എന്റെ പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം സങ്കീർത്തനം 51:12-ൽ നിന്നുള്ളതാണ്, “നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.” ജീവിതത്തിൽ പലതവണ, രക്ഷയുടെ സന്തോഷം വഴുതിപോയതുപോലെ നമുക്ക് തോന്നിയേക്കാം. പാപം, പ്രലോഭനം, അല്ലെങ്കിൽ ജീവിത പോരാട്ടങ്ങൾ എന്നിവ നമ്മെ ദൈവത്തിൽ നിന്ന് അകറ്റി നിർത്തിയേക്കാം. ഒരിക്കൽ നമ്മൾ കർത്താവിനെ സേവിക്കാനുള്ള ഉത്സാഹവും തീക്ഷ്ണതയും അഭിനിവേശവും നിറഞ്ഞവരായിരിക്കാം, എന്നാൽ കാലക്രമേണ, പരാജയങ്ങളോ ബലഹീനതകളോ കടന്നുവരുമ്പോൾ, ആ ഉത്സാഹം മങ്ങിയിരിക്കാം. ഒരു കാലത്ത് എന്ത് വിലകൊടുത്തും യേശുവിനെ അനുഗമിക്കുമെന്നു ധൈര്യത്തോടെ ഉറപ്പു പറഞ്ഞ പത്രൊസിനെപ്പോലെ, നമ്മുടെ ദുർബലതയിൽ നാമും കർത്താവിനെ തള്ളിപ്പറയുകയോ നിരാശപ്പെടുത്തുകയോ ചെയ്‌തിരിക്കാം. പത്രൊസ് യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞപ്പോൾ, അവന്റെ ഹൃദയം തകർന്നുപോകുകയും ഇനി ഒരിക്കലും തനിക്ക് ക്ഷമ ലഭിക്കില്ലെന്നു കരുതി അവൻ അതിദുഃഖത്തോടെ കരയുകയും ചെയ്തു.
എന്നാൽ നമ്മുടെ കർത്താവു കരുണയുള്ളവനാണ്. യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റപ്പോൾ, പത്രൊസ് മൂന്നു പ്രാവശ്യം നിഷേധിച്ചതിന് പകരം, “നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു മൂന്നു പ്രാവശ്യം ചോദിച്ച് സ്നേഹത്തോടെ അവനെ പുനസ്ഥാപിച്ചു. ആ നിമിഷം യേശു ക്ഷമിക്കുന്നവൻ മാത്രമല്ല, പൂർണ്ണമായി പുനസ്ഥാപിക്കുന്നവനുമാണെന്ന് തെളിയിച്ചു. എബ്രായർ 8:12-ൽ വേദപുസ്തകം പറയുന്നു: "ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല." പ്രിയ സുഹൃത്തേ, നാം പൂർണ്ണഹൃദയത്തോടെ മാനസാന്തരപ്പെടുമ്പോൾ, കർത്താവു നമ്മുടെ എല്ലാ പാപങ്ങളും തുടച്ചു നീക്കുകയും അവയെ ഒരിക്കലും നമുക്ക് വിരുദ്ധമായി കരുതിവെക്കാതിരിക്കുകയും ചെയ്യുന്നു. അവൻ രക്ഷയുടെ സന്തോഷം പുനസ്ഥാപിക്കുന്നു, കുറ്റബോധത്തിന്റെ ഭാരം നീക്കുന്നു, സമാധാനം കൊണ്ട് നമ്മെ നിറയ്ക്കുന്നു. ഒരിക്കൽ നമ്മെ തകർത്തതൊന്നും ഇനി നമ്മുടെ ജീവിതത്തെ നിർവചിക്കുകയില്ല. പകരം, അവന്റെ കൃപ നമ്മെ താങ്ങുകയും അവന്റെ ആത്മാവ് നമ്മെ വീണ്ടും വിശ്വസ്തരായി നടക്കാൻ ശക്തിപ്പെടുത്തുകയും ചെയ്യും.
പുനഃസ്ഥാപനത്തിനു ശേഷമുള്ള പത്രൊസിനെ നോക്കൂ: ഒരിക്കൽ പരാജയപ്പെട്ട അതേ മനുഷ്യൻ ആയിരങ്ങളെ യേശുവിങ്കൽ കൊണ്ടുവന്നു, ധൈര്യത്തോടെ പ്രസംഗിച്ചു, തന്റെ നിഴൽകൊണ്ടുതന്നെ രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു. അതാണ് പുനസ്ഥാപിക്കപ്പെട്ട ജീവിതത്തിന്റെ ശക്തി. അതുപോലെ തന്നേ, നിങ്ങൾ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് മടങ്ങിവരുമ്പോൾ, അവൻ നിങ്ങളെ ക്ഷമിക്കുക മാത്രമല്ല, മഹത്തായ ഒരു ഉദ്ദേശ്യത്തിനായി നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഉപേക്ഷിക്കാതെ അവസാനം വരെ വിശ്വസ്തത പുലർത്തുന്ന ഒരു സന്നദ്ധ മനോഭാവം അവൻ നിങ്ങൾക്ക് നൽകും. ഇന്ന്, നിങ്ങളുടെ സന്തോഷം പുനഃസ്ഥാപിക്കാനും നിങ്ങളുടെ ആത്മാവിനെ പുതുക്കാനും സന്തോഷത്തോടെ തന്നെ സേവിക്കാൻ നിങ്ങളെ സ്വതന്ത്രരാക്കാനും കർത്താവ് ആഗ്രഹിക്കുന്നു. കുറ്റബോധത്തിലോ ലജ്ജയിലോ തുടരേണ്ടതില്ല. യേശുവിങ്കലേക്ക് മടങ്ങിവരുക; അവൻ സമാധാനവും സന്തോഷവും ശക്തിയും നിറഞ്ഞ ഒരു പുതിയ തുടക്കം നിങ്ങൾക്കായി നൽകും.
PRAYER:
സ്നേഹവാനായ പിതാവേ, എന്റെ പാപം ക്ഷമിക്കുകയും എന്നെ പുനഃസ്ഥാപിക്കുകയും ചെയ്തതിന് അങ്ങേക്ക് നന്ദി. ഒരിക്കൽക്കൂടി അങ്ങയുടെ രക്ഷയുടെ സന്തോഷം കൊണ്ട് ഇന്ന് എന്നെ നിറയ്‌ക്കേണമേ. എല്ലാ ദിവസവും വിശ്വസ്തതയോടെ അങ്ങയെ സേവിക്കാൻ എനിക്ക് മനസ്സൊരുക്കമുള്ള ആത്മാവിനെ നൽകേണമേ. കുറ്റബോധത്തിന്റെ എല്ലാ ഭാരവും നീക്കം ചെയ്യുകയും അതിന് പകരം സമാധാനവും സന്തോഷവും നൽകുകയും ചെയ്യേണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.