പ്രിയ സുഹൃത്തേ, തന്റെ മക്കളെ സകല വിധത്തിലും അനുഗ്രഹിക്കുക എന്നതാണ് ദൈവത്തിന്റെ ഹൃദയം. ലൂക്കൊസ് 6:38-ൽ യേശു പറയുന്നു, “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും." അനുഗ്രഹങ്ങൾ ചൊരിയുന്നതിൽ ദൈവം സന്തുഷ്ടനാണ്, എന്നാൽ എവിടെ, എങ്ങനെ നൽകണമെന്നും അവൻ നമുക്ക് കാണിച്ചുതരുന്നു. സദൃശവാക്യങ്ങൾ 23:26 ൽ കർത്താവ് അരുളിച്ചെയ്യുന്നു: "മകനേ, നിന്റെ ഹൃദയം എനിക്കു തരിക." പാപമോ ഭയമോ ഭാരങ്ങളോ നമ്മുടെ ഹൃദയത്തിൽ വഹിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. വെളിപാട് 3:20-ൽ യേശു പറയുന്നു, താൻ വാതിൽക്കൽ നിന്നു മുട്ടുന്നു. നാം നമ്മുടെ ഹൃദയം തുറക്കുകയും അത് അവന് പൂർണ്ണമായി നൽകുകയും ചെയ്യുമ്പോൾ, അവൻ വന്ന് നമ്മെ സമാധാനവും സന്തോഷവും എല്ലാ ആത്മീയ അനുഗ്രഹങ്ങളും കൊണ്ട് നിറയ്ക്കുന്നു. നമ്മുടെ ഹൃദയങ്ങൾ യേശുവിന് സമർപ്പിക്കുമ്പോഴാണ് ഏറ്റവും വലിയ നല്കൽ ആരംഭിക്കുന്നത്.

രണ്ടാമതായി, ദൈവത്തിന് നമ്മുടെ വഴിപാടുകൾ നൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. മലാഖി 3:10-11 ൽ, അവന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ എന്ന് കർത്താവ് നമ്മോട് കൽപ്പിക്കുന്നു. നമ്മുടെ വരുമാനത്തിന്റെ പത്തിലൊന്ന് നൽകുകയോ നമ്മുടെ ആദ്യഫലങ്ങൾ സമർപ്പിക്കുകയോ ചെയ്യുമ്പോൾ, ദൈവം ആകാശത്തിന്റെ കിളിവാതിലുകൾ  തുറക്കുമെന്നും നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അനുഗ്രഹങ്ങൾ ചൊരിയുമെന്നും വാഗ്ദാനം ചെയ്യുന്നു. നമ്മുടെ സാമ്പത്തികം, ആരോഗ്യം, കുടുംബങ്ങൾ എന്നിവയെ സംരക്ഷിക്കുകയും വിനാശം വരുത്തുന്നവരെ ശാസിക്കുകയും ചെയ്യുന്നു. സുവിശേഷം നിമിത്തം ആയിരക്കണക്കിന് ആളുകളെ സ്പർശിക്കുന്ന ഫലഭൂയിഷ്ഠമായ നിലത്തേക്ക് നാം വിതയ്ക്കുമ്പോൾ, കർത്താവ് നമ്മുടെ വിത്തുകളെ വർദ്ധിപ്പിക്കുകയും സമൃദ്ധമായി നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നു. കൂടാതെ, യെശയ്യാവ് 58:7-8 ദരിദ്രർക്ക് കൊടുക്കാൻ നമ്മെ പഠിപ്പിക്കുന്നു - വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, നഗ്നരായവർക്ക് വസ്ത്രം ധരിപ്പിക്കുക, ഭവനരഹിതർക്ക് അഭയം നൽകുക. നാം ദരിദ്രരെ പരിപാലിക്കുമ്പോൾ ദൈവം നമ്മെ സുഖപ്പെടുത്തുകയും നമ്മുടെ നീതി പ്രകാശിപ്പിക്കുകയും തന്റെ മഹത്വത്താൽ നമ്മെ മൂടുകയും ചെയ്യുന്നു. 

അവസാനമായി, തന്റെ ദാസന്മാർക്ക് നൽകുന്നവരെ ദൈവം അനുഗ്രഹിക്കുന്നു. സാരെഫത്തിലെ വിധവ പ്രവാചകനായ ഏലിയാവിന് തന്റെ അവസാനത്തെ ഭക്ഷണം നൽകിയപ്പോൾ, ദൈവം അവളുടെ കുടുംബത്തെ ഭക്ഷണസാധനങ്ങൾ നൽകി അനുഗ്രഹിച്ചു (1 രാജാക്കന്മാർ 17:12-16). അതുപോലെ, നമുക്കുവേണ്ടി പ്രാർത്ഥിക്കുകയും രാജ്യത്തിനായി അധ്വാനിക്കുകയും ചെയ്യുന്ന ദൈവദാസരെ ആദരിക്കുമ്പോൾ ദൈവം നമുക്ക് പ്രത്യേക അനുഗ്രഹങ്ങൾ നൽകുന്നു. കർത്താവിനോടുകൂടെ നടക്കുന്ന വിശുദ്ധരെ ബഹുമാനിക്കാൻ സങ്കീർത്തനം 16:2-3  നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനാൽ, നമുക്ക് നമ്മുടെ ഹൃദയം യേശുവിന് സമർപ്പിക്കാം, നമ്മുടെ ദശാംശം അവന്റെ ശുശ്രൂഷയ്ക്ക് നൽകാം, ദരിദ്രർക്ക് നൽകാം, അവന്റെ ദാസന്മാർക്ക് നൽകാം. അപ്പോൾ കർത്താവ് നമ്മുടെ ജീവിതത്തിൽ-ആത്മീയമായും ശാരീരികമായും ഭൌതികമായും-അനുഗ്രഹങ്ങൾ കവിഞ്ഞൊഴുകാൻ ഇടയാക്കും. സന്തോഷത്തോടെ കൊടുക്കുന്നവരായി ജീവിക്കാൻ ദൈവം നിങ്ങൾക്ക് ഈ കൃപ നൽകട്ടെ.

PRAYER:
സ്നേഹവാനായ പിതാവേ, എന്നെ അനുഗ്രഹിക്കുന്ന അങ്ങയുടെ ഹൃദയത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഇന്ന് ഞാൻ എന്റെ ഹൃദയം പൂർണ്ണമായും അങ്ങേക്ക് സമർപ്പിക്കുന്നു. പാപത്തിൽ നിന്നും ഭയത്തിൽ നിന്നും ഭാരങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ. അങ്ങയുടെ സമാധാനവും സന്തോഷവും കൊണ്ട് എന്നെ നിറയ്ക്കണമേ. അങ്ങയുടെ ശുശ്രൂഷയ്ക്ക് ഞാൻ നൽകുമ്പോൾ എന്നെ അനുഗ്രഹിക്കണമേ. വിനാശം വരുത്തുന്നവരെ ശാസിക്കുകയും എന്റെ അനുഗ്രഹങ്ങൾ സംരക്ഷിക്കുകയും ചെയ്യണമേ. ദരിദ്രരെ ഓർക്കാനും അവരെ പരിപാലിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ ദാസന്മാരെ ഞാൻ മാനിക്കുന്നതുപോലെ എന്നെ മാനിക്കേണമേ. എന്റെ ജീവിതത്തിൽ സമൃദ്ധിയും രോഗശാന്തിയും കവിഞ്ഞൊഴുകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.