടെ തീരുമാനങ്ങളെ ഭയം നിയന്ത്രിക്കാനോ നിങ്ങളുടെ തിരഞ്ഞെടുപ്പുകളെ ഉത്കണ്ഠ സ്വാധീനിക്കാനോ അനുവദിക്കരുത്. പകരം, തെളിഞ്ഞതും വിവേകപൂർണ്ണവുമായ മനസ്സോടെ എല്ലാ കാര്യങ്ങളും ചെയ്യുക. ദൈവം നിങ്ങളുടെ ഹൃദയത്തിൽ ചൊരിയുന്ന സ്നേഹത്താൽ നിറഞ്ഞിരിക്കുക.

മൂന്നാമതായി, ദൈവം നിങ്ങൾക്ക് നൽകിയ സ്വാതന്ത്ര്യത്തിൽ നടക്കുക. യോഹന്നാൻ 8:36-ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു, "പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും." അതിനാൽ ഇന്ന്, നിങ്ങൾ രോഗശാന്തിയുടെയും വിടുതലിന്റെയും സ്വാതന്ത്ര്യത്തിന്റെയും  പ്രക്രിയയിലൂടെ കടന്നുപോകുമ്പോൾ കർത്താവിൽ ആശ്രയിക്കുകയും നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് അറിയുകയും ചെയ്യുക. യേശുവിൽ നിങ്ങൾക്കുള്ള സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ, ഈ യാത്രയിൽ നിങ്ങളെ നയിക്കാൻ ദൈവം ആഗ്രഹിക്കുന്നു. പ്രലോഭനങ്ങൾ നിങ്ങളുടെ വഴിയിൽ വന്നേക്കാം. വ്യതിചലനങ്ങൾ നിങ്ങളുടെ വഴിയിൽ വന്നേക്കാം. നിഷേധാത്മകമായ ശബ്ദങ്ങൾ നിങ്ങളുടെ വഴിയിൽ വന്നേക്കാം. എന്നാൽ ദൈവവചനത്തിൽ നിങ്ങൾ കേൾക്കുകയും വായിക്കുകയും ചെയ്യുന്ന സത്യം ഒരിക്കലും മറക്കരുത്. ദൈവം നിങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു എന്ന് എല്ലായ്പ്പോഴും വിശ്വസിക്കുക. ഇന്ന് മുതൽ ആ സ്വാതന്ത്ര്യത്തിൽ നടക്കുക.

PRAYER:
പ്രിയ കർത്താവായ യേശുവേ, ഈ ദിവസത്തിനായി അങ്ങേയ്ക്ക് നന്ദി. എന്റെ മുൻകാല പാപങ്ങളിൽ നിന്നും കുറ്റബോധത്തിൽ നിന്നും ഭാവിയെക്കുറിച്ചുള്ള ഭയത്തിൽ നിന്നും അങ്ങ് എനിക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്ന വാഗ്‌ദത്തത്തിനായി നന്ദി. കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. എന്റെ ചിന്തകളെ പൂർണ്ണമായി നിയന്ത്രിക്കുകയും എന്നെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യണമേ. എല്ലാ ബലഹീനതകളിൽ നിന്നും വിടുതൽ പ്രാപിച്ച്, പൂർണ്ണജയം പ്രാപിച്ചവനായിരിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ആത്മാവ് എന്നെ സകല സത്യത്തിലേക്കും നീതിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ജീവിതത്തിലേക്കും നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ അതുല്യമായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.